കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഞെട്ടിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയായാണ് സിനിമയ്ക്ക് പിന്നിലെ മോശം അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഇന്നും സിനിമയില്‍ അരങ്ങേറുന്നുണ്ടെന്ന് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നു. ആക്രമണത്തിന് ഇരയായ നടിക്ക് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടിക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് യുവതാരങ്ങളും രംഗത്തെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത പൊങ്കാലയാണ് അജു വര്‍ഗീസിന് ലഭിച്ചത്.
നടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനിടയില്‍ പേര് വെളിപ്പെടുത്തിയതോടെയാണ് താരം വെട്ടിലായത്. ലൈംഗിക ആക്രമണത്തിന് ഇരയാകുന്നവരെ തിരിച്ചറിയാവുന്ന വിധത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുരുതെന്ന നിയമം നിലവിലുണ്ടായിട്ടും ഇത്തരത്തിലൊരു കാര്യം ചെയ്ത താരത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിരുന്നു. കളമശ്ശേരി പോലീസ് താരത്തിനെതിരെ കേസെടുത്തിരുന്നു. അറിയാതെ പേര് പറഞ്ഞുപോയെതാണെന്ന് പറഞ്ഞ് താരം ക്ഷമ ചോദിച്ചിരുന്നു.
തനിക്കെതിരായ കേസിലുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദുരുദ്ദേശപരമായല്ല പേര് പറഞ്ഞതെന്ന് താരം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് വ്യക്തമാക്കുന്ന നടിയുടെ സത്യവാങ്മൂലവും താരം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചത്. ജസ്റ്റിസ് സുനില്‍ തോമസാണ് ഇതേക്കുറിച്ച് ഉത്തരവ് നല്‍കിയത്.