നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് നടന്‍ ഷെയ്ന്‍ നിഗത്തിനെ സിനിമയില്‍ നിന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇന്നലെയാണ് വിലക്കിയത്. ഷെയ്ന്‍ നിസഹകരിച്ച രണ്ട് സിനിമകള്‍ ഉപേക്ഷിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിക്കുക. ഈ ചിത്രങ്ങള്‍ക്ക് രണ്ടിനും കൂടി ചിലവായ ഏഴു കോടി നല്‍കാതെ ഷെയ്‌നെ ഇനി അഭിനയിപ്പിക്കേണ്ടെന്നാണ് തീരുമാനം. അതേസമയം ഒരുകാലത്ത് മലയാളസിനിമയില്‍ വിലക്ക് നേരിട്ട വിനയന്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കയാണ്
വര്‍ഷങ്ങളോളം മലയാള സിനിമയില്‍ വിലക്ക് നേരിട്ട സംവിധായകനാണ് വിനയന്‍. തന്റെ നിലപാടുകളുടെ പേരിലായിരുന്നു വിനയനെ മലയാള സിനിമാ രംഗം അകറ്റി നിര്‍ത്തിയത്. പക്ഷേ ആരുടെയും കാലുപിടിക്കാനോ മാപ്പു പറയാനോ പോകാതെ പരിമിതമായ സാഹചര്യത്തില്‍ നിന്നും തന്റെ സിനിമകള്‍ നിര്‍മ്മിച്ച് തീയറ്ററുകളെത്തിച്ച് വിനയന്‍ കൈയടി നേടി. ദിലീപിനെതിരെയും കടുത്ത നിലപാടുകളുമായി വിനയന്‍ എത്തിയിരുന്നു. ഇതിന്റെ പേരിലും പല തിരിച്ചടികളും വിനയന്‍ നേരിട്ടു. ഇപ്പോള്‍ തന്നെ പോലൊരു വിലക്ക് ഷെയ്ന്‍ നേരിടുമ്പോള്‍ വിനയന്റെ പ്രതികരണം ശ്രദ്ധനേടുകയാണ്.
ഷെയ്‌നിന്റെ സ്വഭാവത്തോട് ഒട്ടും യോജിക്കാനാവില്ലെന്നും ഷെയ്‌ന് തിരിച്ചുവന്ന് മാപ്പു പറഞ്ഞ് സിനിമകള് പൂര്ത്തിയാക്കിക്കൊടുക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്ന് വിനയന് പറയുന്നു. അന്നും ഇന്നും താന്‍ താരങ്ങളുടെ തെറ്റായ നിലപാടുകള്‍ക്കെതിരേ നിലകൊണ്ട വ്യക്തിയാണെന്നും അതിന്റെ പേരില്‍ തന്നെയാണ് തനിക്കും മലയാള സിനിമയില് നിന്നും വിലക്ക് നേരിടേണ്ടി വന്നതെന്നും വിനയന് പറയുന്നു. ഷെയ്ന്‍ കാണിച്ചത് ഒട്ടും ശരിയായില്ല. കുറച്ചുകൂടി അച്ചടക്കം ഷെയ്ന്‍ പാലിക്കണമായിരുന്നു
താരങ്ങളുടെ മോശമായ പെരുമാറ്റത്തിനെതിരേ നിന്നതു കൊണ്ടാണ് എനിക്ക് ചിലര്‍ പാര വച്ചത്. എന്നെ വിലക്കിയത് ഇത്തരമൊരു ഇഷ്യൂവിലായിരുന്നു. ദിലീപ് എന്ന നടന്‍ അന്ന് പ്രൊഡ്യൂസറുടെ കൈയ്യില്‍ നിന്നും അഡ്വാന്‍സ് വാങ്ങിയിട്ട് രണ്ട് വര്‍ഷമായി സഹകരിക്കാത്തതിന്റെ പേരില്‍ ശക്തമായ നടപടിയെടുക്കണമെന്ന് മാക്ട ഫെഡറേഷന്‍ സെക്രട്ടറിയായിരിക്കെ പറഞ്ഞു. അതിന്റെ പേരില്‍ അന്ന് സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ദിലീപ് വിനയനെ പാഠം പഠിപ്പിക്കാം എന്ന തീരുമാനത്തില്‍ എല്ലാവരെയും കൂട്ട് പിടിച്ച് എന്നെ പുറത്താക്കി. പണ്ട് ദിലീപിന് എനിക്കെതിരേ ആളുകളെ സംഘടിപ്പിക്കാനും എന്നെ പുറത്താക്കാനും സാധിച്ചു. ഷെയ്‌ന് പക്ഷെ അത്ര വലുതായിട്ടില്ല.
ഞാന് അന്നും ഇന്നും താരങ്ങളുടെ സ്വഭാവദൂഷ്യത്തിന് എതിരേ നില്ക്കുന്ന ആളാണ്. ഒരു സിനിമ ഹിറ്റായിക്കഴിയുമ്പോള് താന് ആണ് സിനിമയുടെ എല്ലാം എന്ന് കരുതുന്നത് ശരിയായ കാര്യമല്ല. ഷെയ്‌നിനോട് എനിക്ക് ഒരു തരത്തിലും യോജിക്കാനാകില്ല . ഷെയ്‌നിന്റെ അച്ഛന്‍ അബി തന്റെ നല്ലൊരു സുഹൃത്തായിരുന്നു എന്നും ആ സ്‌നേഹം തനിക്ക് ഷെയ്‌നൊടുണ്ടെങ്കിലും ഈ അച്ചടക്കമില്ലായ്മയോട് ഒരിക്കലും യോജിക്കാനാകില്ലെന്നാണ് വിനയന്‍ പറഞ്ഞത്. ഷെയ്ന്‍ തിരിച്ചു വന്നു മാപ്പ് പറഞ്ഞ് ഈ സിനിമകള് പൂര്ത്തിയാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം എന്നും വിനയന്‍ കൂട്ടിച്ചേര്‍ക്കുന്നു