അമർ അക്‌ബർ ആന്റണി, കട്ടപ്പനയിലെ ഹൃത്തിക്ക് റോഷൻ, റിലീസിനൊരുങ്ങുന്ന മേരാ നാം ഷാജി എന്നീ ചിത്രങ്ങൾക്ക് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയുമായി ഹിറ്റ് മേക്കർ നാദിർഷ ഒന്നിക്കുന്ന ചിത്രമാണ് ഐ ആം എ ഡിസ്‌ക്കോ ഡാൻസർ. ഒരു കംപ്ലീറ്റ് എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ ആണ്.
ചിത്രത്തെക്കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്ത ചില എലമെന്റ്റുകൾ ഉപയോഗിച്ചു എന്റർടെയിൻ ചെയ്യിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്നും നാദിർഷ പറയുന്നു. മമ്മൂട്ടിയുടെ നിലവിലുള്ള ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് നാദിർഷ പറയുന്നു.
'ഐ ആം എ ഡിസ്‌ക്കോ ഡാൻസർ മമ്മൂക്ക കഥ കേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ള സിനിമയാണ്, മമ്മൂക്കയുടെ ഇപ്പോഴുള്ള സിനിമകളുടെ ചിത്രീകരണം എല്ലാം പൂർത്തിയായതിനു ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്. അത്തരത്തിൽ ഒരു അവസരം കിട്ടുമ്പോൾ അതിനെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്. നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെന്റ്റുകൾ ഉപയോഗിച്ചു പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും ഇത്.' നാദിർഷ പറഞ്ഞു.
മേരാ നാം ഷാജിയാണ് റിലീസിനൊരുങ്ങുന്ന നാദിർഷയുടെ പുതിയ ചിത്രം. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവനന്തപുരത്തുള്ള ഡ്രൈവർ ജന്റിൽമാൻ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി അണി നിരക്കുന്നത്. ചിത്രം ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിലെത്തും.