മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനായിരുന്നു കെ.ജി ജോര്‍ജ്. സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച് ഒരു കാലത്ത് നിറഞ്ഞു നിന്ന അദ്ദേഹം 1998ലാണ് ഇലവങ്കോടു ദേശം എന്ന അവസാന ചിത്രം സംവിധാനം ചെയ്തത്. അതിനു ശേഷം നിരവധി സിനിമാ രംഗത്തെ നിരവധി സ്ഥാനമാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ശരീരം തളര്‍ന്നു പോയ അദ്ദേഹത്തിന്റെ അവസാന കാലം മുഴുവന്‍ ഇവിടെയായിരുന്നു. ഭാര്യയും മക്കളും ഇടയ്ക്ക് കാണാനെത്തിയിരുന്നെങ്കിലും മനസിലെ സങ്കടങ്ങള്‍ ആരെയും അറിയിക്കാന്‍ സാധിക്കാതെയാണ് അദ്ദേഹം കടന്നു പോയത്.
തിരുവല്ലക്കാരനായിരുന്നു കെ ജി ജോര്‍ജ്ജ്. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്നാണ് മുഴുവന്‍ പേര്. അതാണ് പിന്നീട് കെ ജി ജോര്‍ജ്ജ് ആയി മാറിയത്. എന്‍എസ്എസ് കോളജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയ ശേഷം പുണെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും സിനിമാ സംവിധാനം കോഴ്‌സ് പൂര്‍ത്തിയാക്കി. തുടര്‍ന്ന് പ്രശസ്ത സംവിധായകന്‍ രാമു കാര്യാട്ടിന്റെ സഹായിയായിട്ടാണ് സിനിമാരംഗത്തേയ്ക്കു ചുവടുവച്ചത്. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അങ്ങനെ മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു.
തുടര്‍ന്നാണ് 1976ല്‍ സ്വപ്നാടനം എന്ന ചിത്രം സ്വന്തമായി സംവിധാനം ചെയ്തത്. ആദ്യ സിനിമയിലൂടെ തന്നെ ദേശീയ പുരസ്‌കാരമടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഹിറ്റുകളാണ് സമ്മാനിച്ചത്. തൊട്ടടുത്ത വര്‍ഷം 77ല്‍ വിവാഹവും കഴിച്ചു. ഗായകനും നടനുമായ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മയെ ആയിരുന്നു ജോര്‍ജ്ജ് ജീവിതത്തിലേക്ക് ക്ഷണിച്ചത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. തിരുവല്ലക്കാരായ ജോര്‍ജ്ജും സല്‍മയും റോഡരികില്‍ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയത്.
ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായി തിളങ്ങി നില്‍ക്കുന്നതിനാല്‍ തന്നെ സല്‍മയ്ക്ക് കണ്ടമാത്രയില്‍ മനസിലായി. അതുകൊണ്ടു തന്നെ ആദ്യം പോയി ചോദിച്ചത് സിനിമയില്‍ ഒരു പാട്ട് പാടാന്‍ തരാമോ എന്നാണ്. എന്നാല്‍ പാട്ടുകളോട് യാതൊരു കമ്പവും ഇല്ലാത്തയാളായിരുന്നു ജോര്‍ജ്ജ്. അതുകൊണ്ടുതന്നെ സ്വപ്നാടനത്തില്‍ ഉണ്ടായിരുന്ന പാട്ടു പോലും ഒഴിവാക്കിയ ആളാണ്. എന്നെങ്കിലും ഉണ്ടാവുകയാണെങ്കില്‍ അന്ന് അവസരം തരാമെന്നായിരുന്നു ജോര്‍ജ്ജിന്റെ മറുപടി. അന്ന് അവസരങ്ങള്‍ വളരെ കുറവായിരുന്നതിനാല്‍ തന്നെ പുതുമുഖങ്ങള്‍ക്ക് ചാന്‍സ് ലഭിക്കുന്നത് കുറവായിരുന്നു. മാത്രമല്ല, എസ് ജാനകിയൊക്കെ കത്തിനില്‍ക്കുന്ന സമയവും. അങ്ങനെയിരിക്കെയാണ് ജോര്‍ജ്ജിന്റെ വിവാഹാലോചന സല്‍മയുടെ വീട്ടിലെത്തുന്നത്.
