96ല്‍ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരിയും വിജയ് സേതുപതിയുടെ കുട്ടികാലം അവതരിപ്പിച്ച ആദിത്യയും ഇനിയും പ്രേക്ഷക മനസില്‍ നിന്നും മാഞ്ഞിട്ടില്ല. തൃഷയുടെ ജാനുവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഗൗരി.ജി. കിഷന്‍ എന്ന പെണ്‍കുട്ടിയാണ്. എന്നാല്‍ ഈ പെണ്‍കുട്ടി മലയാളിയാണ് എന്നതാണ് ആര്‍ക്കുമറിയാത്ത രഹസ്യം. ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ ഗൗരി പങ്കുവച്ചിരിക്കുകയാണ്.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി തന്റെ വിശേഷങ്ങള്‍ തുറന്നുപറഞ്ഞത്. യാതൊരു അഭിനയ പശ്ചാത്തലവുമില്ലാതെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നാണ് ഗൗരി പറയുന്നത്. ഓഡിഷന്‍ സമയത്ത് ടെന്‍ഷനൊക്കെ ഉണ്ടായിരുന്നെങ്കിലും എല്ലാം ഓകോയെയായി. തൃഷയുടെ കുട്ടിക്കാലം അഭിനയിക്കാനാകുമോയെന്ന് സംശയം ഉണ്ടായിരുന്നെങ്കിലും സംവിധായകന്റെ സഹായത്താല്‍ നന്നായി അഭിനയിക്കാന്‍ സാധിച്ചു. തൃഷയുടെ ഒരു സാദൃശ്യവുമില്ലെങ്കിലും ചിരിയൊക്കെ തൃഷയെ പോലുണ്ടെന്ന് പറയുന്നത് സന്തോഷമാണെന്ന് ഗൗരി പറയുന്നു. എന്നാല്‍ ഇതുവരെയും ഗൗരി തൃഷയെ നേരിട്ട് കണ്ടിട്ടില്ല. ഉടന്‍ തന്നെ കാണുമെന്നാണ് പ്രതീക്ഷയെന്നു ഗൗരി പറയുന്നു. എന്നാല്‍ വിജയ് സേതുപതിയെ കണ്ടതും സേതുപതി അഭിനന്ദിച്ചതും ഗൗരിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.
ചിത്രത്തില്‍ വിജയ് സേതുപതിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ആദിത്യയുമായി പ്രണയത്തിലാണെന്നതിനും ഗൗരി മറുപടി നല്‍കുന്നുണ്ട്. തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ആദിയെന്നാണ് ഗൗരി പറയുന്നത്. ഗൗരി മലയാളിയാണെന്നതും ആര്‍ക്കുമറിയാത്ത കാര്യമാണ്. ചെന്നൈയില്‍ സ്ഥിരതാമസമാണെങ്കിലും ഗൗരി മലയാളിയാണ്.അമ്മയുടെ വീട് വൈക്കമാണ്. അച്ഛന്റേത് പത്തനംതിട്ടയാണ്. ചെന്നൈയിലാണെങ്കിലും ബന്ധുക്കളൊക്കെ കേരളത്തിലുണ്ട്. നാടുമായി നല്ല ബന്ധമാണ് എന്നും കുട്ടി താരം പറയുന്നു. പക്ഷെ വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ എന്നും ഗൗരി കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോള്‍ ബംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ജേര്‍ണലിസത്തിനാണ് ഗൗരി പഠിക്കുന്നത്. ഒപ്പം സിനിമയില്‍ ധാരാളം അവസരവും ഗൗരിക്ക് എത്തുന്നുണ്ട്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെ ഓഫര്‍ വന്നുവെന്നും ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങളാണെങ്കില്‍ സിനിമയില്‍ തുടരുമെന്നും ഗൗരി പറയുന്നു.