കൊച്ചി: മീ ടൂ ആരോപണങ്ങളിലൂടെ സിനിമാ രംഗത്ത് അനുഭവിക്കുന്ന ചൂഷണങ്ങളുടെ കഥകൾ പുറത്ത് വരുന്ന അവസരത്തിലാണ് സ്ത്രീകളടെ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന് നടൻ വിശാൽ പ്രഖ്യാപിച്ചത്. തമിഴകത്ത് നടപ്പാക്കാൻ പോകുന്ന ചുവട് വയ്‌പ്പിന് സമാനമായുള്ള ഒന്ന് മലയാള സിനിമയിലും ഒരുങ്ങുന്നുവെന്നാണ് സംവിധായകൻ ആഷിഖ് അബു ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമാ രംഗത്ത് സുരക്ഷിതമായ തൊഴിലിടം സൃഷ്ടിക്കുമെന്നാണ് ആഷിഖ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
സിനിമാ സെറ്റിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന തൊഴിൽ ചൂഷണങ്ങളും അക്രമങ്ങളും പറയുന്നതിനായി ഇനി നിർമ്മിക്കാൻ പോകുന്ന സിനിമകളിൽ കമ്മിറ്റി( ഐസിസി- ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി) പ്രവർത്തിക്കുമെന്ന് സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കി. ഫെയ്സബുക്ക് പോസ്റ്റിലൂടെയാണ് ഐസിസിയെക്കുറിച്ച് ആഷിഖ് വെളിപ്പെടുത്തൽ നടത്തിയത്.
ഏതു തരത്തിലുള്ള തൊഴിൽ ചൂഷണങ്ങളും പ്രത്യേകിച്ച് സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മിറ്റിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യാമെന്ന് ആഷിഖ് അബു വ്യക്തമാക്കിയിട്ടുണ്ട്.മലയാള സിനിമയിൽ പ്രവർത്തിക്കുന്ന രണ്ടു സംഘടനകൾക്കെതിരെ ഗുരുതര ആരോപണങ്ങൾ വനിതാ താരങ്ങൾ ഉയർത്തിയിരുന്നു.
അമ്മ സംഘടനയ്ക്കെതിരെ ഡബ്ല്യൂസിസി ആഞ്ഞടിച്ചപ്പോൾ, ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന് തനിക്ക് മനരിട്ട ദുരനുഭവത്തിൽ ഫെഫ്കയ്ക്ക് മുമ്പിൽ പരാതിപ്പെട്ടുവെങ്കിലും അയാൾക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെന്നും, മോശം അനുഭവം ഉണ്ടാക്കിയ ആൾ സിനിമയിൽ ഇപ്പോഴും സജീവമാണെന്നും നടി അർച്ചന പത്മിനി തുറന്നടിച്ചിരുന്നു.
ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഞങ്ങൾ ഭാവിയിൽ നിർമ്മിക്കുന്ന സിനിമകളിൽ ICC (Internal Complaint Committee) പ്രവർത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴിൽ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുൻപാകെ റിപ്പോർട്ട് ചെയ്യാം. സുരക്ഷിത തൊഴിലിടം, എല്ലാവർക്കും !