ചലച്ചിത്ര-ടിവി താരം ഛവി മിത്തലിനെ ഏവർക്കും സുപരിചിതമാണ്. നിരവധി കഥാപാത്രങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് ഏറെ സുപരിചിതവുമാണ്. എന്നാൽ ഇപ്പോൾ താരം സ്തനാർബുദത്തിനെതിരെ പോരാടുകയാണ്. ഛവി അസുഖത്തെ എങ്ങനെയാണ് താൻ കൈകാര്യം ചെയ്യുന്നതെന്ന് പറയാൻ വികാരനിർഭരവും പ്രചോദനപരവുമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇത് കൈകാര്യം ചെയ്യുന്നത് തനിക്ക് എളുപ്പമല്ലെന്നും എന്നാൽ അതിനോട് പോരാടുകയാണെന്നും താരം കുറിച്ചിരുന്നു. ക്യാൻസറിനെ അതിജീവിച്ചവരെ അഭിനന്ദിച്ച നടി, തന്നെ പിന്തുണച്ച സുഹൃത്തുക്കൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
അനസ്തീഷ്യോളജിസ്റ്റ് കണ്ണുകളടച്ച് എന്തെങ്കിലും നല്ല കാര്യത്തെക്കുറിച്ച് ചിന്തിക്കൂ എന്നു പറഞ്ഞപ്പോൾ സമ്പൂർണ ആരോഗ്യത്തോടെയുള്ള മനോഹരമായ തന്റെ സ്തനങ്ങളാണ് മനസ്സിൽ കണ്ടത്. പിന്നെ തനിക്ക് അറിയുന്നത് കാൻസർ മുക്തമായി എഴുന്നേറ്റു എന്നതുമാത്രമാണ്. നിരവധി പ്രക്രിയകൾ ഉൾപ്പെട്ട ആറുമണിക്കൂർ നീണ്ട സർജറിയാണ് കഴിഞ്ഞത്. അതു മെച്ചപ്പെടും എന്നും മോശം അവസ്ഥ കഴിഞ്ഞു എന്നതുമാണ് വലിയ കാര്യം.
എല്ലാവരുടെയും പ്രാർഥനകൾ തനിക്ക് വേണ്ട സമയമാണിത്, കാരണം താൻ ഏറെ വേദനയിലാണ് ഇപ്പോൾ. മുഖത്ത് ഒരു പുഞ്ചിരിയോടെ പോരാടി വിജയിച്ച യുദ്ധത്തെ ഈ വേദന ഓർമിപ്പിക്കുന്നു. എല്ലാവരുടെയും സന്ദേശങ്ങൾ തന്റെ കണ്ണുകളെ ഈറനണിയിക്കുന്നുണ്ട്. പ്രാർഥനകൾ നിർത്താനുള്ള സമയമായിട്ടില്ല.