ബോളിവുഡ് സിനിമാ-ടെലിവിഷന്‍ സീരിയല്‍ മേഖലയില്‍ സജീവമായ നടിയാണ് മൗനി റോയ്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ സ്വദേശിയാണ് മൗനി. നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ അഭിനയ കരിയര്‍ ആരംഭിച്ചത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്' സീരീസ് മൗനിയ്ക്ക് പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു.'ബ്രഹ്മാസ്ത്ര' അടക്കം ചിത്രങ്ങളിലൂടെ പ്രമുഖയായ താരം താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്ന് പങ്ക് വച്ചിരിക്കുകയാണ്.ഒമ്പത് ദിവസം ആശുപത്രിയില്‍ ചിലവഴിച്ച മൗനി റോയ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ മൗനി, തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഒന്‍പത് ദിവസം താന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നുവെന്ന് മൗനി റോയ് പറയുന്നു. തനിക്ക് ഈ അവസ്ഥയില്‍ പിന്തുണ നല്കിയ അടുത്ത സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കും മൗനി റോയ് തന്റെ പോസ്റ്റില്‍ നന്ദി പറയുന്നു.
'9 ദിവസം ആശുപത്രിയില്‍ കിടന്നു. ഇതുവരെ അനുഭവിക്കാത്ത അനിശ്ചതത്വമായിരുന്നു. ഇപ്പോള്‍ വീട്ടിലേക്ക് മടങ്ങി. സുഖം പ്രാപിച്ച് വരികയാണ്. സന്തോഷകരമായ ആരോഗ്യകരമായ ജീവിതമാണ് പ്രശ്നങ്ങള്‍ക്ക് ശേഷം ആഗ്രഹിക്കുന്നത്. എന്നെ പരിപാലിക്കാനും ആശംസകളും സ്നേഹവും അയക്കാന്‍ വിലയേറിയ സമയം ചെലവഴിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് വലിയ നന്ദി. സൂരജ് നിങ്ങളെപ്പോലെ ആരുമില്ല. എല്ലാവര്ക്കും നന്ദി' - മൗനി റോയ് കുറിച്ചു.