മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. സ്‌ക്രീനിലെ പ്രണയം ജീവിതത്തിലേക്കും ഇരുവരും പകര്‍ത്തിയിരുന്നു. ഇവരെ ഇന്നും മാതൃക ദമ്പതികളായാണ് വിശേഷിപ്പിക്കാറുള്ളത്. വിവാഹ ശേഷം സിനിമ വിട്ട സംയുക്ത കുടുംബകാര്യങ്ങളും യോഗ പഠനവുമായി തിരക്കിലാണ്. എന്നാൽ ഇപ്പോൾ സിനിമയിൽ സജീവമാണ് ബിജു മേനോൻ. മഴയിലൂടെ തുടങ്ങിയ ഇരുവരുടെയും ഇഷ്ടം മേഘമല്‍ഹാറിലെത്തിയപ്പോള്‍ പ്രണയമായി മാറി എന്ന് ഒരിക്കൽ ബിജു മേനോന്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇവരുടെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്
സംവിധായകനായ കമല്‍.
ഓണ്‍സ്‌ക്രീനിലെ താരജോഡികളില്‍ പലരും ആ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയിട്ടുണ്ട്. ചിലര്‍ ഇടയ്ക്ക് വെച്ച് വഴിപിരിഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ഇന്നും മികച്ച കെമിസ്ട്രി നിലനിര്‍ത്തി മുന്നേറുകയാണ്. പ്രണയിച്ച് വിവാഹിതരായ താരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ആ ലിസ്റ്റില്‍ ഇടംപിടിക്കുന്നവരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഭാര്യയും ഭര്‍ത്താവുമായും അല്ലാതെയുമൊക്കെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. മേഘമല്‍ഹാര്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഇവരുടെ പ്രണയം ശക്തിപ്പെട്ടതെന്ന് കമല്‍ പറയുന്നു.
സംയുക്തയും ബിജു മേനോനും തമ്മില്‍ പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്ക് ആദ്യം എതിര്‍പ്പായിരുന്നു. സംയുക്തയുടെ വീട്ടുകാരുടെ എതിര്‍പ്പ് മാറിയത് പിന്നീടായിരുന്നു. സംയുക്തയെ കാണുന്നതിനായി ബിജു മേനോന്‍ ആ പരിസരത്തൂടെ കറങ്ങുന്നത് സ്ഥിരമാക്കിയതോടെയായിരുന്നു വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടക്കത്തില്‍ എതിര്‍ത്തവരെല്ലാം പിന്നീട് ഇരുവരേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു.
ലെനിന്‍ രാജേന്ദ്രന്റെ ‘മഴ' എന്ന സിനിമയ്ക്ക് ശേഷം ബിജുവും സംയുക്തയും നേരെ വരുന്നത് എന്റെ സിനിമയുടെ ലൊക്കേഷനിലേക്കാണ്. മഴ എന്ന ചിത്രത്തില്‍ അവര്‍ ഒന്നിച്ചുള്ള സീനുകള്‍ കുറവാണ്. പക്ഷെ ബിജു എന്നോട് പറഞ്ഞത് അറിയാതെ ഒരു ഇഷ്ടം ആ സമയത്ത് സംയുക്തയോട് തോന്നിയിരുന്നു എന്നാണെന്ന് കമല്‍ പറയുന്നു. പക്ഷെ ‘മേഘമല്‍ഹാര്‍' എന്ന സിനിമയില്‍ എത്തിയപ്പോള്‍ ആ കഥയുടെ മൂഡ് ഇവരുടെ പ്രണയത്തെ ഭയങ്കരമായി സഹായിച്ചു.
ബിജുമേനോന്റെയും സംയുക്തയുടെയും പ്രണയം എനിക്ക് മേഘമല്‍ഹാറിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ മനസിലായിരുന്നു. ബസില്‍ ഇവര്‍ രണ്ട് പേരും ഇരിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഒരു സീറ്റില്‍ ബിജുവും സംയുക്തയും ഇരിക്കുന്നു, ഞങ്ങള്‍ ദൂരെ പുറത്ത് ക്യാമറ വച്ചിരിക്കുകയാണ്. ഞാന്‍ ഫ്രെയിം നോക്കാനായിട്ട് ക്യാമറയില്‍ കൂടി സൂം ചെയ്തു നോക്കുമ്പോള്‍ ഇവര്‍ രണ്ടുപേരും തമ്മിലുള്ള നോട്ടത്തില്‍ എനിക്ക് കാര്യം പിടികിട്ടി". കമല്‍ പറയുന്നു.