ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് സ്ത്രീകള്‍ മുന്നോട്ടു വരുന്ന മീ ടൂ കാമ്പയിനില്‍ ബോളിവുഡ് സംവിധായകന്‍ സുഭാഷ് കപൂറും കുടുങ്ങി. നടി ഗീതിക ത്യാഗിയാണ് സുഭാഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്.പല പ്രമുഖരും വിവാദങ്ങളില്‍ കുടുങ്ങിക്കഴിഞ്ഞു. ബോളിവുഡില്‍ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത സംവിധായകന്‍ സുഭാഷ് കപൂറിനെക്കുറിച്ചുള്ളതാണ്. 2014ല്‍ നടി ഗീതിക ത്യാഗി പുറത്തുവിട്ട വിഡിയോയാണ് സുഭാഷിന് വിനയായത്.
തനിക്കെതിരെ സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളി ക്യാമറ ദൃശ്യം അവര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടു. സുഭാഷ് കുറ്റസമ്മതം നടത്തുന്നതും ഗീതിക സുഭാഷിന്റെ മുഖത്ത് അടിക്കുന്നതും ദൃശ്യത്തിലുണ്ട്. നടന്‍ അതുല്‍ സബര്‍വാളും ഗീതകക്കൊപ്പമുണ്ടായിരുന്നു.സംഭവം പുറത്തറിയരുതെന്നും അത് തങ്ങളുടെ മകന്റെ ഭാവിയെ ബാധിക്കുമെന്നും സുഭാഷ് കപൂറിന്റെ ഭാര്യ കരഞ്ഞു പറയുന്നുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗീതിക ത്യാഗി സുഭാഷ് കപൂറുമായി സംസാരിക്കുന്നത്. ഗീതികയുടെ പല ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സുഭാഷ് ഉത്തരം നല്‍കാനാവാതെ കുഴങ്ങുന്നതും കാണാം. ഒടുവില്‍ സുഭാഷിന്റെ മുഖത്തടിച്ച് ഗീതിക മുറിക്കു പുറത്തേക്ക് പോവുകയായിരുന്നു.
ഗീതികയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുഭാഷ് കപൂര്‍ സംവിധാനത്തില്‍ തുടങ്ങാനിരിക്കുന്ന 'മൊഗുള്‍' എന്ന ചിത്രത്തില്‍നിന്ന് ആമിര്‍ഖാന്‍ പിന്‍മാറി. ചിത്രത്തിന്റെ നിര്‍മാതാവ് ഭൂഷന്‍ കുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി അറിയിച്ചു.ഇപ്പോള്‍ തുടങ്ങിയിരിക്കുന്ന മീടു ക്യാംപെയിന്‍ ബോളിവുഡിന് ആത്മപരിശോധനയ്ക്കുളള അവസരമാണെന്നും സിനിമാ ലോകത്തെ സുരക്ഷിതവും സന്തോഷപ്രദവുമായ ഇടമാക്കി തീര്‍ക്കാന്‍ ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ആമിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
സംഗീതഞ്ജന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു മൊഗുള്‍. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ടതിനാലായിരുന്നു നിര്‍മ്മാണ പങ്കാളിയാവാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ആമിര്‍ എത്തിയിരുന്നത്. എന്നാല്‍ സുഭാഷ് കപൂര്‍ ആരോപണ വിധേയനായതോടെ നടന്‍ തീരുമാനം മാറ്റുകയായിരുന്നു.ആമിറിനോടും കിരണ്‍ റാവുവിനോടും ബഹുമാനമുണ്ടെന്നും അവരുടെ തീരുമാനം മനസ്സിലാക്കുവുന്നതാണെന്നും സുഭാഷ് കപൂര്‍ മറുപടിയായി പറഞ്ഞു. 'ഇത് കോടതിയില്‍ ഇരിക്കുന്ന കേസ് ആണ്. കോടതിയില്‍ എന്റെ നിരപരാധിത്വം തെളിയിക്കണം. പക്ഷേ ഒരു കാര്യം ചോദിക്കട്ടെ. കരയുന്ന പെണ്‍കുട്ടിയുടെ വിഡിയോ അവരുടെ സമ്മതോ അറിവോ ഇല്ലാതെ സമൂഹമാധ്യമങ്ങളിലും മറ്റും അപ്ലോഡ് ചെയ്യുന്നത് കുറ്റമല്ലേ? കുറ്റക്കാരന്‍ എന്നു ആരോപിക്കുന്ന ഒരാളുടെ ബന്ധുവായതാണോ അവര്‍ ചെയ്ത കുറ്റം.'-സുഭാഷ് കപൂര്‍ ചോദിച്ചു