തിരുവനന്തപുരം: ഒരിക്കലെങ്കിലും ബാലഭാസ്‌കറിന്റെ വയലിന്‍ വായന നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക് അയാളെ മറക്കാന്‍ കഴിയില്ല. മാന്ത്രികത എന്നത് അക്ഷരം തെറ്റാതെ തന്നെ പറയാം ബാലഭാസ്‌കറിന്റെ വൈദഗ്ധ്യത്തെ കുറിച്ച് വയലിനില്‍ അയാളുടെ വിരലുകള്‍ സ്പര്‍ശിക്കുമ്പോള്‍ തന്നെ കാഴ്ച്ചക്കാരന്‍ മറ്റൊരു ലോകത്തേക്ക് എത്തും എന്ന് പറഞ്ഞാല്‍ അതിന് ആലങ്കാരികത തീരെ ഉണ്ടാകില്ല. മെലഡികളും ക്ലാസിക്കുകളും മുതല്‍ അടിച്ച് പൊളി ഗാനങ്ങള്‍ വരെ തന്റെ വിരലുകള്‍ കൊണ്ട് അവിസ്മരണീയമാക്കിയ പ്രതിഭാസമായിരുന്നു ബാലു. കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസ്യയുമൊത്ത് ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫ്യൂഷന്‍ പരിപാടികള്‍ മലയാളികള്‍ക്ക് സമ്മാനിച്ചത് ലോകോത്തര നിലവാരമുള്ള പരിപാടികളാണ്.
സ്റ്റീഫന്‍ ദേവസ്യയും ബാലഭാസ്‌കറും ചേര്‍ന്ന് കീബോര്‍ഡും വയലിനും ഉപയോഗിച്ച് ഒരുമിച്ച് ഫ്യൂഷന്‍ കച്ചേരികള്‍ അവതരിപ്പിച്ചത് നിരവധി വേദികളിലാണ്. ഇരുവരും ഒരുമിച്ചുള്ള പരിപാടികള്‍ പ്രേഷകന് സമ്മാനിച്ചത് അന്താരാഷ്ട്ര നിലവാരമുള്ള സംഗീത വിരുന്ന് തന്നെയാണ്. യുവാക്കള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ബാലയുടെ ആരാധകരാണ്. ഐസിങ് ഇന്‍ ദ കേക്ക് എന്ന മട്ടിലാണ് പിന്നീട് ബാലയും സ്റ്റീഫനും ഒരുമിച്ചത്. ഇരുവരും ഒരുമിച്ച് അണിനിരന്ന വേദികള്‍ സംഗീത പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്.
കീബോര്‍ഡിലെ മാന്ത്രികനും വയലിനിലെ പ്രതിഭാസവും ഒരുമിച്ച് നാട്ടിലും വിദേശത്തും അവതരിപ്പിച്ചത് നിരവധി പരിപാടികളാണ്. ഇരുവരും ഒരുമിച്ചുള്ള പരിപാടിയെന്ന അറിഞ്ഞാല്‍ പിന്നെ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റ് തീരുക. അത്രയ്ക്ക് ആരാധകരുടെ മനസ്സില്‍ സ്ഥാനം നേടി കലാകാരന്മാരാണ് ഇരുവരും. അതില്‍ ഇനി ബാലു എന്ന ബാലഭാസ്‌കര്‍ ഇല്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ സംഗീത ലോകത്തിന് ഒരുപാട് സമയം വേണ്ടിവരും.
ഇനിയും ഒരുപാട് കാലം നമ്മളെ പ്രണയത്തിലാക്കാന്‍ പോന്ന മെലഡികള്‍ അവതരിപ്പിച്ചും ഇമോഷണലാക്കുന്ന സെന്റിമെന്റല്‍ ഗാനങ്ങള്‍ അവതരിപ്പിച്ചും വയലിന്‍ സംഗീത വിരുന്നുകള്‍ ഒരുക്കാന്‍ കഴിയുമായിരുന്ന ആ അതുല്യ പ്രതിഭയുടെ മരണം തീര്‍ക്കുന്നത് ഒരുകാലത്തും നികത്താന്‍ കഴിയാത്ത വിടവ് തന്നെയാണ്. സ്റ്റീഫന്‍ ദേവസ്യക്ക് പുറമെ ശിവമണിയെപോലെയുള്ള പ്രതിഭകളുമൊത്തായിരുന്നു ബാലുവിന്റെ ഫ്യൂഷന്‍ പരിപാടികള്‍. ഇന്ത്യന്‍ സംഗീതത്തിലെ ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാനെ പോലും ഞെട്ടിച്ച പ്രതിഭയാണ് ബാലു.
തിരുവനന്തപുരത്തെ സംഗീതപാരമ്പര്യമുള്ള കുടുംബത്തില്‍ സികെ ഉണ്ണി, ശാന്തകുമാരി ദമ്പതികളുടെ മകനായി ജനിച്ച ബാലഭാസ്‌കറിന് വഴികാട്ടിയായത് അമ്മാവന്‍ ബി ശശികുമാറായിരുന്നു. പന്ത്രണ്ടാം വയസ്സില്‍ ആദ്യകച്ചേരി. പിന്നീട് കലാമേളകളില്‍ മിന്നും താരമായ കൗമാരക്കാരനെ തേടി മംഗല്യപ്പലക്ക് എന്ന സിനിമയില്‍ പാട്ടുകളൊരുക്കാന്‍ ക്ഷണം എത്തുമ്പോള്‍ വയസ് വെറും 17.
മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകന്‍. ഈസ്റ്റ് കോസ്റ്റുമായി കൈകോര്‍ത്ത് ഹിറ്റ് റൊമാന്റിക് ആല്‍ബങ്ങള്‍. വെള്ളിത്തിരയില്‍ നല്ല തുടക്കം കിട്ടിയെങ്കിലും സിനിമയുടെ ഗ്ലാമറിന് പിന്നാലെയായിരുന്നില്ല ബാലഭാസ്‌കറിന്റെ യാത്ര. വയലിനിലെ അനന്തസാധ്യതകളെ കുറിച്ചായിരുന്നു എന്നും ചിന്ത. കര്‍ണാടക സംഗീതത്തെ അടുത്തറിയാന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എംഎ എടുത്തു. കോളേജ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ബാന്‍ഡ് രൂപീകരിച്ചു. പരമ്പരാഗതശൈലി കൈവിടാതെ പാശ്ചാത്യസംഗീതത്തെയും ഒപ്പം നിര്‍ത്തിയായിരുന്നു പരീക്ഷണം.
ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ്, കെഎസ് ചിത്ര, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം കലാവിരുന്ന്. ഇന്ത്യക്കകത്തും പുറത്തുമായി അനേകം സ്റ്റേജ് ഷോകള്‍. ബാലലീലയെന്ന ബാന്‍ഡുമായി കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ ആണ് അപ്രതീക്ഷിത ദുരന്തം. 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകള്‍ തേജസ്വിക്ക് പിന്നാലെ ബാലുവും മടങ്ങുകയാണ്.