ഷാജി കൈലാസ് നിർമ്മിച്ച് കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന താക്കോലിന്റെ തിരക്കുകളിലാണ് എം.ജയചന്ദ്രൻ. ക്രിസ്തിയ പശ്ചാത്തലമുള്ള നാല് ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് ജയച്ചന്ദ്രൻ താക്കോലിനായി ഒരുക്കുന്നത്. താക്കോലിന്റെ ജോലികൾക്കിടയിൽ ജയചന്ദ്രൻ മറുനാടൻ മലയാളിയുമായി സംസാരിച്ചു. ജീവിതവും പ്രണയവും ഗാനങ്ങളും സംഗീതവുമെല്ലാം ഈ സംഭാഷണത്തിൽ കടന്നുവരുന്നുണ്ട്. സിംഗപ്പൂരിൽ നിന്ന് കേരളത്തിലെത്തി വിജയം കരുപ്പിടിപ്പിച്ച പോരാളിയായ അമ്മയെക്കുറിച്ചും ഭാര്യയായി മാറിയ പ്രിയയുമായിയുണ്ടായ പ്രണയത്തെക്കുറിച്ചും അഭിമുഖത്തിൽ ജയചന്ദ്രൻ വിശദമാക്കുന്നു.
സംഗീതത്തിന്റെ മധുപാത്രം തുറന്നു ഹൃദയഹാരിയായ എത്രയോ ഗാനങ്ങൾ എം.ജയചന്ദ്രൻ മലയാളികൾക്ക് തന്നു. ഓരോ ഗാനങ്ങളും സംഗീതാസ്വാദകരുടെ മനസിലുണ്ട്. കൂടുതൽ കൂടുതൽ മികച്ച ഗാനങ്ങൾക്കായുള്ള ഈ സംഗീതസപര്യ അദ്ദേഹം തുടരുകയുമാണ്. എന്റെ ആഗ്രഹങ്ങൾ എല്ലാം സംഗീതവുമായി ബന്ധപ്പെട്ടതാണ്. നിറഞ്ഞ സംഗീതം, അത് സൃഷ്ടിക്കാനായി ഓരോ നിമിഷവും തോന്നലുകൾ ഉണ്ടാക്കണം ഭഗവാനെ എന്നാണ് എന്റെ പ്രാർത്ഥന-അഭിമുഖത്തിൽ ജയചന്ദ്രൻ പറയുന്നു അഭിമുഖത്തിലേക്ക്
പുതിയ ശബ്ദങ്ങൾക്ക് അവസരം കൊടുക്കാൻ സംഗീത സംവിധായകർ തയ്യാറാകുന്നില്ലെന്ന് അർജുനൻ മാസ്റ്റർ ഈയിടെ പറഞ്ഞിരുന്നു?
അർജുനൻ മാസ്റ്റർ അങ്ങിനെ പറഞ്ഞതിൽ അദ്ദേഹത്തിന്റെതായ ന്യായങ്ങൾ തീർച്ചയായും ഉണ്ടാകും. എന്നെ സംബന്ധിക്കുകയാണെങ്കിൽ എന്റെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ രാജലക്ഷ്മി, മഞ്ജരി, സിതാര, മൃദുല വാര്യർ, വൈക്കം വിജയലക്ഷ്മി, സുധീപ്, മധു ബാലകൃഷ്ണൻ, ശ്രേയക്കുട്ടി അങ്ങിനെ നിരവധി പുതിയ ഗായകരെ പിന്നണി ഗാനരംഗത്തേക്ക് അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.
അവതരിപ്പിക്കുക മാത്രമല്ല സ്റ്റേറ്റ് അവാർഡ് പോലുള്ള അവാർഡുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. എന്റെ ഭാഗത്ത് നിന്ന് എപ്പോഴും പുതിയ ഗായകരെ കൊണ്ടുവരാനായിട്ടു അവർക്ക് അവസരം കൊടുക്കുവാനായിട്ടു നിരന്തരം ശ്രമിക്കുന്നുണ്ട്.
സ്വന്തം സിനിമകളിൽ ചില പ്രത്യേക ഗായകർ പാടണമെന്ന് സംവിധായകർ നിർബന്ധം പിടിക്കാറുണ്ടോ?