ആലോചന എത്തിയപ്പോള്‍ ജോര്‍ജിനെ വിവാഹം കഴിച്ചാല്‍ നിനക്ക് ജോര്‍ജിന്റെ സിനിമകളിലെങ്കിലും പാടാമല്ലോ എന്നായിരുന്നു സല്‍മയുടെ അമ്മാവന്റെ മറുപടി. അങ്ങനെയാണ് കല്യാണം കഴിക്കുന്നത്. പിന്നീട് അങ്ങോട്ട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ജോര്‍ജ്ജില്‍ നിന്നും പിറന്നത്. യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മേള, ഇരകള്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ അക്കൂട്ടത്തിലുണ്ട്. കാലത്തെ അതിജീവിച്ച സിനിമകളാണ് കെ ജി ജോര്‍ജിന്റേത്. അതിനിടെ സല്‍മയും പിന്നണി ഗാനരംഗത്തേക്കും എത്തിയിരുന്നു. ഉള്‍ക്കടല്‍ എന്ന ചിത്രത്തിലെ ശരദിന്ദു മലര്‍ദീപ നാളം നീട്ടി എന്ന ഹിറ്റ് ഗാനം ആലപിച്ചത് സല്‍മയാണ്. ഇവര്‍ക്ക് അരുണ്‍, താര എന്നീ രണ്ടു മക്കളും ജനിച്ചു.
98ല്‍ സിനിമ സംവിധാനം ഒക്കെ അവസാനിച്ച ശേഷം 2000ത്തില്‍ ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2003ല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷനുമായി. 2006ല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഎഫ്ഡിസി) അധ്യക്ഷനായി. അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. മാക്ട ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. അതിനു ശേഷമാണ് അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചത്. അതോടെയാണ് കാക്കനാട്ടെ വയോജന കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റിയത്.
ഒരാഴ്ച്ച മുന്‍പാണ് സല്‍മ ജോര്‍ജ്ജ് കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ ചെന്ന് ഭര്‍ത്താവിനെ അവസാനമായി കണ്ടത്. മകനുമുണ്ടായിരുന്നു ഒപ്പം. അവസാനമായി കണ്ടപ്പോള്‍ സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹം. മുഖത്തും വയറിലുമൊക്കെ ട്യൂബുകള്‍ ഘടിപ്പിച്ച അവസ്ഥയില്‍ സല്‍മയോടെന്തോ പറയാന്‍ ശ്രമിച്ച അദ്ദേഹത്തിന് ഒന്നിനും കഴിയാത്ത അവസ്ഥയിലായിരുന്നു. കുറച്ചു കാലമായി മകനോടൊപ്പം ഗോവയില്‍ താമസിക്കുകയാണ് സല്‍മ
ഇന്നലെ രാവിലെയാണ് കെ ജി ജോര്‍ജിന്റെ മരണം സംഭവിച്ചത്. 'ഓര്‍ക്കുമ്പോള്‍ ആകെ ഒരു ശൂന്യതയാണ്. എന്നും ചുറുചുറുക്കോടെ, അളവറ്റ പ്രതീക്ഷയോടെ മാത്രം കണ്ടു ശീലിച്ച മനുഷ്യനെ അത്തരമൊരു നിസ്സഹായാവസ്ഥയില്‍ കാണേണ്ടിവരും എന്ന് ഒരിക്കലും സങ്കല്പിച്ചിട്ടില്ല..' 'ഉടന്‍ വീണ്ടും വരാം' എന്ന വാക്കുകളോടെ മനസ്സില്ലാമനസ്സോടെയാണ് അന്ന് വിടപറഞ്ഞതെങ്കിലും തിരിച്ചു ഗോവയില്‍ എത്തിയ ശേഷം ഇത്ര നാളും ജോര്‍ജ്ജേട്ടന് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു താനെന്നാണ് സല്‍മ മരണ വാര്‍ത്തയറിഞ്ഞ് പ്രതികരിച്ചത്.