മി ടൂ ആരോപിതനായ വൈരമുത്തുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെ എഴുപതാം പിറന്നാളിന് ആശംസകള്‍ അറിയിച്ച് കൊണ്ട് സ്റ്റാലിന്‍ ചെന്നൈയിലെ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചിന്മയിയുടെ വിമര്‍ശനം.
വൈരമുത്തുവിന്റെ എഴുപതാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് സ്റ്റാലിന്‍ ബസന്ത് നഗറിലെ വീട്ടിലെത്തി പൊന്നാട അണിയിച്ചത്. ഇതിനെതിരെയാണ് ചിന്മയി വൈരമുത്തുവിനെ വിമര്‍ശിച്ചത്. ചിന്മയിയുടെ കുറിപ്പ് വലിയ രീതിയില്‍ സോഷ്യല്‍ മീഡയയില്‍ പ്രചാരം നേടുകയാണ്.
സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണെന്നും വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ എല്ലാവരും നിശബ്ദരാണെന്നും ചിന്മയി ആഞ്ഞടിച്ചു. നേരത്തെയും വൈരമുത്തുവിനെ ഡിഎംകെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെതിരെ ചിന്മയി രംഗത്ത് വന്നിട്ടുണ്ട്.
നിരവധി സ്ത്രീകളാണ് വൈരമുത്തുവിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. അങ്ങനെയൊരാളെയാണ് മുഖ്യമന്ത്രി ആദരിച്ചത് എന്നും നാണക്കേട് ഉണ്ടാക്കുന്ന പ്രവര്‍ത്തിയാണിതെന്നും ചിന്മയി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കുറിച്ചു. അഞ്ച് വര്‍ഷത്തോളമായി എനിക്ക് നീതി ലഭിച്ചിട്ട്. നിങ്ങള്‍ക്ക് നീതി കിട്ടുന്നത് ഒന്ന് കാണണം എന്ന രീതിയില്‍ ആക്രോശിക്കുകയാണ് എതിരാളികള്‍. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ജനിച്ചതിനാല്‍ ഏത് സ്ത്രീക്ക് മുകളിലും തനിക്ക് കൈവയ്ക്കാം എന്നാണ് ഇദ്ദേഹത്തിന്റെ ധാരണ. പത്മ പുരസ്‌കാരങ്ങളും, ദേശീയ പുരസ്‌കാരങ്ങളും നേടിയ കവിക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ട്. അതാണ് അയാള്‍ക്ക് ഇത്ര ധൈര്യം, ചിന്മയി ആരോപിച്ചു.
കഴിഞ്ഞ മാസം ഗായിക ഭുവന ശേഷനും വൈരമുത്തുവിനെതിരെ രംഗത്ത് വന്നിരുന്നു. 17 സ്ത്രീകളെങ്കിലും വൈരമുത്തുവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്, എന്നാല്‍ അവരില്‍ നാലുപേര്‍ മാത്രമേ മുഖം കാണിക്കാനും ആരോപണങ്ങള്‍ പരസ്യമായി പറയാനും തയ്യാറായിട്ടുള്ളൂ. പീഡിപ്പിക്കപ്പെട്ട അവസ്ഥയില്‍ നിന്നും കരകയറാന്‍ പ്രയാസമാണ്. പല യുവ ഗായകരുടെയും സ്വപ്നമാണ് തകര്‍ത്തത്. മറ്റൊരു പെണ്‍കുട്ടിയോട് ഇത് ചെയ്യാതിരിക്കാനാണ് ഇതെല്ലാം തുറന്നു പറയുന്നത്, ഭുവന ശേഷന്‍ പറഞ്ഞു.