കിടങ്ങൂരിലെ പ്രശസ്ത ഡോക്ടര്‍;ബൈജു ഡോക്ടറെ നാടറിയും, മമിത ബൈജുവിന്റെ അച്ഛനെന്നു പറഞ്ഞാല്‍ നിങ്ങളറിയും; നടി മീനാക്ഷി കുടുംബഡോക്ടറെ പരിചയപ്പെടുത്തിയത് ഇങ്ങനെ

Malayalilife
 കിടങ്ങൂരിലെ പ്രശസ്ത ഡോക്ടര്‍;ബൈജു ഡോക്ടറെ നാടറിയും, മമിത ബൈജുവിന്റെ അച്ഛനെന്നു പറഞ്ഞാല്‍ നിങ്ങളറിയും; നടി മീനാക്ഷി കുടുംബഡോക്ടറെ പരിചയപ്പെടുത്തിയത് ഇങ്ങനെ

മമിതാ ബൈജുവെന്ന നടിയെ കുറിച്ച് പറയുവാന്‍ പ്രത്യേക ആമുഖങ്ങളൊന്നും ആവശ്യമില്ല നമുക്ക്. പ്രേമലുവിലെ സൂപ്പര്‍ പെര്‍ഫോമന്‍സ് അടക്കം ചെറിയ സിനിമകളില്‍ തുടങ്ങി ഇന്ന് സൂപ്പര്‍ താരമായി മാറിയ മമിതയുടെ വരവിന് പിന്നില്‍ കഷ്ടപ്പാടും ബുദ്ധിമുട്ടുകളുമെല്ലാമുണ്ട്. കോട്ടയത്തെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച മമിതയുടെ വീട് അച്ഛനും അമ്മയും ചേട്ടനും അമ്മാമ്മയും ഒക്കെ അടങ്ങുന്ന ഒരു ചെറിയ കുടുംബമായിരുന്നു. അച്ഛന്‍ നാടറിയുന്ന ഡോക്ടറായിരുന്നു. ഡോ. ബൈജുവിന്റെ മക്കളെന്നാണ് ചെറുപ്പത്തില്‍ അറിയപ്പെട്ടതെങ്കില്‍ ഇപ്പോള്‍ മമിതയുടെ അച്ഛനും അമ്മയുമായാണ് ഡോ. ബൈജുവും ഭാര്യയും അറിയപ്പെടുന്നത്. എങ്കിലും മമിതയുടെ കുടുംബവുമായി നടി മീനാക്ഷി അനൂപിനുള്ള ബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചയാകുന്നത്. അതിനു കാരണമായത് മീനാക്ഷിയുടെ കുറിപ്പും.

ഇന്നലെ ജൂലൈ 1, ദേശീയ ഡോക്ടര്‍ ദിനമായിരുന്നു. രാജ്യത്തെ ഡോക്ടര്‍മാരുടെ പ്രതിബദ്ധതയും കാരുണ്യവും സേവനവുമൊക്കെ ആദരിക്കുന്നതിനായാണ് ഈ ദിനം ആചരിച്ച് വരുന്നത്. ആ ദേശീയ ഡോക്ടര്‍ ദിനത്തില്‍ നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ കുറിപ്പ് ഇങ്ങനെയാണ്: ''ഇതെന്റെ പ്രിയ ഡോക്ടര്‍. ഡോ. ബൈജു.. ബൈജു ഡോക്ടര്‍ എന്നു പറഞ്ഞാല്‍ ഈ നാടങ്ങുമറിയും. പക്ഷേ നമ്മുടെ പ്രിയ താരം മമിത ബൈജുവിന്റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരുമറിയും... ഈ ഡോക്ടര്‍ ദിനത്തില്‍.. ഈ പ്രിയ ഡോക്ടറെക്കുറിച്ച് രണ്ടു വാക്ക് പറയാതെങ്ങനെ... കാണാന്‍ കയറിച്ചെല്ലുമ്പോള്‍ ...നിറഞ്ഞ് ചിരിച്ച് സ്നേഹം നിറച്ച് ഒരു ചോദ്യമുണ്ട്... 'എന്നാടീ കുഞ്ഞെ' സത്യം പറഞ്ഞാല്‍ അതോടെ സകല അസുഖവും പമ്പ കടക്കും.

