നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. താരത്തിന്റെത് ഒരു കൊച്ചു വല്യ കുടുംബം കൂടിയാണ്.
1959 ജൂൺ 26-ന് കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. സുഭാഷ്, സുനിൽ, സനിൽ എന്നിവരാണ് സഹോദരങ്ങൾ.ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഫാത്തിമ മാത കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കുകയും തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ താരത്തിന്റെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം എന്ന് പറയുന്നത് ബാലതാരമായിട്ടാണ്. 1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിൽ കേവലം 5 വയസ്സുള്ളപ്പോൾ ആണ് താരം അഭിനയിക്കാനായി എത്തിയിരിക്കുന്നത്. എന്നാൽ താരം മുതിർന്നതിനുശേഷം പഠനവും ജോലി തേടലും മറ്റുമായി നടന്നു എങ്കിലും മനസ്സിൽ സിനിമ എന്ന മോഹം സുരേഷ് ഗോപിയിൽ ഉണ്ടായിരുന്നു. 1986 ൽ മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു.പിന്നീട് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അക്കാലത്ത് വില്ലനായി അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങളിൽ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നൽ, മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് , രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്. തലസ്ഥാനം എന്ന സിനിമയിലൂടെയാണ് താരത്തിന് നായക വേഷങ്ങൾ ലഭിച്ച് തുടങ്ങിയതും.
സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ ധനികനായ അനാഥനനായി എത്തിയ ഡെന്നീസ്, റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണം എന്ന ചിത്രത്തില്‍ കണ്ണന്‍, മണിച്ചിത്രത്താഴിലെ ഗംഗയെ അഗാധമായി പ്രണയിച്ച നകുലൻ അങ്ങനെ നിരവധി കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. എന്നാൽ തൊണ്ണൂറുകളില്‍ ഏറ്റവും അധികം ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളില്‍ റിലീസ് ചെയ്ത സിനിമകളുടെ എണ്ണം നോക്കിയാല്‍ സുരേഷ് ഗോപിയുടേത് തന്നെ മുന്നിട്ടു നിൽക്കുകയും ചെയ്യും. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ തന്നെ സുരേഷ്‌ഗോപി എന്ന നടനും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആക്ഷന്‍ കിങ് എന്ന വിശേഷണമാണ് താരത്തിന് ആരാധകർ ചാർത്തികൊടുത്തിട്ടുള്ളതും. പുതിയ താരങ്ങൾക്കായി സിനിമ മേഖലയിൽ നിന്ന് ഒഴിഞ്ഞ് മാറികൊടുത്ത താരത്തിന് നിലവിൽ ലഭിക്കുന്ന വേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടുന്നവയാണ്. ഒരുപക്ഷേ പോലീസ് യൂണിഫോം മലയാള സിനിമയില്‍ ഏറ്റവും നന്നായി ഇണങ്ങുന്നത് സുരേഷ് ഗോപിയ്ക്ക് തന്നെയാകാം. മലയാള സിനിമയ്ക്ക് പുറമെ അന്യ ഭാഷ ചിത്രത്തിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. 2001 ല്‍ റിലീസ് ചെയ്ത ധീന എന്ന ചിത്രത്തിലാണ് അജിത്തും സുരേഷ് ഗോപിയും ഒന്നിച്ചു എത്തിയിരുന്നു. അതോടൊപ്പം തന്നെ നടൻ ചിയാൻ വിക്രത്തിനൊപ്പം ഐ എന്ന ചിത്രത്തിലൂടെയും താരം തിളങ്ങിയിരുന്നു.
അതേസമയം താരത്തിന്റെ കുടുംബത്തെയും ഏവർക്കും സുപരിചിതമാണ്. രാധികയാണ് താരത്തിന്റെ ഭാര്യ. ആദ്യകാല നടി ആറന്മുള്ള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക. താരപത്നി ഒരു ഗായിക കൂടിയാണ്. മൂത്ത മകൾ ലക്ഷ്മി ഒന്നര വയസ്സുള്ളപ്പോൾ അപകടത്തിൽ മരിച്ചു. കുടുംബസമേതം ഒരു കല്യാണത്തിന് പോയി മടങ്ങുന്നതിനിടയിലായിരുന്നു അന്ന് രാധികയും സംഘവും അപകടത്തില്‍പ്പെട്ടത്. തോന്നയ്ക്കലില്‍ വെച്ച് ഇവരുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലക്ഷ്മി മരണപ്പെടുകയും ചെയ്തു. ലക്ഷ്മിയുടെ മരണം നടന്നിട്ടു 29 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്.
1992 ജൂണ്‍ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏല്‍പിച്ച് തിരിച്ചുപോകുമ്പോളാണ്, പിന്നെ മകളില്ല.. അന്നവൾ അപകടത്തില്‍പ്പെടുമ്പോള്‍ ഞാന്‍ അണിഞ്ഞിരുന്നത് ഇന്ദ്രന്‍സ് നല്‍കിയ അതേ മഞ്ഞ ഷര്‍ട്ട് ആയിരുന്നു. അപകടമറിഞ്ഞ് എത്തി ഹോസ്പിറ്റലില്‍ എന്‍റെ മകളുടെ അടുത്തു നില്‍ക്കുമ്പോഴൊക്കെ വിയര്‍പ്പിൽ കുതിർന്ന ആ ഷര്‍ട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, വിയർപ്പിൽ കുതിർന്ന ആ മഞ്ഞ ഷർട്ട് ഊരി അവളെ ഞാൻ പുതപ്പിച്ചു. ഇന്ദ്രന്‍സ് തുന്നിയ ആ ഷര്‍ട്ടിന്‍റെ ചൂടേറ്റാണ് എന്‍റെ മകള്‍ അന്ത്യ വിശ്രമം കൊള്ളുന്നത് എന്നും താരം ഒരുവേള തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. മകൻ ഗോകുൽ സുരേഷ് ഇതിനോടകം തന്നെ അച്ഛന്റെ പാത പിന്തുടർന്ന് കൊണ്ട് സിനിമയിലേക്ക് ചേക്കേറുകയും ചെയ്തു.
അതേസമയം താരം ഒരു ഗായകനായും അവതാരകനുമായ എല്ലാം തന്നെ പേരെടുത്തു കഴിഞ്ഞിരിക്കുകയാണ്. സുരേഷ് ഗോപി രാജ്യസഭാംഗം കൂടിയാണ്. രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന ആറാം മലയാളിയാണ് സുരേഷ് ഗോപി. കലാകാരൻമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുരേഷ് ഗോപിയുടെ പേര് കേന്ദ്രം നിർദ്ദേശിച്ചിരുന്നത്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽനിന്ന് എൻ.ഡി.എ. സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എല്ലാം തന്നെ താരം സജീവമാണ്. നിങ്ങൾക്കും ആകാം കോടീശ്വരൻ എന്ന പരിപാടിയുടെ അവതാരകൻ കൂടിയായിരുന്നു താരം. അതേസമയം താരത്തിന് എതിരെ കേസും ഉണ്ടായിരുന്നു. പോണ്ടിച്ചേരിയിൽ വ്യാജവിലാസം ഉണ്ടാക്കി വാഹനനികുതി വെട്ടിച്ചതിന് സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു .