നായികാനായകന്‍ പരിപാടിയിലൂടെ ഡിഡിയെന്ന ചുരുക്ക പേരില്‍ മലയാളികള്‍ക്ക് സുപരിചിതനായ അവതാരകനാണ് ഡെയ്ന്‍ ഡേവിസ്. ആരാധകരേറെയുളള ഡെയ്ന്‍ ഡേവിഡിനെ ഒരു പരിപാടിയില്‍ നിന്നും ഇറക്കി വിട്ടതാണ് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. കോളേജില്‍ അതിഥിയായി എത്തിയ ഡെയ്‌നിനെ പ്രിന്‍സിപ്പിള്‍ വേദിയില്‍ നിന്നും ഇറക്കി വിട്ടെന്നായിരുന്നു വാര്‍ത്തകളെത്തിയത്. മലപ്പുറം കൊണ്ടോട്ടി ബ്ലോസം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ അതിഥിയായി എത്തിയ ഡെയ്‌നിനോട് വേദിയില്‍ നിന്നും ഇറങ്ങിപ്പോടാ എന്നു പ്രിന്‍സിപ്പല്‍ ആക്രോശിക്കുകയായിരുന്നു. ഇതുകേട്ട് ഇറങ്ങാന്‍ തുടങ്ങിയ ഡെയ്‌നിനോടു വിദ്യാര്‍ഥികള്‍ അല്‍പ്പനേരം നില്‍ക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്യണമെന്നും അപേക്ഷിച്ചു. വീണ്ടും മൈക്കിന്റെ അരികിലേക്ക് എത്തിയ ഡെയ്‌നിനോട് 'ഇറങ്ങിപ്പോകാന്‍ പറഞ്ഞിട്ടും നാണമില്ലേ നില്‍ക്കാന്‍..' എന്നു പ്രിന്‍സിപ്പല്‍ ചോദിച്ച വിഡിയോ വൈറലായിരുന്നു. ഇതിനെക്കുറിച്ചു ഡെയിന്‍ പ്രതികരണവുമായി ലൈവിലെത്തിയിരുന്നു. കോളേജിലെ പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അവിടെ എത്തി വേദിയില്‍ കയറിയ ശേഷം പ്രിന്‍സിപ്പാള്‍ തന്നോട് ഇറങ്ങിപോകാന്‍ പറയുകയായിരുന്നുവെന്നാണ് ഡെയിന്‍ സംഭവത്തെക്കുറിച്ച് ലൈവിലെത്തി നല്‍കിയ വിശദീകരണം. എന്നാലിപ്പോള്‍ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ടിപി അഹമ്മദ് ഒരു മാധ്യമത്തോട് വ്യക്തമാക്കിയിരിക്കയാണ്.
കോളജില്‍ വിദ്യാര്‍ഥികള്‍ രണ്ടു ചേരിയായി തിരിഞ്ഞ് പരിപാടി നടന്ന ദിവസം രാവിലെ മുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടായിരുന്നു. ഡെയ്ന്‍ ഡേവിസ് അതിഥിയായി എത്തേണ്ടിയിരുന്നത് പത്തരയ്ക്കായിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ വൈകിയാണ് അതിഥിയെത്തിയതെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. ആ സമയത്ത് കോളജിലെ അന്തരീക്ഷം മോശമായിരുന്നു. ഇതിനെക്കുറിച്ചു ഗെയ്റ്റിലെത്തിയപ്പോള്‍ തന്നെ താന്‍ ഡെയ്‌നിനോട് പറഞ്ഞതാണെന്നും പരിപാടി നടത്താന്‍ സാധിക്കില്ല, ഉദ്ഘാടനത്തിന് ക്ഷണിച്ചതിനു നല്‍കേണ്ട തുക തന്നേക്കാം മടങ്ങിപൊയ്‌ക്കോളൂവെന്ന് അറിയിച്ചെന്നും എന്നാല്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചു വേദിയിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.
സാധാരണ അതിഥികള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലിരുന്ന് ചായസല്‍ക്കാരം സ്വീകരിച്ചതിനുശേഷമാണ് വേദിയിലെത്തുന്നത്. ഇവിടെ തന്നെയും അധ്യാപകരെയും മാനിക്കാതെയാണ് അതിഥി സ്റ്റേജിലെത്തിയതെന്നും വീണ്ടും പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'നിങ്ങള്‍ ഈ വിദ്യാര്‍ഥികളുടെ പ്രിന്‍സിപ്പല്‍ ആയിരിക്കാം, എന്റെ അല്ല' എന്നു മൈക്കിലൂടെ കുട്ടികളുടെ മുന്നില്‍ വിളിച്ചു പറയുകയായിരുന്നുവെന്നും പ്രിന്‍സിപ്പിള്‍ പറയുന്നു്. ഇങ്ങനെയൊക്കെ അവരുടെ മുന്നില്‍വെച്ച് പറയുന്ന ഒരു അതിഥിയെ പ്രോത്സാഹിപ്പിക്കാന്‍ തനിക്കാവില്ലായിരുന്നു. ഡെയ്ന്‍ സോഷ്യല്‍മീഡിയിയല്‍ വന്ന് പ്രതികരിച്ചതു പോലെ പ്രതികരിക്കാന്‍ താന്‍ അദ്ദേഹത്തെ പോലെ പക്വതയില്ലാത്ത ആളല്ലെന്നും അദ്ദേഹം പറയുന്നു. ഡെയ്ന്‍ തീരെ പക്വതയില്ലാത്ത അതിഥി ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലെ ഡ്രസ് കോഡിന്റെ വിഷയമല്ല സംഭവങ്ങള്‍ക്കു കാരണം. കോളജില്‍ ക്രമസമാധനത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. കുട്ടികള്‍ അടിപിടിയും ബഹളവുമുണ്ടാക്കി എന്തെങ്കിലും സംഭവിച്ചാല്‍ മനേജ്‌മെന്റിനോടു സമാധാനം പറയേണ്ടതെന്നും പ്രിന്‍സിപ്പാള്‍ ടിപി അഹമ്മദ് വ്യക്തമാക്കി.