ബോളിവുഡില്‍ 2023-ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നാണ് അനിമല്‍. ഇപ്പോഴിതാ സിനിമ നെറ്റ്ഫ്‌ലിക്ലിലൂടെ ഒടിടി സ്ട്രീമിങ് തുടങ്ങിയിരിക്കുന്നു. ഇതിന് പിന്നാലെ സിനിമയെക്കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. സിനിമ ലിംഗവിവേചനം, സ്ത്രീവിരുദ്ധത എന്നിവയെ മഹത്വവല്‍ക്കരിക്കുന്നു എന്നാണ് വിമര്‍ശനം.
ജനുവരി 26-നാണ് സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടങ്ങിയത്. സിനിമ തീയറ്ററിലെത്തിയപ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ ഇപ്പോള്‍ വീണ്ടും കൊഴുത്തിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് സിനിമ പിന്‍വലിക്കണമെന്നാണ് ആവശ്യം.
'ഞാനൊരു ഇന്ത്യക്കാരിയായ ഹിന്ദു സ്ത്രീയാണ്. അനിമല്‍ എന്ന സിനിമ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഇതില്‍ ഒരു ഇന്ത്യക്കാരനായ പുരുഷന് വിവാഹത്തിന് പുറത്ത് ബന്ധങ്ങളുള്ളതായി കാണിക്കുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് ഈ സിനിമയിലൂടെ മാറ്റിമറിക്കുന്നത്. ഈ രാജ്യത്തിന്റെ ഒരു ഭര്‍ത്താവിന് ഒരു ഭാര്യ എന്ന് ആശയത്തെയാണ് കളങ്കപ്പെടുത്തുന്നത്. ഇതിനെതിരെ ദയവായി നടപടിയെടുക്കുക'. ഒരാള്‍ എക്‌സില്‍ കുറിച്ചത് ഇങ്ങനെ.
മറ്റ് ചിലര്‍ ഈ സിനിമയെ നയന്‍താരയുടെ അന്നപൂരണി എന്ന സിനിമയുമായാണ് താരതമ്യം ചെയ്യുന്നത്. അന്നപൂരണി ഒടിടിയില്‍ നിന്ന് നീക്കം ചെയ്തത് പോലെ അനിമലും നീക്കം ചെയ്യണമെന്നാണ് ആവശ്യം.
രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനില്‍ കപൂറും തൃപ്തി ഡിമ്രി എന്നിവരും അഭിനയിക്കുന്നു. അബ്രാര്‍ എന്ന വേഷത്തില്‍ ബോബി ഡിയോളും പ്രധാന വേഷം ചെയ്തിട്ടുണ്ട്. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ സിനിമയെ സിനിമയായി കാണാനും പുരുഷാധിപത്യത്തെ മഹത്വവല്‍ക്കരിക്കുക എന്ന ഉദ്ദേശം തങ്ങള്‍ക്കില്ലെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചത്.