തീർച്ചയായുമില്ല. ചർച്ചകളിലൂടെയാണ് തീരുമാനം എടുക്കാറ്. സംവിധായകർ തീർച്ചയായും ഇത്തരം ഘട്ടങ്ങളിൽ എന്നിൽ വിശ്വാസമർപ്പിക്കാറുണ്ട്. ഞാൻ സെലക്റ്റ് ചെയ്യുന്ന ഗായകൻ, ഗായിക എന്നത് ഏത് അജണ്ടയ്ക്കും അപ്പുറമായിട്ട് ആ ഗാനത്തിന് ഏറ്റവും ഉതകുന്ന ശബ്ദമായിരിക്കും ഞാൻ ഉപയോഗിക്കുന്നത് എന്ന് അവർക്ക് ആത്മവിശ്വാസമുണ്ട്.അതുകൊണ്ട് തന്നെ എന്റെ റെസ്‌പോൺസിബിലിറ്റീസ് കൂടുതൽ ആണ്. ചില ഘട്ടങ്ങളിൽ ഗായകരെ തപ്പി കണ്ടുപിടിച്ചിട്ടുണ്ട്. വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്ന പാട്ടിനു ധപ്രദീപ് പള്ളുരുത്തിയെയാണ് സെലക്റ്റ് ചെയ്തത്. പ്രദീപ് പള്ളുരുത്തിയാണ് ആ ഗാനം ആലപിച്ചത്.
ഒരു പാട് ശബ്ദം കേട്ടുകേട്ട് ആ സീനിൽ ആ പാട്ടിനായി ഉതകുന്ന ഒരാളെ കണ്ടുപിടിക്കണം എന്ന രീതിയിലാണ് ആ ഗായകനെ തിരഞ്ഞെടുത്തത്. ചിലപ്പോൾ ചില നിർബന്ധങ്ങൾ വരാറുണ്ട്. അവർ പാടണം, ഇവർ പാടണം എന്നൊക്കെ. എന്റെ കാര്യത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഞാൻ നിർബന്ധിക്കാറുള്ളത് ശ്രേയയെ പാടിപ്പിക്കണം എന്നാണ്. ശ്രേയാ ഘോഷാലിനെ തന്നെ. .ഞങ്ങൾക്കിടയിൽ ചില ഹിറ്റ് ഗാനങ്ങൾ പിറവിയെടുത്തിട്ടുണ്ട്. ചിലപ്പോൾ ഞാൻ ചില നിർബന്ധങ്ങൾക്ക് വഴങ്ങാറുണ്ട്. ചിലപ്പോൾ ശ്രേയ അല്ല ആ പാട്ട് പാടേണ്ടത് എന്ന് തോന്നിയാൽ ആ രീതിയിൽ പോകും. ഇന്നയാളാണ് പാടേണ്ടത് എന്ന് തോന്നും. അത് പുതിയ ഒരാൾ ആകും. കിളിവാതിൽ ചാരേ എന്ന പുള്ളിക്കാരൻ സ്റ്റാറാണ് എന്ന സിനിമയിലെ പാട്ട് പാടിയത് ആൻ ആമിയാണ്. ആൻ പാടിയതിന്റെ ഒരു സുഖം ആ പാട്ടിനെ സംബന്ധിച്ച് ശ്രേയ പാടിയാൽ ലഭിക്കണമെന്നില്ല.
ഒരു ഭാഗത്ത് ജീവിതമുണ്ട്, മറുഭാഗത്ത് സംഗീതമുണ്ട്. ജീവിതത്തിലും സംഗീതത്തിലും ഉള്ള ആഗ്രഹങ്ങൾ എന്തൊക്കെയാണ്?
എന്റെ ആഗ്രഹങ്ങൾ എല്ലാം സംഗീതവുമായി ബന്ധപ്പെട്ടതാണ്. നിറഞ്ഞ സംഗീതം അത് ഉണ്ടാക്കാനായിട്ടു ഓരോ നിമിഷവും എനിക്ക് തോന്നലുകൾ ഉണ്ടാക്കണം ഭഗവാനെ എന്നാണ് എന്റെ പ്രാർത്ഥന. ഓരോ നിമിഷവും ആ പ്രാർത്ഥനയിലാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ എന്തുകൊണ്ടോ എന്ന് അറിയില്ല. എന്തോ ഒരു അനുഗ്രഹം പോലെ ഞാൻ ഓർക്കുന്ന ഈണങ്ങൾ എനിക്ക് ഈശ്വരൻ തന്നിട്ടുണ്ട്.
ആ ഈണങ്ങൾ മുന്നോട്ടും തരണമേ ഭഗവാനെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ എന്ന് ഞാൻ മനസിലാക്കുന്നു. ഇതൊരു കമ്മ്യൂണിക്കേഷനാണ്. പരിമിതനായ ഞാൻ അനന്തമായതിനോട് ചെയ്യുന്ന പ്രാർത്ഥനയാണ് എനിക്ക് സംഗീതം.
വ്യക്തി ജീവിതത്തിലേക്ക് വന്നാൽ പ്രണയവിവാഹമായിരുന്നു; എങ്ങിനെയാണ് ഭാര്യയെ കണ്ടുമുട്ടിയത്?
പ്രിയയാണ് ഭാര്യ. പ്രിയ എംബിഎ യൂത്ത് ക്വയറിൽ പ്രിയ പാടാൻ വരുമ്പോഴാണ് ഞാൻ പ്രിയയെ കാണുന്നത്.പ്രിയ അന്നും സംഗീതരംഗത്തുണ്ട്. പ്രിയ എംഎ മ്യൂസിക് ചെയ്തയാളാണ്. ആ ഇഷ്ടമാണ് വിവാഹത്തിലേക്ക് വന്നത്.രണ്ടു കുടുംബങ്ങളും തമ്മിൽ ആലോചിച്ചുള്ള വിവാഹമായിരുന്നു.വിവാഹകാര്യത്തിൽ രണ്ടു കുടുംബങ്ങൾക്കും തമ്മിൽ എതിർപ്പ് ഉണ്ടായിരുന്നില്ല.
കൃത്യമായ രീതിയിൽ കാര്യങ്ങൾ ഞങ്ങളുടെ കുടുംബങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്റെയും പ്രിയയുടെയും വിവാഹത്തിന്റെ കാര്യത്തിൽ ഒരെതിർപ്പും വന്നില്ല. ആലോചന തന്നെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. പ്രിയ തിരുവനന്തപുരത്ത് മംഗല്യ കാറ്ററിങ്. മംഗല്യ ബേക്കറി, വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ വെജിറ്റബിൾ സ്റ്റോർ എന്നിവ ചെയ്യുന്നുണ്ട്.
അമ്മയെക്കുറിച്ച് പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. അമ്മ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു?
'അമ്മ ബോൺ ഫൈറ്റർ ആയിരുന്നു. ജന്മനാ തന്നെ പോരാടാനുള്ള ഒരു മനോഭാവം അമ്മയുടെ സ്വഭാവത്തിലും ജീവിതത്തിലും കലർന്നിരുന്നു. 'അമ്മ മലേഷ്യയിൽ ജനിച്ച് വളർന്ന ആളാണ്. ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാണ് 'അമ്മ ഇന്ത്യയിൽ എത്തുന്നത്. അപ്പോഴേക്കും വിവാഹം തീരുമാനിക്കുകയും ചെയ്യും. അച്ഛൻ വളരെ ഓർത്തോഡോക്‌സ് ആയിരുന്നു. അതിൽ തന്നെ അമ്മയും അച്ഛനും തമ്മിൽ വൈരുധ്യം വന്നു. വൈദ്യുതി പോലും ഇല്ലാത്ത വീട്ടിലേക്കാണ് 'അമ്മ വിവാഹം കഴിച്ചു വരുന്നത്.
അന്ന് മുതൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താനും രീതികൾക്ക് അനുസരിച്ച് പോകാനും അമ്മ ശ്രദ്ധിച്ചു. എല്ലാത്തിനോടും യുദ്ധം ചെയ്തു പോകാനുള്ള മനസ്ഥിതിയാണ് 'അമ്മ പ്രകടിപ്പിച്ചത്. അമ്മയാണ് തിരുവനന്തപുരത്ത് ആദ്യമായി കാറോടിച്ചു നടന്ന വനിതകളിൽ ഒരാൾ. അങ്ങിനെ ആദ്യമായി 'അമ്മ പലതും ഇങ്ങിനെ ചെയ്തിട്ടുണ്ട്. 'അമ്മ സ്വന്തമായി ഉദ്യമം തുടങ്ങുകയായിരുന്നു. 1979 ൽ മംഗല്യ ബേക്കറി അമ്മ തിരുവനന്തപുരത്ത് തുടങ്ങി. ഒരു വനിത ആദ്യമായാണ് ഇങ്ങിനെ ഒരു സംരംഭം തുടങ്ങുന്നത്.
ആ കാലഘട്ടത്തിൽ പോലും മുന്നോട്ടു ചിന്തിച്ചിരുന്ന ആളാണ് 'അമ്മ. അമ്മയാണ് എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനമായത്. ഇപ്പോഴും സംഗീത രംഗത്ത് ഞാൻ മുന്നോട്ട് പോകുമ്പോഴും 'അമ്മ തരുന്ന അനുഗ്രഹം എന്നാണ് ഞാൻ കരുതുന്നത്.
