അടുത്ത വര്‍ഷം റിലീസിനൊരുങ്ങുന്ന പ്രഭാസിന്റെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ആദിപുരുഷ്. ഓം റൗട്ട് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ബാഹുബലിയ്ക്ക് ശേഷം വിജയ ചിത്രങ്ങള്‍ ഒന്നും തന്നെ ലഭിക്കാതിരുന്ന പ്രഭാസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. രാമായണത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പ്രഭാസ് ശ്രീരാമന്റെ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ ഇന്ന് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതോടെ ആ പ്രതീക്ഷകള്‍ക്ക് വലിയ രീതിയില്‍ തന്നെ കോട്ടം സംഭവിച്ചതായുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്,
പ്രഭാസും സെയ്ഫ് അലി ഖാനും കൃതി സനോണും അടക്കം മികച്ച താരനിര തന്നെയുള്ള ചിത്രത്തിന്റെ ടീസര്‍ റിലീസ് അയോദ്ധ്യയിലെ സരയൂ നദിക്കരയില്‍ വെച്ചാണ് നടന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ടീസറിനെ കളിയാക്കി കൊണ്ടുള്ള പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു.
500 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന്റെ മോശം വി എഫ് എക്‌സ് വര്‍ക്കുകളായിരുന്നു വിമര്‍ശനത്തിന് പ്രധാന കാരണം. പോഗോ ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് പകര്‍പ്പാവകാശം വിറ്റ് പോയത് എന്നതടക്കമുള്ള അടിക്കുറിപ്പുകളുമായാണ് പലരും ടീസറിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.