എല്ലാവരോടും ഇങ്ങനെ തന്നെ സ്നേഹത്തോടെ പെരുമാറുന്ന ഡോക്ടര്‍. ഡോക്ടറെക്കുറിച്ച് പറയാന്‍ അറിയുന്നവര്‍ക്ക് നൂറ് നാവാണ്. ഞങ്ങളുടെ ഫാമിലി ഡോക്ടര്‍.. എന്റെ കൊച്ഛച്ചനെ ഞാന്‍ വിളിക്കുന്നത് 'ഡു' എന്നാണ്. 'ഡു'വാകട്ടെ ബൈജു ഡോക്ടറിന്റെ കട്ട ഫാനും.. (ഡോ. ബൈജു... ഹോസ്പിറ്റല്‍ 'മെരിറ്റസ് .. കിടങ്ങൂര്‍ സൗത്ത് കോട്ടയം). ഈ ഡോക്ടര്‍ ദിനത്തില്‍ എന്റെ പ്രിയപ്പെട്ട മറ്റൊരു ഡോക്ടറെ കൂടി ഓര്‍മിക്കട്ടെ ഡോ. ഹരികുമാര്‍ ... പീഡിയാട്രീഷന്‍ കുമ്മണ്ണൂര്‍ ... ഒപ്പം ഈയവസരത്തില്‍ നന്മയുടെ... മനുഷ്യത്വത്തിന്റെ... പക്ഷമായി നിലകൊണ്ട ഡോ. ഹാരിസ് ചിറക്കലിന് ഹൃദയം തൊട്ട് അഭിവാദ്യങ്ങള്‍.'' ഇങ്ങനെയാണ് മീനാക്ഷി തന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

മമിതയുടെ അച്ഛന്‍ ഡോ. ബൈജുവിനെ മീനാക്ഷി അനൂപ് പരിചയപ്പെടുത്തിയപ്പോള്‍ നിരവധി പേരാണ് പോസ്റ്റിനു താഴെ ബൈജു ഡോക്ടറോടുള്ള സ്നേഹവും ആദരവും പങ്കുവെക്കുന്നത്. ദേശീയ ഡോക്ടര്‍ ദിനത്തിലാണ് പ്രിയപ്പെട്ട ഡോക്ടര്‍മാരെ പരിചയപ്പെടുത്തുന്ന പോസ്റ്റുമായി മീനാക്ഷി എത്തിയത്. മമിതയെപ്പോലെ നിറയെ ആരാധകരുള്ള ഒരു താരമാണ് ഡോ. ബൈജുവെന്ന് മീനാക്ഷി പറയുന്നു. കോട്ടയം കിടങ്ങൂരുകാരാണ് മമിതയും കുടുംബവും. 2017ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലാക്കാരന്‍ ആണ് മമിതയുടെ ആദ്യചിത്രം. പിന്നീട് ഹണി ബീ2, ഡാകിനി, വരത്തന്‍, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, വികൃതി, ഓപ്പറേഷന്‍ ജാവ, രണ്ട്, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം, രാമചന്ദ്ര ബോസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മമിത വേഷമിട്ടു. തുടര്‍ന്നുവന്ന, പ്രേമലു എന്ന ചിത്രം മമിതയെ സൗത്തിന്ത്യയിലും പ്രശസ്തയാക്കി.

റിബല്‍ എന്ന ചിത്രത്തിലൂടെ മമിത തമിഴിലും അരങ്ങേറ്റം കുറിച്ചു. ഡിയര്‍ കൃഷ്ണ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് മമിത. മലയാളത്തില്‍ പ്രേമലുവിന്റെ രണ്ടാം ഭാഗവും മമിതയെ കാത്തിരിപ്പുണ്ട്.

Read more topics: # മമിതാ ബൈജു
meenakshi anoop introduces mamitai baijus father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES