ബോളിവുഡിലെ ജനപ്രിയ മലയാളി ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് (53) അന്തരിച്ചു.കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ രാത്രിയില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുത്ത് ഹോട്ടലിലേക്കു മടങ്ങിയെത്തിയ കെകെയ്ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ഉടന്‍ തന്നെ അദ്ദേഹത്തെ തെക്കന്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആല്‍ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്‍ന്ന ഗായകനാണ് കെകെ. സിനിമാഗാനങ്ങള്‍ക്കൊപ്പം ഇന്‍ഡി- പോപ്പ്, പരസ്യചിത്രങ്ങളുടെ ഗാനമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. കെകെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡിലെ പ്രമുഖര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. ബോളിവുഡിന്റെ പ്രണയവും വിരഹവുമെല്ലാം നിറഞ്ഞുനിന്ന മാസ്മരികശബ്ദം ഇനിയില്ലെന്ന സത്യം അംഗീകരിക്കാന്‍ സംഗീതപ്രേമികള്‍ക്ക് ഇനിയുമായിട്ടില്ല.
സംഗീതം പഠിക്കാതെ സ്വരമാധുരി കൊണ്ട് ബോളിവുഡിന്റെ ഹൃദയം കീഴടക്കിയാണ് പിന്നണിഗാന രംഗത്ത് ശ്രദ്ധേയനായത്. പരസ്യങ്ങളുടെ 3500 ജിംഗിള്‍സുകള്‍ പാടിയശേഷമായിരുന്നു ബോളിവുഡ് അരങ്ങേറ്റം. മാച്ചിസിലെ 'ച്ചോട് ആയെ ഹം ലെ' എന്ന ചെറിയൊരുഭാഗം പാടിയാണ് പിന്നണിഗാനരംഗത്തെത്തിയത്. പിന്നീടിങ്ങോട്ട് സംഗീതലോകത്തിനു സമ്മാനിച്ചത് ഹിറ്റുകളുടെ തുടര്‍ച്ച.
1999-ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനായി പാടിയ 'ജോഷ് ഓഫ് ഇന്ത്യ' ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ആഷിക് ബനായാ അപ്‌നെയിലെ ദില്‍ നഷി, തൂഹി മേരി ശബ് ഹെ തുടങ്ങിയ ഗാനങ്ങള്‍ കേള്‍ക്കാത്തവര്‍ കുറവായിരിക്കും. മലയാളിയായ കെകെ പക്ഷെ ഒരേയൊരു ഗാനമാണ് മലയാളത്തില്‍ പാടിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായ പുതിയമുഖം എന്ന ചിത്രത്തിലെ രഹസ്യമായ് എന്ന ഗാനമാണത്
തൃശൂര്‍ തിരുവമ്ബാടി സ്വദേശി സി.എസ്.മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ല്‍ ഡല്‍ഹിയിലാണു ജനനം. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം നന്നായി സംസാരിച്ചു. ഡല്‍ഹിയിലായിരുന്നു വളര്‍ന്നതും പഠിച്ചും. 1968-ല്‍ ജനിച്ച കൃഷ്ണകുമാര്‍ ഡല്‍ഹി മൗണ്ട് സെയ്ന്റ് മേരീസ് സ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസംനേടി. കിരോരി മാല്‍ കോളേജില്‍നിന്ന് ബിരുദവും നേടി.
മോണ്‍ട് സെന്റ് മേരീസ് സ്‌കൂളിലും കിരോരി മാല്‍ കോളജിലും പഠിക്കുമ്ബോള്‍ ഹൃദിസ്ഥമാക്കിയതു കിഷോര്‍ കുമാറിന്റെയും മുഹമ്മദ് റഫിയുടെയും അബ്ബയുടെയും ഗാനങ്ങള്‍. സ്വന്തമായി റോക്ക് മ്യൂസിക് ഗ്രൂപ്പുണ്ടാക്കി പാടി. കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവായി. താമസിയാതെ ഹീറോ ഹോണ്ടയ്ക്കും ഉഷാ ഫാനിനും വേണ്ടി പരസ്യട്യൂണുകള്‍ മൂളിസംഗീതരംഗത്തേക്കു തന്നെയെത്തി.
