Latest News

അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴുക എന്നുള്ളതായിരുന്നു അമ്മയുടെ ആഗ്രഹം; ഞാന്‍ കളിയാക്കും: സിദ്ധാര്‍ത്ഥ്

Malayalilife
  അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴുക എന്നുള്ളതായിരുന്നു അമ്മയുടെ ആഗ്രഹം; ഞാന്‍ കളിയാക്കും: സിദ്ധാര്‍ത്ഥ്

കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരമാണ് കെപിഎസി ലളിത. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ വിയോഗ വാർത്ത ഏവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒന്നായിരുന്നു. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആണ് താരം അനശ്വരമാക്കി മാറ്റിയതും. എന്നാൽ ഇപ്പോൾ കെ .പി.എ.സി.ലളിതയെ കുറിച്ച് മകൻ സിദ്ധാർഥ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴുക എന്നുള്ളതായിരുന്നു അമ്മയുടെ ആഗ്രഹം എന്നാല്‍ ഞാന്‍ അമ്മ പറയുന്നത് പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു. അമ്മ അങ്ങനെ പറയുമ്പോള്‍ ഞാന്‍ കളിയാക്കി വിടും. പക്ഷേ അമ്മയുടെ ജീവിതം അതുപോലെയാണ് സംഭവിച്ചത് എന്നുതന്നെ പറയാം. അവസാന നിമിഷം വരെ, അഭിനയിക്കാന്‍ ശാരീരിക സ്ഥിതി അനുവദിക്കുന്നതുവരെ അമ്മ അഭിനയിച്ചു. അങ്ങനെ നോക്കുമ്പോള്‍ അമ്മ ഒരു അനുഗൃഹീതകലാകാരിയാണ് . ഇങ്ങനെ ആഗ്രഹം പ്രകടിപ്പിക്കുന്ന ചിലരുണ്ട്. അലന്‍സിയര്‍ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അപ്പൊ ഞാന്‍ പുള്ളിയോട് ചോദിക്കും, എന്റെ അമ്മയ്ക്ക് ഈ അസുഖമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്കും തുടങ്ങിയോ. അഭിനയത്തോടുള്ള പാഷന്‍ ആയിരിക്കും ഇങ്ങനെയുള്ള കലാകാരന്മാരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

അമ്മ ഒരു സ്വതന്ത്ര വ്യക്തിയായിരുന്നു. മക്കളാണെങ്കിലും അമ്മയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ ഞങ്ങള്‍ക്കൊരു പരിധി ഉണ്ടായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ നീ പോടാ എന്ന് പറയും. അവിടെത്തീര്‍ന്നു. അമ്മ ചെറുപ്പം മുതല്‍ സ്വയം വളര്‍ന്നുവന്ന ആളാണ്. കല്യാണം കഴിഞ്ഞ് അമ്മ അച്ഛന്റെ പടത്തില്‍ അഭിനയിക്കുമ്പോള്‍പ്പോലും ലളിത ഭരതന്‍ എന്ന് അച്ഛന്‍ ഒരിക്കലും ക്രെഡിറ്റ്‌സില്‍ വച്ചിട്ടില്ല. നീ അങ്ങനെ തന്നെ അറിയപ്പെടണം എന്നുള്ളത് അച്ഛന്റെയും ആഗ്രഹമായിരുന്നു. അച്ഛന്റെ ആ പിന്തുണ ഉള്ളതുകൊണ്ടാണ് അമ്മ സ്വതന്ത്ര വ്യക്തിയായി ജീവിച്ചത്. അതുകൊണ്ടാണ് അച്ഛന്‍ വീണുപോയപ്പോള്‍ അമ്മയ്ക്ക് ഞങ്ങളെ നോക്കാന്‍ പറ്റിയത്. അച്ഛന്റെ മരണത്തിനു ശേഷം അമ്മ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റു. ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളുമൊന്നും അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ഞങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് അമ്മയ്ക്ക് വേണ്ട പിന്തുണ കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

