നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി ബോക്സ് ഓഫീസില്‍ വന്‍ നേട്ടമാണ് കൈവരിക്കുന്നത്. 600 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ഒരാഴ്ചയില്‍ തന്നെ 700 കോടി നേടി കഴിഞ്ഞു. പ്രേക്ഷകരും നിരൂപകരും ചിത്രത്തെ പ്രശംസിച്ചാണ് രംഗത്ത് എത്തിയത്. എന്നാല്‍ മഹാഭാരതം സീരിയലില്‍ ഭീഷ്മരായി എത്തിയ മുകേഷ് ഖന്ന സിനിമയില്‍ തൃപ്തനല്ല. പുരാണകഥകളെ മാറ്റുവാന്‍ കല്‍ക്കി 2898 എഡി അണിയറക്കാര്‍ ശ്രമിക്കുന്നു എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.
ശക്തിമാന്‍ സീരിയലിലെ ശക്തിമാനായി എല്ലാവര്‍ക്കും സുപരിചിതനായ മുകേഷ് ഖന്ന അതിന് മുന്‍പ് മഹാഭാരതത്തിലെ ഗംഭീര റോളിന്റെ പേരില്‍ ഏറെ പ്രശംസ നേടിയ താരമാണ്. ചൊവ്വാഴ്ച, മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കല്‍ക്കി 2898 എഡിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്.
അമിതാഭ് ബച്ചന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍ എന്നിങ്ങനെ വലിയ താര നിര അണിനിരന്ന കല്‍ക്കി 2898 എഡിയെക്കുറിച്ച് പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങള്‍ ശക്തിമാന്‍ താരം വീഡിയോയില്‍ മുന്നോട്ടു വച്ചു. ചിത്രത്തിന്റെ ആദ്യ പകുതി തീര്‍ത്തും ബോര്‍ ആണെന്നും. പുരാണകഥകള്‍ മാറ്റാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം, അവര്‍ സിനിമയിലെ പുരാണകഥകള്‍ മാറ്റാന്‍ ശ്രമിച്ചു എന്നതാണ്. തുടക്കത്തില്‍ നിങ്ങള്‍ കാണുന്നത് ശ്രീകൃഷ്ണന്‍ വന്ന് അശ്വത്ഥാമാവിന്റെ നെറ്റിയില്‍ നിന്ന് ശിവമണി എടുക്കുകയും,അശ്വത്ഥാമാവ് ഭാവിയില്‍ തന്റെ രക്ഷകനാകുമെന്ന് അവനോട് പറയുകയും ചെയ്യുന്നു. ഭഗവാന്‍ കൃഷ്ണന്‍ ഇത് ഒരിക്കലും പറഞ്ഞിട്ടില്ല' - മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു.
'നമ്മുടെ പുരാണങ്ങളില്‍ പോലും ഉള്‍പ്പെടാത്ത കാര്യങ്ങള്‍ നിങ്ങള്‍ സ്വന്തമായി ചേര്‍ക്കുന്നത് എന്തിനാണെന്ന്. അശ്വത്ഥാമാവിന്റെ നെറ്റിയിലെ ശിവമണി പാണ്ഡവര്‍ അര്‍ജുനും ഭീമനും ചേര്‍ന്ന് പുറത്തെടുത്ത് അത് ദ്രൗപതിക്ക് നല്‍കി. രാത്രിയുടെ മറവില്‍ പാണ്ഡവരുടെ പാളയത്തില്‍ പ്രവേശിച്ച് ദ്രൗപതിയുടെ അഞ്ച് പുത്രന്മാരെ കൊന്നതിന്റെ പ്രതികാരമായിരുന്നു അത്' - ഖന്ന കൂട്ടിച്ചേര്‍ത്തു.
'ഭാവിയില്‍ താന്‍ രക്ഷകനാകുമെന്ന് ഭഗവാന്‍ കൃഷ്ണന്‍ അശ്വത്ഥാമാവിനോട് പറഞ്ഞിട്ടില്ല, താന്‍ കല്‍ക്കിയായി ജനിക്കുമെന്ന് പറഞ്ഞിട്ടുമില്ല. ഈ വിഷയങ്ങളില്‍ എനിക്ക് എതിര്‍പ്പുണ്ട്, ഓരോ സനാതന ഹിന്ദുവിനും ഇതില്‍ എതിര്‍പ്പ് ഉണ്ടായിരിക്കണം. ആദിപുരുഷില്‍ പോലും നിങ്ങള്‍ ഞങ്ങളുടെ ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങളെ കളിയാക്കി. പികെയില്‍ നിങ്ങള്‍ ശിവനെ ഓടിച്ചു. നിങ്ങള്‍ ഞങ്ങളുടെ മതവുമായി കലഹിക്കുന്നു. 2898 എ ഡി കല്‍ക്കിയില്‍ പോലും, നിങ്ങള്‍ എടുത്ത സ്വാതന്ത്ര്യം, താന്‍ കല്‍ക്കിയായി ജനിക്കുമെന്ന് കൃഷ്ണന്‍ എവിടെയാണ് പറഞ്ഞതെന്ന് എനിക്ക് കാണിച്ചുതരൂ' - മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യന്‍ സിനിമകള്‍ വലിയ വിജയമാകുവാന്‍ കാരണം അവ മതത്തെ പ്രശ്‌നത്തിലാക്കുന്നില്ല. സിനിമയില്‍ നിങ്ങള്‍ സ്വയം പറയുന്ന മാറ്റങ്ങള്‍ ഒരു മതത്തിന് വേണ്ടി മാത്രമുള്ളതാണ്. രാമായണം, ഗീത, മറ്റ് പുരാണ വിഷയങ്ങള്‍ എന്നിവയില്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ മേല്‍നോട്ടം വഹിക്കാനും സിനിമയുടെ തിരക്കഥയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്ന ഒരു സമിതി സര്‍ക്കാര്‍ തലത്തില്‍ വേണമെന്നും മുകേഷ് ഖന്ന പറഞ്ഞു.
പ്രഭാസ് നായകനായി അമിതാഭ് ബച്ചന്‍, കമല്‍ ഹസന്‍, ദീപിക പദുക്കോണ്‍, വിജയ് ദേവരകൊണ്ട,? ദുല്‍ഖര്‍ സല്‍മാന്‍. അന്ന ബെന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'കല്‍ക്കി 2898 എ.ഡി'. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം ജൂണ്‍ 27നാണ് റിലീസ് ചെയ്തത്. ലോകമാകെ എട്ട് ദിവസം കൊണ്ട് 700 കോടിയിലധികം രൂപയാണ് ചിത്രം കളക്ട് ചെയ്തത്.