മലയാളികളുടെ മനസില്‍ ഇടം നേടിയ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് എട്ട് വര്‍ഷം. വേര്‍പിരിഞ്ഞിട്ടും നാടന്‍പാട്ടുകളിലൂടെയും വൈകാരിക അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ് ചാലക്കുടികാരന്‍ ചങ്ങാതി.പിറന്ന മണ്ണിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച മണിക്കായി വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട് ചാലക്കുടി ഇന്ന്.
2016 മാര്‍ച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടന്‍ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകന്‍ മണി കടന്നുപോയത്.
ഇന്ന് രാവിലെ കുന്നിശേരി കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും അവാര്‍ഡ് ദാനവും ഒരുക്കിയിട്ടുണ്ട്. വിനയന്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ സീമാ ജീ നായരടക്കം നിരവധി താരങ്ങള്‍ പങ്കെടുക്കും. ഈ വര്‍ഷത്തെ കലാഭവന്‍ മണി പുരസ്‌കാര ജേതാവായി കലാഭവന്‍ പീറ്ററെയാണ് തെരഞെഞടുത്തിരിക്കുന്നത്.
കൊല്ലം പ്രസ് ക്ലബ് ഹാളിലും കലാഭവന്‍ മണി ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ അനസ്മരണ സമ്മേളനം ഇന്ന് ഒരുക്കിയിട്ടുണ്ട്. ബിഗ് ബോസ് താരം അഖില്‍ മാരാര്‍ മുഖ്യാതിഥിയാകും.
അഭിനേതാവ്, മിമിക്രി കലാകാരന്‍ എന്നിവയ്ക്കൊപ്പം ഒരു ഗായകന്‍ എന്ന നിലയിലും മലയാളിക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. നാടന്‍പാട്ട് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാളും ആദ്യം ഓര്‍ക്കുന്ന പേര് മണിയുടേതാകും. നാടന്‍പാട്ടുകളെ ഇത്രത്തോളം ജനപ്രിയമാക്കുന്നതില്‍ കലാഭവന്‍ മണി വഹിച്ച പങ്ക് ചെറുതല്ല.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി തിളങ്ങി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. സ്റ്റേജ് ഷോയിലും മണിയുടെ കലാസംഘം വമ്പന്‍ ഹിറ്റായിരുന്നു.ജെമിന എന്ന തമിഴ് സിനിമയിലെ വില്ലന്‍ വേഷമാണ് തമിഴകത്ത് മണിയെ പ്രിയങ്കരനാക്കിയത്.മണിയുടെ ഭാര്യ നിമ്മിയും ഏക മകള്‍ ശ്രീലക്ഷ്മിയും താരത്തിന്റെ മരണശേഷം മീഡിയയില്‍ നിന്നും അകന്ന് കഴിയുകയാണ്
മമ്മൂട്ടിയും സീമാ ജി നായരും അടക്കം നിരവധി പേരാണ് സോഷ്യല്‍മീഡിയിലൂടെ ഓര്‍മ്മകള്‍ പങ്ക് വക്കുന്നത്.
സീമാ ജി നായരുടെ കുറിപ്പ് ഇങ്ങനെ:
നമസ്കാരം ..ഇന്ന് മാർച്ച് 6..ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ..മണ്ണിനെയും ,മനുഷ്യനെയും ഒരുപോലെ സ്നേഹിച്ച മണിച്ചേട്ടൻ ഈശ്വര സന്നിധിയിലേക്ക് പോയിട്ട് 8 വർഷം ..ഇന്നലെയെന്നപോലെ ആദിവസം ഓർക്കുന്നു ..അന്ന് പാലക്കാടായിരുന്നു ഷൂട്ട് എനിക്ക് ..അപ്പോളാണ് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഈ സത്യം അറിഞ്ഞത് .അവസാനമായി ഒരു നോക്ക് കാണാൻ അവിടുന്ന് ഓടിയെത്തി ..ഷൂട്ട് മുടങ്ങിയ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി ..എന്നാലും ആമുഖം ഒരു നോക്ക് കാണണമായിരുന്നു ..ചാലക്കുടിയിലെ പൊതു ദര്ശനത്തിന് ലക്ഷക്കണക്കിനു ആളുകളിൽ ഒരാളായി ഞാനും കണ്ടു അദ്ദേഹത്തെ ..ഒരിക്കൽ ഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ആഗ്രഹം നടത്തികൊടുക്കുന്ന ചടങ്ങിൽ 45 കുഞ്ഞുങ്ങൾക്കു അദ്ദേഹമാണ് സൈക്കിൾ വാങ്ങി തന്നത് ..എത്രയോ പേർക്ക് അദ്ദേഹം ,താങ്ങും തണലുമായി നിന്നു ..ഈശ്വരൻ എന്തെ ഇങ്ങനെയെന്നു ചിന്തിച്ച നിമിഷങ്ങൾ ..കാലം എത്ര കഴിഞ്ഞാലും നിങ്ങൾ മായാത്ത ഓർമകളായി ഞങ്ങളിൽ ഉണ്ടാവും