കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ സിനിമ മേഖലയില്‍ നടക്കുന്ന നിരവധി തട്ടിപ്പുകള്‍ക്ക് എതിരെ കടിഞ്ഞാന്‍ ഇടാന്‍ വേണ്ടി രംഗത്ത് എത്തിയിരിക്കുകയാണ് ഫെഫ്ക. കാസ്റ്റിങ് കൗച്ച് റജിസ്ട്രേഷന്‍ എന്ന പേരില്‍ നടക്കുന്നത് തട്ടിപ്പ് ആണെന്നും അത് ഒരു രീതിയിലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. അതോടൊപ്പം ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച നടനെതിരെ ഫെഫ്കയ്ക്ക് പരാതി നല്‍കിയിട്ട് നടപടി ഉണ്ടായില്ല എന്ന ആരോപണവും ബൈജുവിന്റെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു.
ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലൂടെ
'മലയാള സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ നടന്നിട്ടുള്ളതും അക്രമസംഭവങ്ങള്‍ നടന്നിട്ടുള്ളതും കാസ്റ്റിങ് കൗച്ച് പേരിലാണ്. എന്തിന്റെ പേരിലായാലും അവരെ വെള്ളപൂശാനുള്ള ഒരു മറയായി ഫെഫ്ക്ക എന്ന സംഘടനയ്ക്ക് ലക്ഷങ്ങള്‍ റജിസ്ട്രേഷന്‍ ഫീസായി വാങ്ങാനുള്ള ഒരു തന്ത്രമാണ് ഇത്. കാസ്റ്റിങ് കൗച്ചിനെ ലൊക്കേഷനില്‍ എവിടെ കണ്ടാലും കൈകാര്യം ചെയ്യുമെന്ന് പറഞ്ഞത് മാക്ട ഫെഡറേഷന്‍ ആണ്. അത് ഇനിയും തുടരും.
പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ കഴിയുന്നവരും പുറത്തുള്ളവരും ആയ രണ്ടുമൂന്നു പേര്‍ ഫെഫ്കയുടെ അംഗങ്ങളാണ്. ചാലക്കുടിയില്‍ ഒരു സ്ത്രീയെ പട്ടാപ്പകല്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിലെ ഒന്നാംപ്രതി ഫെഫ്ക്ക ഡ്രൈവേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ആണ്. സിനീഷ് എന്ന മുത്തു ആണ് അതിലെ പ്രതി. വാഗമണ്ണില്‍ സിനിമ ചിത്രീകരണത്തിനിടെ ഒരു മേക്കപ്പ് ലേഡിയേ മുറിയിലിട്ട് പൂട്ടിയത് ഫെഫ്ക്ക എന്ന യൂണിയനിലെ പ്രമുഖ പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ആണ്. ഒരു നടിയെ ബലമായി കടന്നുപിടിച്ച് അപമാനിക്കാന്‍ ശ്രമിച്ച നടനെതിരെ ഫെഫ്കയ്ക്ക് പരാതി കൊടുത്തു എന്നറിയുന്നു. ഇത്രയും നാളായിട്ട് എന്തെങ്കിലും നടപടി ഉണ്ടായോ?
കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ അപമാനിക്കാന്‍ ശ്രമിച്ചു, ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയനിലെ ഒരു പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ്. എന്നിട്ട് എന്താണ് നടപടി ഉണ്ടായത്. സ്ത്രീകള്‍ക്ക് അപമാനം നേരിടുന്നു എന്ന് തോന്നിയാല്‍ അറിയിക്കേണ്ടത് പൊലീസിനെയാണ്. അല്ലാതെ പെരും കള്ളന്മാരെ അല്ല. മാക്ട ഫെഡറേഷന്‍, കാസ്റ്റിങ് കൗച്ച് എന്നപേരില്‍ പറയപ്പെടുന്ന മൂന്നാംകിട മാമാ പണി ചെയ്യുന്നവരെ അംഗീകരിക്കുന്ന പ്രശ്നമേയില്ല.
ഞങ്ങളുമായി ബന്ധപ്പെടുന്ന ലൊക്കേഷനുകളില്‍ ഇവര്‍ അതിക്രമം കാട്ടിയാല്‍ കൈകാര്യം ചെയ്യുമെന്ന് ഉറപ്പാണ്. നിര്‍മാതാക്കളും, ഫിലിം ചേംബറും, അമ്മ അംഗങ്ങളും ഇതിനെ ശക്തമായി എതിര്‍ക്കണം. നിര്‍മാതാക്കള്‍ക്ക് വീണ്ടും അധിക ബാധ്യതയാകുന്ന ഈ കൊള്ളയ്ക്കെതിരെ പ്രതികരിക്കണം. സാമൂഹ്യവിരുദ്ധരെ ഒരു സംഘടനയിലും വച്ച് പൊറുപ്പിക്കരുത് 5.7.2020-ല്‍ മാക് ഓഫീസില്‍ ചേര്‍ന്ന അവൈലബിള്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. അതോടൊപ്പം നിര്‍മ്മാതാക്കളുടെയും ഫിലിം ചേംബറിന്റെയും സിനിമയില്‍ ശമ്ബളം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെ മാക്ട ഫെഡറേഷന്‍ സ്വാഗതം ചെയ്തു.'