നടന്‍, നിര്‍മ്മാതാവ് , ഗായകന്‍ എന്നീ വിലാസത്തില്‍ തിളങ്ങുന്ന ജോജു ജോര്‍ജജ് പുതിയ ചുവടുവപ്പിലേക്ക്. സിനിമാ സംവിധാനത്തിലേക്കാണ് നടന്‍ പുതിയ കാല്‍വപ്പ് നടത്തുന്നത്. പണി എന്ന് പേരിട്ട ചിത്രത്തില്‍ നായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവും ജോജു തന്നെയാണ്. സംവിധായകനാവുന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തിന്റെ കുപ്പായം കൂടി അണിയുന്നു എന്ന പ്രത്യേകതയുണ്ട്.
പണിയുടെ ചിത്രീകരണം ഈ മാസം അവസാനം തൃശൂരില്‍ ആരംഭിക്കും. തൃശൂര്‍ നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ മികച്ച വിജയത്തിനുശേഷം ജോജു വീണ്ടും തൃശൂര്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയരായ സാഗര്‍ സൂര്യ, ജുനൈദ് എന്നിവര്‍ താരനിരയിലുണ്ടാവും.
അമ്മു പാത്തു പാച്ചു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് പണി. ഐന്‍സ്റ്റീന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും പണിയുടെ നിര്‍മ്മാണ പങ്കാളിയാണ്. വേണു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജോജു നായകനാവുന്ന റിലീസിന് ഒരുങ്ങുന്ന പുലിമട എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും വേണു ആണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.
അതേസമയം ജോജു ജോര്‍ജ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയുടെ ക്‌ളൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണം സേലത്ത് പുരോഗമിക്കുന്നു. പൊറിഞ്ചു മറിയം ജോസിനുശേഷം ജോജുവും ചെമ്പന്‍ വിനോദ് ജോസും നൈല ഉഷയും ആന്റണിയിലൂടെ വീണ്ടും ഒരുമിക്കുന്നു.