ബോളിവുഡ് താരം രവീണ ടണ്ടന്‍ വിവാദത്തില്‍. സത്പുര ടൈഗര്‍ റിസേര്‍വ് സന്ദര്‍ശനത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് നടിയെ വിവാദ കുരുക്കിലാക്കിയത്. സഫാരിക്കിടെ കടുവയുടെ തൊട്ടരികിലൂടെ വണ്ടിയോടിച്ചതാണ് കാരണം. ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് സത്പുര ടൈഗര്‍ റിസര്‍വ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ചയാണ് നടി രവീണ ടണ്ടന്‍ താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചില ചിത്രങ്ങളും വിഡോയോയും പങ്കു വയ്ക്കുന്നത്. സത്പുര കടുവ സങ്കേതത്തില്‍ നിന്നുമെടുത്ത വീഡിയോകളും ചിത്രങ്ങളുമായിരുന്നു അവ. കാടിനുളളിലൂടെയുളള സഫാരിക്കിടെ എടുത്ത ചിത്രങ്ങളും വീഡിയോകളുമായിരുന്നു ഇത്. ഇതോടൊപ്പം പുല്‍മേട്ടിലൂടെ മരങ്ങള്‍ക്കിടയില്‍ കൂടി നടക്കുന്ന ഒരു കടുവയുടെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നാണ് ഇവ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.
ആ വിഡിയോ എടുത്തിരിക്കുന്നത് കടുവയുടെ വളരെ അടുത്തുനിന്നാണ്. ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ട്, ക്യാമറയ്ക്ക് നേരെ അലറുന്ന കടുവയാണ് വിഡിയോയിലുള്ളത്.എന്നാല്‍ പരാതികളെ തുടര്‍ന്ന് ഇത്രയും അരികില്‍ ചെന്ന് വീഡിയോ എടുത്ത വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ് അധികൃതര്‍. രവീണ വനത്തില്‍ എത്തിയ നവംബര്‍ 22 ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാഹന ഡ്രൈവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
എന്നാല്‍ താരം സഞ്ചരിച്ചിരുന്ന വാഹനം സഫാരി ട്രാക്കില്‍ തന്നെയായിരുന്നു എന്നാണ് അനൗദ്യോഗികമായി ഉളള അന്വേഷണങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മൃഗങ്ങള്‍ ഇത്തരത്തില്‍ അടുത്തു കൂടി പോകുന്നത് സാധാരണമാണെന്നും, ലൈസന്‍സുളള സഫാരി ജീപ്പില്‍ വനംവകുപ്പ് അനുവദിച്ച ഗൈഡും ഡ്രൈവറും ഉണ്ടായിരുന്നപ്പോഴാണ് വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയതെന്ന് നടി പറഞ്ഞതയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.