ആ അനുഭവത്തിന്റെ ബലത്തിലാണ് കെകെ മുംബൈയിലെത്തിയത്. 3500ല്‍ അധികം ജിംഗിളുകള്‍ (പരസ്യചിത്രഗാനങ്ങള്‍). ടെലിവിഷന്‍ സീരിയലുകള്‍ക്കായും പാടിയിട്ടുള്ള കെകെയുടെ ശബ്ദം എല്ലാ പ്രേക്ഷകര്‍ക്കും പരിചിതം. മാച്ചിസ് എന്ന ഗുല്‍സാര്‍ ചിത്രത്തിലെ 'ഛോടായേ ഹം വോ ഗലിയാം....' എന്ന ഗാനത്തോടെ കെകെയെ ഗാനലോകമറിഞ്ഞു. ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിലെ 'തടപ് തടപ്' എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാര്‍ ബീറ്റ്സ്), ആവാര പന്‍ (ജിസം), ഇറ്റ്സ് ദ ടൈം ഫോര്‍ ഡിസ്‌കോ (കല്‍ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പോപ്പുലര്‍ ചാര്‍ട്ടുകളുടെ മുന്‍നിരയിലെത്തിച്ചു.
എ.ആര്‍. റഹ്‌മാന്റെ സംഗീതത്തില്‍ മിന്‍സാരക്കനവില്‍ പാടിയാണു ദക്ഷിണേന്ത്യന്‍ സിനിമയിലേക്കു പ്രവേശിച്ചത്. വൈകാതെ തമിഴിലും തെലുങ്കിലും സ്ഥിരം ഗായകനായി. മലയാളത്തില്‍ പാടാന്‍ പിന്നെയും വൈകി. ആയുധം എന്ന സിനിമയില്‍ പാടിയെങ്കിലും യേശുദാസിന്റെ സ്ഫടികസമമായ സ്വരം കേട്ടു ശീലിച്ച മലയാളികള്‍ തന്റെ ഉച്ചാരണശുദ്ധിയില്ലായ്മ സ്വീകരിക്കുമോ എന്നു സംശയിച്ചു. മലയാളത്തില്‍ പുതിയ മുഖത്തിലെ 'രഹസ്യമായ്' ഹിറ്റ് ഗാനമാണ്. അഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയ കെ.കെ. തമിഴ്, കന്നഡ സിനിമാരംഗത്തും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
1999ല്‍ പുറത്തിറങ്ങിയ 'പല്‍' എന്ന ആല്‍ബം കെകെയെ ഇന്‍ഡി-പോപ്പ് ചാര്‍ട്ടുകളില്‍ മുകളിലെത്തിച്ചു. രണ്ടാമത്തെ ആല്‍ബം ഹംസഫറും വന്‍ തോതില്‍ ആരാധകരെ നേടി. പിന്നാലെ സ്റ്റേജ് ഷോകളുമായി രാജ്യമാകെ തരംഗം തീര്‍ത്തു. ഹിന്ദിയില്‍ ക്യാ മുജെ പ്യാര്‍ ഹെ (വോ ലംഹെ), ആംഖോം മെ തേരി (ഓം ശാന്തി ഓം), ഖുദാ ജാനെ (ബച്നാ ഏ ഹസീനോ), പിയ ആയേ നാ (ആഷിഖി 2), തൂഹി മേരെ ഷബ് ഹെ (ഗാങ്സ്റ്റര്‍), തൂനെ മാരി എന്‍ട്രിയാന്‍ (ഗൂണ്ടേ) തുടങ്ങിയ ഗാനങ്ങളും തമിഴില്‍ സ്‌ട്രോബറി കണ്ണേ (മിന്‍സാര കനവ്), അപ്പടി പോട് (ഗില്ലി), ഉയിരിന്‍ ഉയിരേ (കാക്ക കാക്ക) എന്നിവയും കെകെയുടെ ഹിറ്റ് ലിസ്റ്റില്‍ പെടുന്നു. 5 തവണ ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കെകെ പാടിയ പരസ്യചിത്രഗാനങ്ങള്‍ പലതും നമ്മളറിയും; പെപ്‌സിയുടെ 'യേ ദില്‍ മാംഗേ മോര്‍' അത്തരമൊന്നാണ്. ബാല്യകാലസഖിയായ ജ്യോതിയെയാണു വിവാഹം ചെയ്തത്. മകന്‍ നകുല്‍ കെകെയുടെ ആല്‍ബമായ ഹംസഫറില്‍ പാടിയിട്ടുണ്ട്.