ലോക്ക് ഡൗണ്‍ കാരണം നീണ്ടു പോയ സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ കഴിഞ്ഞ ദിവസമാണ് നടന്നത്.ഏറെ നാളായി പ്രേക്ഷകരും മത്സാരാര്‍ത്ഥികളും ഒരേ പോലെ കാത്തിരുന്നതാണ് സരിഗമപയുടെ ഫൈനല്‍. തീയതികള്‍ പ്രഖ്യാപിച്ചതോടെ മത്സാരാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അതിനായി കഠിനമായി തയ്യാറെടുക്കുകയാണെന്നും മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് എല്ലാം കഴിഞ്ഞ ദിവസം സമാപനമായിരിക്കയാണ്. ലിബിന്‍ സകറിയയാണ് വിജയ് ആയത്. തൊടുപുഴ സ്വദേശിയായ ലിബിന് 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. അശ്വിനും ജാസിമിനുമാണ് രണ്ടാം സ്ഥാനം. ശ്വേത അശോക് മൂന്നാമതുമെത്തി. ശ്രീജിഷും കീര്‍ത്തനയും യഥാക്രമം നാലും അഞ്ചും സ്ഥാനത്തുമെത്തി.
ഷോയിലെ ഏറ്റവും ജനപ്രീയരായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ലിബിന്‍. ഗോപി സുന്ദറിന്റെ പാട്ട് പാടി പിന്നണി ഗാന രംഗത്തിലേക്കും ലിബിന്‍ കടന്നിരുന്നു. ലിബിന്റെ ശബ്ദമികവിന് ധാരാളം ആരാധകരാണുള്ളത്. അധ്യാപകനാവാന്‍ മിനക്കെട്ടിറങ്ങി ഗായകനായ ആളാണ് ലിബിന്‍. തൊടുപുഴയാണ് ലിബിന്റെ സ്വദേശം. എം എഡിന് പഠിക്കുകയാണ്. നിരവധി ഭക്തിഗാനങ്ങള്‍ പാടിയിട്ടുള്ള ലിബിന്‍ പക്ഷെ സംഗീതത്തെ വളരെ ഗൗരവത്തോടെ കാണുന്നത് സരിഗമപ ഓഡിഷന്‍ വിജയിച്ചപ്പോള്‍ മാത്രമാണ്. വീട്ടില്‍ ആരോടും പറയാതെയാണ് ഓഡിഷനില്‍ പങ്കെടുക്കുന്നത്. ഗോപി സുന്ദര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരുടെ മുന്നില്‍ പാടാന്‍ കഴിയുമെന്നതിലപ്പുറം ഞാന്‍ അതിനെ വലിയ ഒരു അവസരമായി ആദ്യം കണ്ടില്ലെന്നതാണ് സത്യം. എന്‍ട്രി കിട്ടിയപ്പോഴാണ് ഞാന്‍ മനസിലാക്കിയത് അത് എത്ര മാത്രം ഭാരിച്ചതും ഉത്തരവാദിത്തം നിറഞ്ഞതുമാണ് എന്ന്. പിന്നീട് സംഗീതത്തെ നെഞ്ചോടു ചേര്‍ത്തങ്ങു പിടിച്ചെന്ന് ലിബിന്‍ പറഞ്ഞിരുന്നു. വളരെ ശുഭാപ്തിവിശ്വാസമുള്ള ആളാണ് ലിബിന്‍. പഠിത്തം കളഞ്ഞു ഒരു പരിപാടിക്കും ലിബിന്‍ ഇല്ല. പരമാവധി പഠിക്കുക. 'സംഗീതം നമ്മളോടെപ്പോഴും ഉണ്ടാകും. സമയം ഉള്ളപ്പോള്‍ പരമാവധി വിദ്യാഭ്യാസം നേടുക എന്നതാണ് ലിബിന്റെ നിലപാട്. പി ജിയൊക്കെ കഴിഞ്ഞതിനു ശേഷമാണു പാട്ടിലേക്കു വരുന്നത്. അച്ഛനും, അമ്മയും ചേച്ചിയും, ഭര്‍ത്താവുമടങ്ങുന്നതാണ് ലിബിന്റെ കുടുംബം. ഇതില്‍ അളിയനാണ് കട്ട സപ്പോര്‍ട്ട്. അദ്ദേഹം ആണ് ആദ്യം മുതല്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കൂടെ ഉള്ളത്.
താരസമ്പന്നമായിരുന്നു ഗ്രാന്റ് ഫിനാലെ. സിനിമാ താരങ്ങളായ ഭാവന, അന്ന ബെന്‍ എന്നിവര്‍ അതിഥികളായി എത്തിയതോടെ ഫിനാലെ അക്ഷരാര്‍ത്ഥത്തില്‍ ഗ്രാന്റ് ആയി മാറുകയായിരുന്നു. സുജാതയ്ക്ക് പകരം സിത്താര കൃഷ്ണകുമാറായിരുന്നു ഇന്ന് വിധി കര്‍ത്താവായി എത്തിയത്. സ്ഥിരം വിധി കര്‍ത്താക്കളായ ഗോപി സുന്ദറിനും ഷാന്‍ റഹ്‌മാനുമൊപ്പം സിത്താരയും ചേര്‍ന്നു.വോട്ടുകളുടെ അടിസ്ഥാനത്തില്‍ ഗ്രാന്റ് ഫിനാലെയിലേക്കുള്ള അവസാന ടിക്കറ്റ് ശ്രീജിഷ് സ്വന്തമാക്കുകയായിരുന്നു. പുറത്തായ അക്ബര്‍ ഖാനെ തേടി ബെസ്റ്റ് പെര്‍ഫോമര്‍ ഓഫ് ദ സീസണ്‍ പുരസകാരവുമെത്തി. 18 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയാണ് ഇന്ന് വിജയിയെ കണ്ടെത്തി അവസാനിച്ചിരിക്കുന്നത്. ഇനി രണ്ടാം സീസണിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന്റെ മുന്‍നിര ഷോയായ സരിഗമപ 25 വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. സീയുടെ വിവിധ പ്രാദേശിക ചാനലുകള്‍ ഇത് ആഘോഷമാക്കിയിരുന്നു. സരിഗമപയുടെ മലയാളം പതിപ്പ് ഒരു വര്‍ഷം മുമ്പാണ് സംപ്രേഷണം ആരംഭിച്ചത്. ഏറെ പ്രേക്ഷക പ്രീതി സമ്പാദിച്ച ഒരു സംഗീത റിയാലിറ്റി ഷോയാണ് സരിഗമപ.