സംവിധായകന്‍ മാരിസെല്‍വരാജിനെതിരെ കോപ്പിയടി ആരോപണം. എഴുത്തുകാരന്‍ ചോ- ധര്‍മ്മന്‍ ആണ് മാരിസെല്‍വരാജിന്റെ ഏറ്റവും പുതിയ ചിത്രമായ 'വാഴൈ'യ്‌ക്കെതിരെ കോപ്പിയടി ആരോപണവുമായി രംഗത്തെത്തിയത്. വാഴൈ എന്ന ചിത്രത്തിന്റെ കഥ തന്റെ 'നീര്‍പാളി' എന്ന ചെറുകഥ സമാഹാരത്തില്‍ നിന്നും എടുത്തതാണെന്നാണ് ചോ ധര്‍മ്മന്‍ പറയുന്നത്.
'പത്ത് വര്‍ഷം മുന്‍പ് ഞാന്‍ എഴുതിയ ചെറുകഥയായ 'വാഴൈയടി'യാണ് ഇപ്പോള്‍ സിനിമയായിരിക്കുന്നത്. സിനിമ ഇറങ്ങിയതിന് പിന്നാലെ നിരവധി സുഹൃത്തുക്കളും വായനക്കാരും എന്നെ വിളിച്ചു, അതുകൊണ്ടാണ് ഞാന്‍ സിനിമ കണ്ടത്.'' ചോ ധര്‍മ്മന്‍ പറയുന്നു.
ചോ ധര്‍മ്മന്റെ സഹോദരനും മാതൃ സഹോദരനും ജനിച്ച തിരുവായിക്കുണ്ട ത്തിനടുത്തുള്ള പൊന്നങ്കുറിശ്ശിയിലുള്ള മനുഷ്യരുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് താന്‍ കഥയെഴുതിയതെന്നും, സിനിമ പോലെയൊരു മാധ്യമത്തിലേക്ക് വന്നതുകൊണ്ടാണ് ഇപ്പോള്‍ വാഴൈ ആഘോഷിക്കപ്പെടുന്നതെന്നും ചോ ധര്‍മ്മന്‍ പറയുന്നു
അതേസമയം ചോ ധര്‍മ്മന്റെ വാഴൈയടി എന്ന ചെറുകഥ താന്‍ ഇപ്പോള്‍ വായിച്ചുവെന്നും നിങ്ങളും വായിക്കണമെന്ന് പറഞ്ഞ് മാരി സെല്‍വരാജ് ചെറുകഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.'മാമന്നന്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'വാഴൈ' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജിന്റെ ഏറ്റവും മികച്ച ചിത്രമാണ് വാഴൈ എന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.
ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നില്ല. എന്നാല്‍ ഓഗസ്റ്റ് 30 മുതല്‍ കേരളത്തിലും ചിത്രം റിലീസിനൊരുങ്ങുകയാണ്. കലൈയരസന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നിഖില വിമല്‍, ദിവ്യ ദുരൈസാമി, പ്രിയങ്ക നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഓഗസ്റ്റ് 23 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ധ്രുവ് വിക്രം നായകനാവുന്ന മാരി സെല്‍വരാജിന്റെ സ്‌പോര്‍ട്‌സ് ഡ്രാമ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അനുപമ പരമേശ്വരന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.