ചിരിയാണ് മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കപ്പെട്ടുന്നത്. എന്താണ് ഈ ചിരിയുടെ പിന്നിലുള്ള രഹസ്യം?
വേണം എന്ന് പറഞ്ഞു ഞാൻ ചിരിക്കാറില്ല. ചിരി വരുമ്പോൾ മാത്രമേ ഞാൻ ചിരിക്കൂ. ചിരി വരുത്തി ചിരിക്കാറില്ല. ചിരി അത് സത്യസന്ധമായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പലപ്പോഴും ഈ ബോഡി ലാംഗ്വേജ് എനിക്ക് നെഗറ്റിവ് ആയിട്ടുണ്ട്.
എനിക്ക് പരിചയമില്ലാത്ത ആളുകളെ കാണുമ്പോൾ എനിക്ക് പലപ്പോഴും ചിരിക്കാൻ കഴിയാറില്ല. പക്ഷെ അവരെ പരിചയപ്പെട്ട്, അവരുടെ സ്‌നേഹം ഞാൻ അറിയുമ്പോൾ അറിയാതെ എനിക്ക് ചിരി വരാറുണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അങ്ങിനെയാണ് സംഭവിക്കുന്നത്. അങ്ങിനെ സംഭവിച്ചാൽ മതി എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
എന്താണ് നിലവിലെ പ്രോജക്ടുകൾ?
രസകരമായ പ്രോജക്ടുകൾ ആണ് ഞാൻ ചെയ്യുന്നത്. സത്യം ഓഡിയോസ് ആദ്യമായി നിർമ്മിക്കുന്ന സനൽ കളത്തിൽ സംവിധാനം ചെയ്യുന്ന മാർക്കോണി മത്തായിയാണ് ഞാൻ ഇപ്പോൾ ചെയ്യുന്നത്. ജയറാമേട്ടൻ നായകനാകുന്ന വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. അതിൽ നാലുപാട്ടുകളുണ്ട്. അതിൽ ഉണ്ണി മേനോൻ, ഉണ്ണി ചേട്ടനുമായി ഞാൻ വളരെ കുറച്ച് പാട്ടുകൾ മാത്രമേ ചെയ്തിട്ടുള്ളൂ. അദ്ദേഹം അതിമനോഹരമായി ഒരു പാട്ടു അതിൽ ആലപിച്ചിട്ടുണ്ട്. എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണിത്. അതിലുള്ള പാട്ടുകൾ ഞാൻ ഇപ്പോൾ ചെയ്യുന്ന കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്ന 'താക്കോലി'ൽ ഉള്ള പോലെ ക്രിസ്തീയ പശ്ചാത്തലത്തിലുള്ള ഗാനങ്ങൾ ആണ്. ഇതിൽ പ്രണയമുണ്ട്. ഫീൽ ഗുഡ് ആണ്. അത് അനുഭവിപ്പിക്കുന്ന പാട്ട് ആണ്.
ഞാൻ വളരെയധികം ഉറ്റുനോക്കുന്ന മാമാങ്കം എന്ന സിനിമയാണ്. മമ്മൂട്ടി സിനിമ. പത്മകുമാറേട്ടനാണ് സംവിധാനം. ഒരുധപാട് പാഷണെറ്റ് ആയാണ് വേണു ഇത് നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ നിന്ന് കൈപിടിച്ച് നിന്നാണ് നമ്മൾ ഇത് ചെയ്തിരിക്കുന്നത്. തീർച്ചയായും വലിയൊരു ചിത്രമാണ് മാമാങ്കം. അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് ഞാൻ കരുതുന്നത്. അതിലും നാല് പാട്ടുകളുണ്ട്. പട്ടാഭിരാമൻ എന്നുള്ള കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിൽ മൂന്നു പാട്ട് ചെയ്തിട്ടുണ്ട്. അത് വേറൊരു രീതിയിൽ കഥ പറയുന്ന സിനിമയാണ്. പട്ടാഭിരാമന്റെ രസകരമായ മുഹൂർത്തങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത്. പിന്നെ എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന തെളിവ് സിനിമയിൽ പശ്ചാത്തല സംഗീതം ഞാൻ ചെയ്യുന്നുണ്ട്. ഇതൊക്കെയാണ് നിലവിൽ ഞാൻ സംഗീതം ചെയ്യുന്ന സിനിമകൾ-ജയചന്ദ്രൻ പറഞ്ഞു നിർത്തുന്നു.