കളിയാക്കിയവരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ച് സീറോയില്‍ നിന്നും ഹീറോയായ കഥയാണ് ബിഗ്‌ബോസ് സീസണ്‍ 6 ടൈറ്റില്‍ വിന്നര്‍ ജിന്റോയുടേത്.ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സ് എന്ന് പറയുന്നത് പോലെ ആരോഗ്യമുള്ള ശരീരം കൊണ്ട് കൃത്യമായി മനസ്സിനെ നിയന്ത്രിച്ച് മത്സരത്തിലെ പ്രതിസന്ധികളെ സമചിത്തതയോടെ നേരിട്ടാണ് ജിന്റോ കിരീടം ചൂടിയത്.
എറണാകുളം കാലടി സ്വദേശിയായ ജിന്റോ സെലിബ്രിറ്റി ഫിറ്റ്‌നെസ്സ് ഗുരുവാണ്.നിരവധി സിനിമാതാരങ്ങളുടെയും കലാകാരന്മാരുടെയും കായികതാരങ്ങളുടെയും ഫിറ്റ്‌നസ്സ് പരിശീലകനെന്ന രീതിയിലും ഇദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.മുന്‍ മിസ്റ്റര്‍ കേരള കൂടിയാണ് ജിന്റോ.20 വര്‍ഷമായി ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന സ്ഥാപനം നടത്തിവരികയാണ്.എറണാകുളം, കോതമംഗലം,മൂന്നാര്‍, ആലുവ, തിരുവനന്തപുരം എന്നിവിടങ്ങളിലായി എട്ടോളം ശാഖകളുണ്ട് ജിന്റോ ബോഡി ക്രാഫ്റ്റിന്.
ഫിനാലെ വീക്കിന് മുന്‍പ് മത്സരാര്‍ഥികളെക്കുറിച്ച് വിലയിരുത്താന്‍ ബിഗ് ബോസ് ഒരു അവസരം നല്‍കിയപ്പോള്‍ കഠിനാധ്വാനികളുടെ കൂട്ടത്തില്‍ ഏറിയപങ്കും പറഞ്ഞ പേര് ജിന്റോയുടേതായിരുന്നു.ജിന്റോയോളം കഷ്ടപ്പെട്ട് പണിയെടുത്തിട്ടുള്ള ഒരാള്‍ ഈ സീസണില്‍ അപൂര്‍വ്വമാണെന്ന് സഹമത്സരാര്‍ഥികളും സമ്മതിക്കുന്ന കാര്യമാണ്. മണ്ടന്‍ എന്ന് പലരും വിളിച്ച് പരിഹസിച്ചിടത്തുനിന്നാണ് ഫൈനല്‍ ഹീറോ പരിവേഷത്തിലേക്ക് ജിന്റോ വഴി വെട്ടിയത്.ഈ സീസണില്‍ മിക്ക മത്സരാര്‍ഥികള്‍ക്കും ഇല്ലാതിരുന്ന ചില ചേരുവകള്‍ ജിന്റോയില്‍ പാകത്തിന് ഉണ്ടായിരുന്നു.പ്രേക്ഷകപ്രീതിയിലേക്ക് ഈ ബോഡി ബില്‍ഡറെ നയിച്ചതും ഇ ചേരുവകള്‍ തന്നെ.ബിഗ് ബോസ് മലയാളം സീസണുകളിലെ ഒരു സ്ലോട്ട് ആണ് ബോഡി ബില്‍ഡറുടേത്. ഈ മേഖലയിലുള്ള ചില മത്സരാര്‍ഥികള്‍ മുന്‍പും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും അവരൊന്നും ജിന്റോയോളം മുന്നോട്ടുപോയിട്ടില്ല.
ആദ്യ ആഴ്ച്ചകളില്‍ ഏത് വിധത്തില്‍ കളിക്കണം എന്ന ആശയക്കുഴപ്പത്തിലായിരുന്നു ജിന്റോ.എതിര്‍വാദങ്ങള്‍ വന്നപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ജിന്റോ ആയിരുന്നു ആദ്യ ആഴ്ച്ചയിലെ കാഴ്ച്ച.ഓരോ വാക്കുകളില്‍ സഹമത്സരാര്‍ഥികളെ വിശേഷിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മണ്ടന്‍ എന്ന ടാഗ് ഏറ്റവുമധികം ലഭിച്ചത് ജിന്റോയ്ക്ക് ആയിരുന്നു.കാര്യഗൗരവമില്ലാത്ത മസില്‍മാന്‍ ഇന്ന ഇമേജ് ആയിരുന്നു ജിന്റോയ്ക്ക് തുടക്കത്തില്‍.പ്രേക്ഷകരെ കാര്യമായി എന്റര്‍ടെയ്ന്‍ ചെയ്ത മത്സരാര്‍ഥികള്‍ കുറവായ ഈ സീസണില്‍. ആ കുറവ് നികത്താനുള്ള ശ്രമങ്ങള്‍ ജിന്റോയുടെ ഭാഗത്തുനിന്നുമുണ്ടായി. കഥാപാത്രങ്ങളായി മാറേണ്ട ഒരു ടാസ്‌കിന് മുന്‍പ് ബാത്ത്‌റൂം ഏരിയയില്‍ വന്ന് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കി ഭാവാഭിനയം പ്രാക്റ്റീസ് ചെയ്യുന്ന ജിന്റോ ഈ സീസണിലെ രസകരമായ നിമിഷങ്ങളില്‍ ഒന്നാണ്.
അപ്‌സര പുറത്ത് വന്ന് വിളിക്കുമ്പോഴത്തെ ജിന്റോയുടെ പ്രതികരണവും എല്ലാം ചേര്‍ത്താണ് ഇയാളിലെ നിഷ്‌കളങ്കതയുടെ അംശം പ്രേക്ഷകര്‍ മനസിലാക്കുന്നത്.പിന്നീടങ്ങോട്ട് ജിന്റോയില്‍ നിന്ന് നെഗറ്റീവ് ആയ ചില കാര്യങ്ങള്‍ സംഭവിച്ചപ്പോഴും അയാളെ താങ്ങിനിര്‍ത്തിയത് ഇതെല്ലാം ചേര്‍ന്ന പ്രതിച്ഛായ ആയിരുന്നു.തനിക്കറിയാത്ത മേഖലകളില്‍ കൂടി തന്നെക്കൊണ്ടാകുമ്പോലെ മത്സരിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഠിനധ്വാനിയായി മാറാനും ജിന്റോയ്ക്ക് സാധിച്ചു.ജിന്റോയില്‍ ഒളിഞ്ഞുകിടന്ന നര്‍ത്തകനെ പുറത്തെത്തിച്ചത് അപ്‌സര ആയിരുന്നു. കിച്ചണ്‍ ഏരിയയില്‍ തമാശ മട്ടില്‍ ആരംഭിച്ച ചില സ്റ്റെപ്പുകള്‍ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ പലവട്ടം അഭിനന്ദിക്കുന്ന തലത്തിലേക്ക് വരെ എത്തിയിരുന്നു.
ഉള്ളടക്കം സൃഷ്ടിക്കാന്‍ ജിന്റോയ്ക്ക് ഒരിക്കലും പ്രയാസമുണ്ടായിരുന്നില്ല. സഹമത്സരാര്‍ഥികളിലെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ലഭിക്കുന്ന ഒരു ആയുധവും ജിന്റോ നഷ്ടപ്പെടുത്തിയില്ല.അര്‍ധാവസരങ്ങള്‍ പോലും ഉപയോഗിക്കുന്നതിനെ സഹമത്സരാര്‍ഥികള്‍ പലപ്പോഴും ട്രോള്‍ ചെയ്തിരുന്നു.ജിന്റോ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ചിലത് ഗൗരവമുള്ളതും മറ്റു ചിലത് ഗൗരവമില്ലാത്തതുമായിരുന്നു.മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് കാര്യമായ ഭീഷണി നേരിട്ടില്ല എന്നത് ജിന്റോയ്ക്ക് ഗുണകരമായി ഭവിച്ച ഘടകമാണ്.വലിയ അധികാരം പ്രയോഗിക്കുന്ന മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ജിന്റോ നിഷ്പ്രഭനായിപ്പോവുന്നതും പല എപ്പിസോഡുകളില്‍ കാണുകയും ചെയ്തു.
