കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് എംജി ശ്രീകുമാറല്ല; ആരാണ് എറിഞ്ഞതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല; വീട്ടു ജോലിക്കാരിയാണെന്ന് പഞ്ചായത്ത് അധികൃതര്‍; ഗായകനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല; നോട്ടീസ് കിട്ടിയതും ഗായകന്‍ പിഴ അടച്ചത് തന്റെ വീട് ആയതിനാല്‍; ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത്

Malayalilife
 കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് എംജി ശ്രീകുമാറല്ല; ആരാണ് എറിഞ്ഞതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമല്ല; വീട്ടു ജോലിക്കാരിയാണെന്ന് പഞ്ചായത്ത് അധികൃതര്‍; ഗായകനും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല; നോട്ടീസ് കിട്ടിയതും ഗായകന്‍ പിഴ അടച്ചത് തന്റെ വീട് ആയതിനാല്‍; ആ വൈറല്‍ വീഡിയോയ്ക്ക് പിന്നില്‍ സംഭവിച്ചത്

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പിഴ അടച്ചത് എം.ജി ശ്രീകുമാര്‍ ആണെങ്കിലും മാലിന്യം വലിച്ചെറിഞ്ഞത് ഗായകന്‍ അല്ല. എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഏതായാലും പിഴ ഗായകന്‍ അടച്ചു. ആറ് മാസം മുന്‍പ് നടന്ന സംഭവത്തിലാണ് നടപടി. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ 25000 രൂപ പിഴ നോട്ടീസ് അയച്ചതിന് പിന്നാലെ ഗായകന്‍ പിഴയൊടുക്കുകയായിരുന്നു. 

എം.ജി ശ്രീകുമാറിന് പിഴ നോട്ടീസ് നല്‍കിയതിന് പിന്നാലെ യാതൊരു തര്‍ക്കവും കൂടാതെ പിഴ അടച്ചുവെന്ന് മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബര്‍ പറഞ്ഞു. 'വീട്ടുജോലിക്കാരിയാണ് മാലിന്യം വലിച്ചെറിഞ്ഞത്. എം. ജി ശ്രീകുമാര്‍ ആ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. തിരുവനന്തപുരത്തേക്കാണ് പരാതി ചെന്നത്. അവിടെനിന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് എത്തി. ഉടന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് ഒടുവില്‍ 25000 രൂപ പിഴ ചുമത്തി. 50000 വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന സന്ദേശം നല്‍കലാണ് പിഴച്ചുമത്തിയതിലൂടെ ചെയ്തത്. തര്‍ക്കത്തിന് മുതിരാതെ എംജി ശ്രീകുമാര്‍ പൈസ അടച്ചു. അവരുടെ വീട്ടില്‍ കര്‍മസേനയ്ക്ക് പൈസ നല്‍കുന്നില്ല എന്ന പരാതിയും ഉണ്ട്. അതും ഗുരുതരമായ കുറ്റമാണ്.'- പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വിഷയത്തില്‍ എംജി ശ്രീകുമാര്‍ പ്രതികരിച്ചിട്ടില്ല.

എംജി ശ്രീകുമാര്‍ കൊച്ചി കായലിലേക്ക് മാലിന്യം എറിഞ്ഞതിന് പിഴ അടച്ചുവെന്ന തരത്തിലാണ് ഇന്ന് വാര്‍ത്തകളെത്തിയത്. കൊച്ചി കായല്‍ കരയിലാണ് ശ്രീകുമാറിന്റെ വീടെന്നും എല്ലാവര്‍ക്കും അറിയാം. സംഗീത പരിപാടികളില്‍ സജീവമാകാനാണ് തിരുവനന്തപുരത്ത് നിന്ന് കുടുംബ സമേതം അങ്ങോട്ട് പോയത്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതു കൊണ്ട് തന്നെ മാലിന്യം എറിഞ്ഞത് എംജി ശ്രീകുമാര്‍ ആണെന്ന പ്രതീതി ഉണ്ടായി. എന്നാല്‍ വീട്ടില്‍ ശ്രീകുമാര്‍ ഇല്ലാത്ത സമയത്താണ് ഇതുണ്ടായതെന്നതാണ് വസ്തുത. പക്ഷേ പരാതി എത്തിയപ്പോള്‍ വീട് തന്റേതായതു കൊണ്ട് തന്നെ ശ്രീകുമാര്‍ പിഴ സ്വന്തം കൈയ്യില്‍ നിന്നും അടയ്ക്കുകയായിരുന്നു. എം.ജി ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. 

ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദ സഞ്ചാരി, മന്ത്രി എം.ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രി എം ബി രാജേഷിന്റെ മാലിന്യനിര്‍മാര്‍ജനത്തെ പറ്റിയുള്ള അഭിമുഖം കണ്ടതിന് ശേഷമാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മന്ത്രി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനുള്ള 94467 00800 എന്ന സര്‍ക്കാരിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് തെളിവുസഹിതം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. അന്വേഷണം നടത്താന്‍ തദ്ദേശ വകുപ്പിലെ കണ്‍ട്രോള്‍ റൂമിന്റെ നിര്‍ദേശം മുളവുകാട് പഞ്ചായത്ത് അധികൃതര്‍ക്ക് ലഭിച്ചു. ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതര്‍ നടപടികളിലേക്ക് കടന്നു. ഗായകന്‍ പിഴ അടച്ചുകഴിയുമ്പോള്‍ തെളിവ് സഹിതം പരാതി നല്‍കിയ ആള്‍ക്ക് പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

തിരുവനന്തപുരം സ്വദേശി നസീം എന്‍.പിയാണ് പരാതിക്കാരന്‍. '6-7 മാസം മുന്‍പ് പകര്‍ത്തിയ ദൃശ്യമാണ് ഇത്. ബോട്ടിന്റെ ഡ്രൈവറാണ് എംജി ശ്രീകുമാറിന്റെ വീടാണെന്ന് അറിയിച്ചത്. ഇതോടെ ക്യാമറ അങ്ങോട്ട് തിരിച്ചു. അപ്പോഴാണ് മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഗാലറിയില്‍ ഈ വീഡിയോ ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് ചെയ്തിരുന്നില്ല. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് അറിയിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള എം.ബി രാജേഷ് സാറിന്റെ വീഡിയോ കണ്ടപ്പോഴാണ് അദ്ദേഹത്തെ ടാഗ് ചെയ്ത് കൊണ്ട് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. എപ്പോള്‍ കിട്ടും എന്റെ 25000 എന്ന തരത്തിലായിരുന്നു ക്യാപ്ഷന്‍. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചു. വാട്‌സാപ്പില്‍ പരാതി അയച്ചെങ്കിലും അതില്‍ ഫോട്ടോ നല്‍കാന്‍ മാത്രമേ സാധിക്കു. വീഡിയോ ആണ് വൈറല്‍ ആയത്.' നസീം വിശദീകരിക്കുകയായിരുന്നു.

M G sreekumar Waste dumped in Kochi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES