നടിയെന്നതിലുപരി ഫാഷന്‍ ഡിസൈനിംഗ് രംഗത്തും തന്റെതായ രീതിയില്‍ പ്രശസ്തി ആര്‍ജിച്ച താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഭാര്യയുടെ കഴിവുകള്‍ക്ക് പൂര്‍ണ പിന്തുണയേകി ഭര്‍ത്താവ് ഇന്ദ്രജിത്തും രണ്ടു പെണ്‍മക്കളും ഒപ്പമുണ്ട്. മാസങ്ങള്‍ക്കു മുമ്പാണ് കൊച്ചിയിലെ ഫ്ളാറ്റ് വിട്ട് ഈ താരകുടുംബം പുതിയ വീട്ടിലേക്ക് മാറിയത്. വ്യത്യസ്തമായും അതിമനോഹരമായും പണികഴിപ്പിച്ച പുത്തന്‍ വീടിന്റെ പൂര്‍ണമായ ചിത്രങ്ങള്‍ ഇവര്‍ എവിടെയും പങ്കുവച്ചിട്ടില്ല. എങ്കിലും വല്ലപ്പോഴുമൊക്കെ പങ്കുവെക്കുന്ന സ്വകാര്യ ചിത്രങ്ങളിലൂടെയാണ് വീടിന്റെ അകത്തള കാഴ്ചകള്‍ ആരാധകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ, താരകുടുംബത്തിന്റെ ഓണാഘോഷ ചിത്രങ്ങളാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഇക്കുറി പൂര്‍ണിമയും ഇന്ദ്രജിത്തും മക്കളും മാത്രമല്ല, പൂര്‍ണിമയുടെ മാതാപിതാക്കളും മല്ലികാമ്മയും പൃഥ്വിയും മറ്റു രണ്ടു പേരെയും കൂടി ചിത്രങ്ങളില്‍ കാണാം. എന്നാല്‍ പൃഥ്വിയുടെ ഭാര്യ സുപ്രിയയും മകളും എത്തിയില്ലല്ലോ എന്നതാണ് ആരാധകര്‍ പങ്കിടുന്ന ആശങ്ക.
എല്ലാവര്‍ക്കും ഓണാശംസകള്‍ പങ്കിട്ടുള്ള വാക്കുകളുമായിട്ടാണ് താരകുടുംബത്തിന്റെ മനോഹരമായ ഓണച്ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചത്. എല്ലാവര്‍ക്കും ഓണക്കോടി സമ്മാനിച്ചത് പൂര്‍ണിമയുടെ സ്വന്തം സ്ഥാപനമായ പ്രാണയില്‍ നിന്നു തന്നെയുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് പൂര്‍ണിമയുടെ കിടിലന്‍ സാരി തന്നെയാണ് അതീവ സുന്ദരിയായിട്ടാണ് പൂര്‍ണിമ ഓണത്തിന് ഒരുങ്ങിയത്. നടിയുടെ അച്ഛന്‍ ഗോള്‍ഡന്‍ ഷര്‍ട്ടും കസവ് മുണ്ടും ഉടുത്തപ്പോള്‍ അമ്മ ഗോള്‍ഡന്‍ ഷെയ്ഡിലെ സെറ്റുസാരിയാണ് ഉടുത്തിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ അമ്മയായ നടി മല്ലികാമ്മയും ഗോള്‍ഡന്‍ ലൈനുകളോടു കൂടിയ സെറ്റുസാരിയാണ് ഉടുത്തത്.
സെറ്റിന്റെ സല്‍വാറിട്ട് ഇളയ മകള്‍ നക്ഷത്രയും മഞ്ഞ സല്‍വാറിട്ട് പ്രാര്‍ത്ഥനയും ഓണം ആഘോഷിച്ചപ്പോള്‍ തിരക്കുകളെല്ലാം മാറ്റിവച്ചാണ് ഇത്തവണ അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാന്‍ പൃഥ്വി എത്തിയത്. ഗോള്‍ഡന്‍ കസവുള്ള മുണ്ടുടുത്ത് വൈറ്റ് ഷര്‍ട്ടണിഞ്ഞ് പഴയ നന്ദനം ലുക്കിലാണ് പൃഥ്വി എത്തിയതെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാകും. എന്നാല്‍ ഓണം കൂടാന്‍ ഭാര്യയും മകളും എത്താത്തതിനെ കുറിച്ചുള്ള ചോദ്യങ്ങളും ആരാധകര്‍ കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഇന്ദ്രജിത്തിന്റെ ഷര്‍ട്ടാണ് വ്യത്യസ്തമായ ലുക്കില്‍ പൂര്‍ണിമ ഒരുക്കിയത്. വലതു ഭാഗത്ത് ഓലപ്പന്തും കാറ്റാടിയും കണ്ണടയും ഒക്കെ പച്ച നൂലില്‍ നെയ്തെടുത്തപ്പോള്‍ ഇടതു വശത്ത് ചുവപ്പും മഞ്ഞയും പൂക്കളാണ് നെയ്തത്. കൂട്ടത്തില്‍ പൂര്‍ണിമയുടെ സാരിയാണ് ഏറ്റവും ശ്രദ്ധ നേടിയത്. ഗോള്‍ഡന്‍ ബോര്‍ഡര്‍ നല്‍കിയ പര്‍പ്പിള്‍ -ബ്ലൂ ഷേഡിലുള്ള സാരി അതിമനോഹരമായി ഉടുക്കുകയും ചെയ്തിട്ടുണ്ട്. സാരിയ്ക്ക് ചേരുന്ന വളകളും വലിയ കമ്മലുകളും ധരിച്ചിട്ടുണ്ട്.
വീടിന്റെ ഗോവണിയിലെ ജനലിരികെ നിന്നുള്ള ഫോട്ടോകളില്‍ പൂര്‍ണിമയുടെ ചിത്രങ്ങള്‍ പ്രത്യേക പ്രശംസയും നേടിയിട്ടുണ്ട്. വളരെ നാളുകള്‍ കൂടിയാണ് പൂര്‍ണിമയെ ഈ വേഷത്തില്‍ കാണാന്‍ സാധിച്ചത്. അതിന്റെ സന്തോഷവും ആരാധകരില്‍ കാണാം. ഓണത്തിന് വ്യത്യസ്തമായ രീതിയില്‍ ഡിസൈന്‍ ചെയ്ത പൂര്‍ണിമയുടെ പ്രാണയിലെ സാരികള്‍ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ഓണ സദ്യ വിളമ്പിയ സാരി എന്നു ചുരുക്കത്തില്‍ പറയാവുന്ന തരത്തിലാണ് പൂര്‍ണിമയും സംഘവും ഒരു സെറ്റു സാരി തീര്‍ത്തത്. ഓലപ്പടക്കം മുതല്‍ പായസം വരെ ആ സാരിയില്‍ ഉണ്ടായിരുന്നു. സാരിയുടെ വിവിധ ഭാഗങ്ങളിലായി പഴം, ഇല, ചിപ്സ്, സാമ്പാര്‍, ഓലന്‍, കൂട്ടുകറി ഇവ കൂടാതെ, ഓണത്തപ്പന്‍, അത്തപൂക്കളം, ഓലപ്പടക്കം തുടങ്ങി എല്ലാം ഒരുക്കിയിരുന്നു.