മലയാളികളുടെ മനസ്സിലെ എക്കാലത്തെയും വിങ്ങലാണ് നടി മോനിഷ. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച നടിയാണ് മോനിഷ. 1986ല്‍ 'നഖക്ഷതങ്ങ'ളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ 15 വയസ്സ് മാത്രമായിരുന്നു മോനിഷയുടെ പ്രായം. പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍, സിനിമയില്‍ സജീവമായിരിക്കെ, അപ്രതീക്ഷിതമായിരുന്നു മോനിഷയുടെ വിയോഗം മലയാളത്തെ വിസ്മയിപ്പിച്ച നടി മോനിഷയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 30 വയസ്സായിരിക്കുകയാണ്.
മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ടു ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞെന്നാണ് മോനിഷയെ വെള്ളിത്തിരയിലേക്ക് ചുവടുവച്ച് കയറ്റിയ എംടി വിശേഷിപ്പിച്ചത്. പതിനാലാം വയസ്സില്‍ അരങ്ങേറ്റചിത്രത്തില്‍ തന്നെ ദേശീയ പുരസ്‌കാരം നേടി മോനിഷ എന്ന നടിയുടെ കഴിവും സ്ഥാനവും കാണിട്ടു തന്നിരുന്നു. സിനിമയില്‍ മിന്നും പ്രകടനം കാഴ്ച വച്ച 7 വര്‍ഷങ്ങളില്‍ താരം അഭിനയിച്ചത് 27 സിനിമകളില്‍ ആയിരുന്നു. ചുരുങ്ങിയ കാലത്തെ അഭിനയജീവിതമായിരുന്നെങ്കിലും ഒരായുഷ്‌കാലത്തേക്കുള്ള ഓര്‍മ്മകള്‍ അടയാളപ്പെടുത്തിയാണ് മോനിഷ മടങ്ങിയത്. മടക്കം ജീവിതത്തില്‍ നിന്നും മാത്രമായിരുന്നു. ഇന്നും മലയാളി മനസ്സുകളുടെ മടിത്തട്ടില്‍ മോനീഷ ചെയ്ത ഒരു പിടി നല്ല കഥാപാത്രങ്ങളിലൂടെ നടി ഇന്നും ജീവിക്കുന്നു.
അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം എന്നിങ്ങനെ നീളുന്നതാണ് മോനിഷയുടെ നല്ല കഥാപാത്ര അവതരണത്തിന്റെ സിനിമകള്‍. തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു മോനിഷയുടെ കലാജീവിതം. മലയാളത്തില്‍ മാത്രമല്ല തമിഴിലും കന്നടയിലുമെല്ലാം മോനിഷയ്ക്ക് ആരാധകര്‍ നിരവധിയായിരുന്നു. അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി മാറ്റുവാന്‍ അതിക നാള്‍ എടുത്തിരുന്നില്ല. സിനിമയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മോനിഷ വിട വാങ്ങിയത,് ചേര്‍ത്തല എക്സറേ കവലയില്‍ നിന്ന് മോനിഷയുടെ കാര്‍ മരണത്തിന്റെ പാതയിലേക്ക് യു ടേണെടുത്ത് പാഞ്ഞപ്പോള്‍ പിടഞ്ഞത് ആരാധക ഹൃദയങ്ങളായിരുന്നു.
1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷയുടെ ജനനം. മോനിഷയുടെ അച്ഛന് ബാംഗ്ലൂരില്‍ തുകല്‍ ബിസിനസ് ആയിരുന്നതിനാല്‍ മോനിഷയുടെ ബാല്യകാലം അവിടെയായിരുന്നു. അമ്മ ശ്രീദേവി നര്‍ത്തകിയാണ്. മോനിഷയുടെ വിദ്യാഭ്യാസ കാലഘട്ടവും ബാംഗ്ലൂരില്‍ തന്നെയായിരുന്നു. കുട്ടിക്കാലം തൊട്ടു നൃത്തം അഭ്യസിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസ്സില്‍ ആദ്യ സ്റ്റേജ് പ്രോഗ്രാമിനു കയറി. 1985ല്‍ കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന 'കൌശിക അവാര്‍ഡ്' മോനിഷ സ്വന്തമാക്കി.
സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷയ്ക്ക് സിനിമയില്‍ അവസരം കിട്ടിയത് കുടുംബ സുഹൃത്തായ എം ടി വാസുദേവന്‍ നായരിലൂടെയായിരുന്നു. നഖക്ഷതങ്ങളായിരുന്നു മോനിഷയുടെ ആദ്യ ചിത്രം. കൗമാരത്തിലെ ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ നഖക്ഷതങ്ങളിലൂടെ മോനിഷയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്താന്‍ അധിക നാളുകള്‍ വേണ്ടി വന്നിരുന്നില്ല. പതിനഞ്ചാമത്തെ വയസ്സിലാണ് മോനിഷ ഈ അംഗീകാരം സ്വന്തമാക്കുന്നത്. പിന്നീട് പെരുന്തച്ചന്‍, കടവ്, കമലദളം, ചമ്പക്കുളം തച്ചന്‍, കുടുംബസമേതം തുടങ്ങിയ ചിത്രങ്ങളിലൂടെയും മോനിഷയുടെ അഭിനയമികവ് മലയാളികള്‍ കണ്ടറിഞ്ഞു. മലയാളത്തിനു പുറമെ നഖനക്ഷത്രങ്ങളുടെ റീമേക്കായ 'പൂക്കള്‍ വിടും ഇതള്‍', 'ദ്രാവിഡന്‍' തുടങ്ങിയ തമിഴ് സിനിമകളിലും രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച 'ചിരംജീവി സുധാകര്‍' എന്ന കന്നട സിനിമയിലും മോനിഷ അഭിനയിച്ചു.
1992 ഡിസംബര്‍ അഞ്ചിനു 'ചെപ്പടിവിദ്യ' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും സഞ്ചരിച്ചിരുന്ന കാര്‍ ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലായിരുന്നു മലയാളി ഹൃദയങ്ങളില്‍ പരിക്കേല്‍പ്പിച്ച് മരണം മോനിഷയെ തട്ടിയെടുത്തത്. എറണാകുളം ലക്ഷ്യമാക്കിയുളള യാത്രാമധ്യേയാണ് അപകടം ഉണ്ടാവുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെ നാല് യാത്രക്കാരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോകുമോ എന്ന സംശയത്തില്‍ കാറിലുണ്ടായിരുന്ന യുവതി സംസാരിച്ചുകൊണ്ടിരുന്നെങ്കിലും ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുവാന്‍ അധിക സമയം വേണ്ടി വന്നില്ല. ഡോര്‍ തുറന്നു പുറത്തേക്ക് വീണതിനാല്‍ യുവതി മാത്രം രക്ഷപ്പെട്ടു. നാട്ടുകാരില്‍ ആരോ ആണ് മോനിഷയെ കാറില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ തിരിച്ചറിഞ്ഞത്. മരിക്കുനപോള്‍ 25 വയസ്സായിരുന്നു മോനിഷയ്ക്ക്. താരപദവിയുടെ മുകളില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു മോനിഷയുടെ അപ്രതീക്ഷിത വിയോഗം