ജയ് ദേവ്ഗണ്‍ ചിത്രം ദൃശ്യം 2വിനേയും തബുവിന്റെ പ്രകടനത്തേയും പ്രശംസിച്ച് കങ്കണ റണാവത്ത്. ഭൂല്‍ ഭുലയ്യ 2വും ദൃശ്യം 2വും മാത്രമാണ് ഈ വര്‍ഷം വിജയിച്ച ഹിന്ദി സിനിമകളെന്നും രണ്ട് ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി തബു ഉണ്ടായിരുന്നുവെന്നും കങ്കണ പറഞ്ഞു. 50 പിന്നിട്ടിട്ടും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അവരെ അഭിനന്ദിക്കണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ പറഞ്ഞു.
ഈ വര്‍ഷം ബോളിവുഡില്‍ രണ്ടു ചിത്രങ്ങള്‍ മാത്രമാണ് വിജയിച്ചത്. ഭൂല്‍ ദുലയ്യ 2, ദൃശ്യം 2 എന്നിവയാണ് അത്. ഈ രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും കേന്ദ്ര കഥാപാത്രമായി തബു എത്തിയിരുന്നു. അവര്‍ ഒറ്റയ്ക്ക് ഹിന്ദി സിനിമ മേഖലയെ രക്ഷിച്ചു. അവരുടെ കഴിവും സ്ഥിരതയും ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അവരുടെ അമ്പതുകളില്‍ താരമൂല്യം നേടാനും സാധിച്ചത് അഭിനന്ദനാര്‍ഹമാണ്.
തബു പ്രചോദനമാണ്. സ്ത്രീകള്‍ക്ക് അവരുടെ ജോലിയോടുള്ള സമര്‍പ്പണത്തിന് കൂടുതല്‍ ബഹുമതി അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. കങ്കണ കുറിച്ചു. അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ദൃശ്യം 2വിന്റെ രണ്ടുദിവസത്തെ കളക്ഷന്‍ 36.97 കോടിയാണ്. ഭൂല്‍ ദുലയ്യ 2ല്‍ ഇരട്ട വേഷമാണ് തബുവിന്. അതേസമയം തുടര്‍ച്ചയായ പരാജയങ്ങളാണ് കങ്കണ ചിത്രങ്ങള്‍ നേരിടുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വിന്റെ റീമേക്കാണ് അജയ് ദേവ്ഗണ്‍ നായകനായി അതേ പേരില്‍ തന്നെ പുറത്തിറങ്ങിയത്. നേരത്തെ തന്നെ ചിത്രത്തിന്റെ ഒന്നാം ഭാഗവും റീമേക്ക് ചെയ്തിരുന്നു.നവംബര്‍ 18ന് റിലീസ് ചെയ്ത ദൃശ്യം 2 വാരാന്ത്യത്തോടെ 60 കോടിയിലധികമാണ് നേടിയത്. ഞായറാഴ്ച മാത്രം 27 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.