അസുഖമായപ്പോഴും അമ്മ തീപ്പൊരി തന്നെയായിരുന്നു. നീ എന്നെ ഇവിടെ പിടിച്ചിരുത്തരുത്, ഇരുന്നുപോയാല്‍ പോയി. മരുന്നൊക്കെ കഴിച്ചു ഞാന്‍ റെഡി ആയിക്കൊള്ളാംഎന്നുപറയും. കോവിഡ് വന്നപ്പോള്‍ അമ്മ പുറത്തുപോകുന്നത് എനിക്ക് ചിന്തിക്കാന്‍ വയ്യാത്ത കാര്യമായിരുന്നു. അത്തരം നിയന്ത്രണങ്ങള്‍ അമ്മയ്ക്ക് ബുദ്ധിമുട്ടായി. കുട്ടികളെപ്പോലെ വാശിപിടിച്ചിരുന്നു. കോവിഡ് വന്നു ചുറ്റിലുമുള്ള ചിലര്‍ മരിച്ചപ്പോഴാണ് അമ്മയ്ക്ക് അസുഖത്തിന്റെ ഗൗരവം മനസ്സിലായത്. പതിനാറ് വയസ്സ് മുതല്‍ തുടങ്ങിയ അഭിനയജീവിതമാണ്. അത് പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിന്നുപോകുന്നത് അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സിനിമാ സെറ്റും ബഹളവുമൊക്കെയായിരുന്നു അമ്മയുടെ ജീവിതം. അത് ഇല്ലാതായത് അമ്മയെ മാനസിക സമ്മര്‍ദ്ദത്തിലാക്കി.

എനിക്ക് അപകടമുണ്ടായപ്പോള്‍ അമ്മയുടെ മനോഭാവമാണ് എന്നെ വിസ്മയിപ്പിച്ചത്. നീ വീണു കാലൊടിഞ്ഞു. അത് ശരിയാക്കിയിട്ട് പെട്ടെന്ന് തിരിച്ചുവരിക. എന്നായിരുന്നു അമ്മയുടെ ഭാവം. ഞാന്‍ മുടന്തി നടക്കുന്നത് കണ്ടപ്പോള്‍ ;ഇനി വീട്ടിലിരിക്കണ്ട, നീ എളുപ്പം ജോലിയിലേക്ക് തിരികെ പ്രവേശിക്കണം എന്ന് പറഞ്ഞു. അങ്ങനെയാണ് പെട്ടെന്നൊരു സിനിമ ചെയ്യാന്‍ എനിക്ക് കഴിഞ്ഞത്. അമ്മയുടെ ആ പ്രചോദനം ജീവിതത്തിലേക്ക് തിരികെവരാന്‍ എന്നെ പ്രാപ്തനാക്കി. എനിക്ക് എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന ഒരു മുതിര്‍ന്ന സുഹൃത്തായിരുന്നു അമ്മ. അമ്മയോട് ഞാന്‍ ഒന്നും മറച്ചുവച്ചിട്ടില്ല. അമ്മ സുഖമില്ലാതെ ബോധം മറഞ്ഞു കിടക്കുമ്പോള്‍പ്പോലും ഞാന്‍ എല്ലാ കാര്യങ്ങളും അമ്മയോട് ചെന്നു പറയുമായിരുന്നു. അമ്മ ഞാന്‍ പറയുന്നതെല്ലാം കേള്‍ക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാന്‍ പറഞ്ഞുകൊണ്ടേയിരിക്കും അതുകേട്ടെങ്കിലും അമ്മയുടെ ഉള്ളില്‍ ഒരു സ്പാര്‍ക്ക് ഉണ്ടായാലോ. എന്റെ കലാപ്രവര്‍ത്തനങ്ങളില്‍ അമ്മ സന്തോഷവതിയായിരുന്നു. അവസാനം അമ്മ കണ്ട എന്റെ ചിത്രം ചതുരമാണ്. ആ ചിത്രം അമ്മയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അമ്മ ഇങ്ങനെ വീണുപോകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് അമ്മ അന്ന് ആ സിനിമയെക്കുറിച്ച് പറഞ്ഞതൊന്നും എടുത്തുവയ്ക്കാന്‍ പറ്റിയില്ല. പക്ഷേ ഞാന്‍ ചെയ്തതില്‍ ഏറ്റവും നല്ല ചിത്രം അതാണെന്ന് അമ്മ പറഞ്ഞു. ഒരു പരീക്ഷണാത്മകമായ സിനിമയായിരുന്നു അത് അമ്മയ്ക്കത് ഇഷ്ടപ്പെട്ടു എന്നത് എന്നെ സന്തോഷിപ്പിച്ചു. അമ്മ വര്‍ക്ക് ചെയ്തത് പത്മരാജന്‍ അങ്കിള്‍, എന്റെ അച്ഛന്‍ എന്നിവരോടൊക്കെയൊപ്പമാണ്, അവരുടെ ഗാങ്ങിന്റെ ഒരു ചിന്താമണ്ഡലം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അമ്മയ്ക്കറിയാം. എന്റെ ചിത്രം അമ്മ മനസ്സിലാക്കിയല്ലോ എന്ന ആശ്വാസമുണ്ട്.

Actor sidharth words about kpac lalitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES