പ്രശസ്ത ബോളിവുഡ് നടന്‍ ജഗദീപ് വിടവാങ്ങി. 81 വയസായിരുന്നു. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വച്ച് ബുധനാഴ്ച വൈകിട്ട് ആയിരുന്നു അന്ത്യം. മുംബൈയിലുള്ള ഷിയ കബര്‍സ്ഥാനില്‍ വച്ചാകും സംസ്‌കാരം നടക്കും. നടന്‍ ജാവേദ് ജഫ്രിയും ടെലിവിഷന്‍ പ്രൊഡ്യൂസര്‍ നവേദ് ജഫ്രിയും മക്കളാണ്.
ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുര്‍ബാനി, ഷഹന്‍ഷ എന്നീ ചിത്രങ്ങളില്‍ ജഗദീപ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരുദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളിലാണ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ഷോലെയിലെ സൂര്‍മ ഭോപാലി എന്ന കഥാപാത്രമായിരുന്നു. അഞ്ച് സിനിമകളില്‍ നായകനായും താരം അഭിനയിച്ചിട്ടുണ്ട്.
ജഗ്‍ദീപിന്‍റെ യഥാര്‍ത്ഥ പേര് സയ്യിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ്. 1939ല്‍ അമൃത്സറിലായിരുന്നു താരത്തിന്റെ ജനനം. ഒന്‍പതാം വയസ്സില്‍ ബാലനടനായാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ബി.ആര്‍ ചോപ്രയുടെ അഫ്‍സാനയിലാണ് ആദ്യമായി അഭിനയിച്ചിരുന്നത്. 2012ല്‍ റൂമി ജഫ്രിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ഗലി ഗലി ചോര്‍ ഹൈ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.