മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ഹെലന്‍. അന്ന ബെന്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രം 2019ലാണ് പുറത്തിറങ്ങിയത്. 2020ല്‍ ഹെലന്റെ ഹിന്ദി റീമേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് അധികം അപ്‌ഡേറ്റുകള്‍ ഒന്നും വന്നിരുന്നില്ല. ഇപ്പോഴിത ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മിലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബര്‍ നാലിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജാന്‍വി കപൂര്‍ തന്നെയാണ് പോസ്റ്ററിലുള്ളത്. ജാന്‍വി കപൂറിനെ നായികയാക്കി മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബോണികപൂര്‍ ആണ് നിര്‍മാണം.'മിലി'. മാത്തുക്കുട്ടി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്.
മലയാളത്തിലേക്ക് മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് കൊണ്ടുവന്ന സിനിമയാണ് 'ഹെലന്‍'. കഥയിലെ പുതുമകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സര്‍വൈവല്‍ ത്രിലര്‍ ആയിരുന്നു ചിത്രം. 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മലയാളത്തിന് അഭിമാനമായി മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരവും ചിത്രം നേടി.
ഹെലന്‍ സിനിമയുടെ തമിഴ് പതിപ്പ് 'അന്‍പിര്‍ക്കിനിയാള്‍' ഈയിടെ പുറത്തിറങ്ങിയിരുന്നു. അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങളില്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനും അഭിനയിച്ചു. തമിഴില്‍ ശ്രദ്ധേയ സിനിമകളൊരുക്കിയ ഗോകുലായിരുന്നു സിനിമയുടെ സംവിധായകന്‍.