Latest News

റിക്ഷാവാലയുമായി ഓടയില്‍ നിന്ന്; കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍ ജീവിതം മാറ്റി മറിച്ചു; വിദ്യാധരന്‍ മാസ്റ്റര്‍ മികച്ച ഗായകനാകുമ്പോള്‍

Malayalilife
topbanner
 റിക്ഷാവാലയുമായി ഓടയില്‍ നിന്ന്; കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍ ജീവിതം മാറ്റി മറിച്ചു; വിദ്യാധരന്‍ മാസ്റ്റര്‍ മികച്ച ഗായകനാകുമ്പോള്‍

എഴുപത്തിഒമ്പതാം വയസില്‍ വിദ്യാധരന്‍ മാസ്റററെ തേടി മികച്ച ഗായകനുള്ള പുരസ്‌ക്കാരം എത്തുമ്പോള്‍ സാര്‍ത്ഥകമാകുന്നത് പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന സംഗീത സപര്യയാണ്. പ്രതിഭാധനരായ സമകാലികരെ പോലെ ഒരു പാട് എണ്ണം സിനിമകള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം ചെയ്തിട്ടില്ലെങ്കിലും ചെയ്തത് എല്ലാം ഹിറ്റ് ഗാനങ്ങളാണ്. പക്ഷെ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് ലഭിച്ചതാകട്ടെ മികച്ച ഗായകനുള്ള പുരസ്‌ക്കാരവും. എന്നാല്‍ അധികം പേരും അറിയാത്ത ഒരു കാര്യം അദ്ദേഹം സിനിമയില്‍ എത്തിയത് ഒരു പിന്നണിഗായകനായിട്ട് തന്നെയാണ്.

കെ.എസ്.സേതുമാധവന്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീത സംവിധാനത്തിലാണ് വിദ്യാധരന്‍ മാസ്റ്റര്‍ ആദ്യമായി സിനിമയില്‍ പിന്നണി പാടുന്നത്. മെഹബൂബിന് ഒപ്പം അദ്ദേഹം പാടിയ ഓ റിക്ഷാവാലാ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി എങ്കിലും ഒരു ഗായകന്‍ എന്ന നിലയില്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് പിന്നീട് തിളങ്ങി നില്‍ക്കാന്‍ കഴിഞ്ഞില്ല.

വിദ്യാധരന്‍ മാസ്റ്റര്‍ എന്ന സംഗീത സംവിധായകനെ മലയാളികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് ശ്രീമൂലനഗരം വിജയന്‍ സംവിധാനം ചെയ്ത എന്റെ ഗ്രാമം എന്ന സിനിമയിലെ കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍ കല്‍ഹാര ഹാരവുമായി എന്ന ഗാനത്തിലൂടെയാണ്. യേശുദാസ് അതിമനോഹരമായി ആലപിച്ച ഈ ഗാനം ഒരു തവണയെങ്കിലും മൂളാത്ത മലയാളികള്‍ ഉണ്ടാകില്ല.

പിന്നീട് പുറത്ത് വന്ന വീണപൂവിലെ നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഖസിംഹാസനം നല്‍കി എന്ന ഗാനം വിദ്യാധരന്‍ മാസ്റ്റര്‍ എന്ന സംഗീത സംവിധായകന് മലയാള സിനിമയില്‍ ഒരു കസേര നീക്കിയിട്ട് നല്‍കിയതായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അച്ചുവേട്ടന്റെ വീട്ടിലെ ചന്ദനം മണക്കുന്ന പൂന്തോട്ടവും റിലീസ് ചെയ്തിട്ടില്ലാത്ത കാണാന്‍ കൊതിച്ച് എന്ന ചിത്രത്തിലെ സ്വപ്നങ്ങളൊക്കെയും പങ്കു വെയ്ക്കാം എന്നീ ഗാനങ്ങള്‍ എങ്ങനെയാണ് നമ്മള്‍ മറക്കുക.

ഒടുവില്‍ കഥാവശേഷന്‍ എന്ന ചിത്രത്തില്‍ ജയച്ചന്ദ്രനും ഒത്ത് അദ്ദേഹം ആലപിച്ച കണ്ണും നട്ട് കാത്തിരുന്നിട്ടും എന്ന ഗാനം വീണ്ടും വിദ്യാധരന്‍ മാസ്റ്ററിലെ അനുഗ്രഹീത ഗായകനെ നമുക്ക് കാട്ടിത്തന്നു. ഒടുവില്‍ ഇതാ ജനനം 1947 പ്രണയം ഇപ്പോഴും തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്ന് ഓര്‍ത്തൊരു കനവില്‍ എന്ന ഗാനത്തിലൂടെ വിദ്യാധരന്‍ മാസ്റ്റര്‍ മികച്ച ഗായകനുള്ള പുരസ്‌ക്കാരവും നേടിയിരിക്കുന്നു. ഒരു കോക്കസുകളിലും അംഗമല്ലാത്ത നിഷ്‌ക്കളങ്കനായ ഈ കലാകാരന് കിട്ടിയ ആദരം ഇത്തവണത്തെ സംസ്ഥാന സിനിമാ അവാര്‍ഡിനെ ഏറെ ശ്രദ്ധേയമാക്കുന്നു.

ഏറെ വൈകിയെങ്കിലും തന്റെ സംഗീതം അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷമുണ്ടെന്ന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ശേഷം വിദ്യാധരന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലെ ‘പതിരാണെന്നോര്‍ത്തൊരു കനവില്‍’ എന്ന ഗാനത്തിലൂടെയാണ് വിദ്യാധരന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയത്. എട്ടാം വയസ്സില്‍ പാട്ട് പാടാന്‍ ആഗ്രഹിച്ച് നാടുവിട്ടുപോയ തന്നെ ഈ 79ാം വയസ്സിലെങ്കിലും അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.

എട്ടാം വയസ്സില്‍ പാട്ടുപാടാന്‍ ആഗ്രഹിച്ച് നാടുവിട്ടു പോയ ആളാണ് ഞാന്‍. പാട്ടുകാരന്‍ ആകാന്‍ ആഗ്രഹിച്ചു നടന്ന എനിക്ക് ഇപ്പോള്‍ 79 വയസ്സ് കഴിഞ്ഞു. ഇപ്പോഴാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്. പാട്ടുകാരനാകാനാണ് എന്നും ആഗ്രഹിച്ചത്. പാട്ടുകാരനായിട്ട് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. സംഗീതം ചെയ്തതിന് ഇതുവരെ പുരസ്‌കാരം തേടിയെത്തിയിട്ടില്ല-മാസ്റ്റര്‍ പറയുന്നു.

എന്റെ പാട്ടുകള്‍ പാടിയതിന് യേശുദാസിനും ചിത്രയ്ക്കും ഒഎന്‍വി സാറിനുമൊക്കെ പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ എനിക്കു മാത്രമില്ല. ഏതൊക്കെ പാട്ടുകളാണ് ഞാന്‍ പാടിയിട്ടുള്ളത് എന്നുപോലും എനിക്ക് ഓര്‍മയില്ല. കുറേയേറെയുണ്ട്. ഇപ്പോള്‍ പുരസ്‌കാരം ലഭിച്ചതില്‍ മനസ്സ് നിറഞ്ഞു സന്തോഷിക്കുന്നു. ഇപ്പോഴെങ്കിലും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞല്ലോ’, വിദ്യാധരന്‍ മാസ്റ്റര്‍ പറഞ്ഞു.

vidhyadharan master life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES