ദീപിക പദുക്കോൺ നായിക വേഷത്തിൽ എത്തിയ ‘ഗെഹരായിയാൻ’ മോശം സിനിമയാണെന്ന് പറഞ്ഞ് നടി കങ്കണ റണാവത്ത് രംഗത്ത്. കഴിഞ ഫെബ്രുവരി 11ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതിനിടയിലാണ് ചിത്രത്തിന് വിമർശനവുമായി കങ്കണ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു കങ്കണയുടെ പ്രതികരണം.
ചിത്രത്തെ ‘ചവർ’ എന്ന് വിളിച്ചുകൊണ്ടായിരുന്നു കങ്കണയുടെ പോസ്റ്റ്. “ഞാനും ഒരു മില്ലിനിയലാണ്, പക്ഷേ ഇത്തരത്തിലുള്ള പ്രണയ ബന്ധത്തെ ഞാൻ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു… മില്ലിനിയൽ/പുതുയുഗം/അർബൻ സിനിമകൾ എന്ന പേരിൽ ചവറുകൾ വിൽക്കരുത്. മോശം സിനിമകൾ മോശം സിനിമകൾ തന്നെയാണ്, പോണോഗ്രഫിക്ക് പോലും അതിനെ സംരക്ഷിക്കാൻ കഴിയില്ല… ഇതൊരു അടിസ്ഥാന വസ്തുതയാണ്, ആഴത്തിൽ ചിന്തിക്കേണ്ട കാര്യമൊന്നുമില്ല” എന്നായിരുന്നു കങ്കണ കുറിച്ചത്. കങ്കണയുടെ പോസ്റ്റ് ‘ഹിമാലയ് കി ഗോഡ് മേ’ (1965) എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോയും പങ്കുവച്ചുകൊണ്ടായിരുന്നു .
ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത് അലിഷ എന്ന കഥാപാത്രത്തെയാണ്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും, ദീപികയുടെ കരിയറിലെ മികച്ച പ്രകടനമാണ് ചിത്രത്തിലേത് എന്നാണ് പൊതു അഭിപ്രായം. സിദ്ധാന്ത് ചതുര് വേദി, അനന്യ പാണ്ഡേ, ധൈര്യ കർവ, നസീറുദ്ദീൻ ഷാ, രജത് കപൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.