കറുത്തമുത്തിലെ ഡോ. ബാലചന്ദ്രനായി മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് കിഷോര്‍ സത്യ. ബാലേട്ടനായി കിഷോറിനെ മലയാളികള്‍ നെഞ്ചോടുചേര്‍ത്തു എന്ന് തന്നെ പറയാം. പിന്നീട് നിരവധി സിനിമകളിലും തിളങ്ങുന്ന വേഷങ്ങളില്‍ അദ്ദേഹം എത്തി. ഇപ്പോഴിതാ മിനിസ്‌ക്രീനിലേക്ക് തിരിച്ച് വരവിന് ഒരുങ്ങുകയാണ് കിഷോര്‍ സത്യ. താരം തന്നെയാണ് പുതിയ വിശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
പ്രകാശനും സുജാതയും വരുന്നു. ഒരു ഇടവേളക്ക് ശേഷം ഞാന്‍ വീണ്ടും മിനിസ്‌ക്രീനില്‍ തിരിച്ചെത്തുന്നു. നവംബര്‍ ആദ്യവാരം മുതല്‍ സൂര്യ ടീവിയില്‍ നിങ്ങളുടെ പ്രകാശനായി. കൂടെ സുജാതയായി ചന്ദ്ര ലക്ഷ്മണും ഉണ്ട്. 'സ്വന്തം സുജാത', മെഗാ സീരിയലിന്റെ പതിവ് കേട്ടുകാഴ്ചകള്‍ ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ നിങ്ങള്‍ എന്നിലൂടെ കാണാത്ത കഥാപാത്രവും, രൂപവും ശരീരഭാഷയും, അങ്ങനെ ചില കുഞ്ഞു ശ്രമങ്ങള്‍ എന്റെ ഭാഗത്തുനിന്നും ഉണ്ട് കേട്ടോ...അന്‍സാര്‍ ഖാന്‍ ആണ് സംവിധാനം. എഴുത്ത് സംഗീത മോഹനും എന്നാണ് കിഷോര്‍ സത്യ കുറിച്ചത്.
സ്വന്തം എന്ന സീരിയലിലെ സാന്ദ്രാ നെല്ലിക്കാടനായി എത്തിയ ചന്ദ്രയുടെ തിരിച്ച് വരവ് കൂടിയാണ് സ്വന്തം സുജാത. ഏറെ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. മലയാളത്തില്‍ അഭിനയിച്ചിട്ട് 9 വര്‍ഷമായി. മഴയറിയാതെ എന്ന സീരിയല്‍ ആണ് ചന്ദ്ര അവസാനം ചെയ്തത്. മറ്റ് ഭാഷകളില്‍ സജീവമായതിനാലാണ് മലയാളത്തില്‍ എത്താത്തത് എന്ന് താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടുവര്‍ഷമായി തീരെ അഭിനയിക്കാത്തത് അച്ഛന് സുഖമില്ലാത്തതിനാലായിരുന്നു. അതേ സമയം ചന്ദ്ര സീരിയലില്‍ നിന്നും വിട്ടുനിന്നപ്പോഴും ഗോസിപ്പുകള്‍ക്ക് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. താരം വിവാഹം കഴിച്ചെന്നൊക്കെ ഗോസിപ്പുകള്‍ എത്തിയെങ്കിലും താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.