ആരാധകരുചെ കാത്തിരിപ്പിന് വിരാമമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. കയറുപൊട്ടിച്ചോടുന്ന പോത്തും ചിതറിയോടുന്ന നാട്ടുകാരും ആണ് 1 മിനുട്ട് 46 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്.
നൂറുകണക്കിന് ആളുകള്‍, കാട്ടിലൂടെ കത്തിയും മറ്റ് ആയുധങ്ങളുമായി പോത്തിനെ തേടി നടക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. കാണികളില്‍ ചിത്രത്തിന്റെ മുഴുവന്‍ ആകാംഷയും നിറയ്ക്കുന്നതാണ്‌രണ്ട് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ടീസര്‍.
അറക്കാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന ഒരു പോത്ത് വിരണ്ടോടുന്നതും അത് ഒരു ഗ്രാമത്തെ മുഴുവന്‍ പിടിച്ചുലയ്ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും ടീസര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആന്റണ വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ആരെയും ടീസറില്‍ വ്യക്തമായി കാണിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവംലബിച്ചാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. തരംഗം ഫെയിം ശാന്തിയാണ് നായിക. അങ്കമാലി ഡയറീസിന് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ജല്ലിക്കട്ടിനും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിളളയാണ് സംഗീതം.