മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസ്സിക് ഹിറ്റുകളിലൊന്നാണ് 'മണിച്ചിത്രത്താഴ്'. മാടമ്പള്ളിയിലെ നാഗവല്ലിയേയും ഗംഗയേയും ഡോക്ടര്‍ സണ്ണിയേയും നകുലനെയും ശ്രീദേവിയേയുമൊന്നും മലയാളിക്ക് മറക്കാനാവാത്ത വിധം ചിരപ്രതിഷ്ഠ നേടികൊടുത്ത ചിത്രം കൂടിയാണ് 'മണിച്ചിത്രത്താഴ്'. ടെലിവിഷനില്‍ 'മണിച്ചിത്രത്താഴ്' വരുമ്പോള്‍ എത്ര കണ്ടിട്ടും മടുക്കാതെ മലയാളി ഇന്നും സ്‌ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്ന കാഴ്ചയെ വിസ്മയകരം എന്നെ വിശേഷിപ്പിക്കാനാവൂ.
ഈ ഡിസംബറില്‍ 'മണിച്ചിത്രത്താഴ്' ഇറങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. ചിത്രത്തിന് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 'മണിച്ചിത്രത്താഴി'നെ ഓര്‍മ്മിപ്പിക്കുകയാണ് നാഗവല്ലിയായും ഗംഗയായും പകര്‍ന്നാടി മലയാളിയെ വിസ്മയിപ്പിച്ച ശോഭന. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയെ തേടിയെത്തിയിരുന്നു.
തന്റെ ഫെയ്സ്ബുക്ക് പേജിലാണ് 'മണിച്ചിത്രത്താഴ് ചിത്രത്തിലെ ഒരുപഴയ ഫോട്ടോ ശോഭന ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയോടൊപ്പം ആരാധകരോട് നന്ദിയും രേഖപ്പെടുത്തുന്നുണ്ട് താരം. ഇപ്പോഴുെ ആ ചിത്രം എല്ലാവരും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.. ഒപ്പം തിരക്കുകള്‍ക്കിടയില്‍ ആരാധകരുടെയും മാധ്യമങ്ങളുടെയും അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതെ പോയതിന് ക്ഷമ ചോദിക്കുന്നുമുണ്ട് താരം.മാര്‍ഗ്ഗഴി പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. ക്ഷമ ചോദിക്കുന്നു.വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും വിസ്മയകരമായി തോന്നുന്നു, എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരോടെല്ലാം എന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നു,'' ശോഭന കുറിക്കുന്നു.