ചില കാര്യങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ കഴിഞ്ഞ ആളാണ് ജിന്റോ. പ്രധാന കാര്യം ഗെയിമുകളില്‍ പങ്കെടുക്കുമ്പോള്‍ തന്റെ ഭാഗത്തുനിന്ന് സഹമത്സരാര്‍ഥികള്‍ക്ക് ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചുവെന്നതാണ്. താനൊരു ബോഡി ബില്‍ഡര്‍ ആണെന്ന ബോധ്യം ഫിസിക്കല്‍ ടാസ്‌കുകളില്‍ പങ്കെടുക്കുമ്പോഴും ജിന്റോ കൈവിട്ടില്ല. ഒരു ഫിസിക്കല്‍ അസോള്‍ട്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. അത് ഞാന്‍ ഒരിക്കലും ചെയ്യില്ല, ജിന്റോ പലപ്പോഴും ഊന്നി പറഞ്ഞു.
ഇതിനിടെ ജിന്റോയെക്കുറിച്ച് മാതാപിതാക്കള്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ച കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു.വളര്‍ന്നു വരാന്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.ജിമ്മിടുന്നതിന് മുമ്പും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അധ്വാനത്തിലൂടെ മാത്രമാണ് അവന്‍ രക്ഷപ്പെട്ട് പോന്നത്.ഓരോ സമയത്തും അവന്റെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.രാ പകല്‍ കഷ്ടപ്പാടായിരുന്നുവെന്നാണ് ജിന്റോയെക്കുറിച്ച് അമ്മ പറയുന്നത്.ജിന്റോയുടെ വിവാഹ മോചനത്തെക്കുറിച്ചും അച്ഛനും അമ്മയും പങ്കുവെച്ചിരുന്നു.
മനസിന് ഒരുപാട് വിഷമം തോന്നിയിരുന്നു. അവന്‍ ഒരുപാട് വിഷമിച്ചു പിരിയേണ്ടി വന്നല്ലോ എന്നോര്‍ത്ത്. അവരുടേത് പ്രണയ വിവാഹമായിരുന്നു.അവര്‍ തമ്മില്‍ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.സാധാരണ കുടുംബത്തിലുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളൊക്കെ തന്നെയായിരുന്നു. അവള്‍ക്ക് തിരുവനന്തപുരത്തായിരുന്നു ജോലി. എപ്പോഴും വീട്ടില്‍ വരാന്‍ സാധിക്കില്ലായിരുന്നു. പയ്യെ പയ്യെ അകന്നു എന്നാണ് അമ്മ പറയുന്നത്.രണ്ടു പേരും പൂര്‍ണ്ണ സമ്മതത്തോടെ പിരിഞ്ഞതാണെന്നാണ് അച്ഛന്‍ പങ്കുവെക്കുന്നത്.
വിജയത്തിനായുള്ള അടങ്ങാത്ത ദാഹമാണ് ഈ സീസണിലെ മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് ജിന്റോയെ പ്രധാനമായും വേറിട്ടുനിര്‍ത്തുന്നത്.സാധ്യമായ എല്ലാ വഴികളിലൂടെയും അയാള്‍ വിജയത്തിനായി ശ്രമിച്ചുകൊണ്ടേയിരുന്നു.ബിഗ്‌ബോസ് സീസണ്‍ സിക്‌സിന്റെ വിന്നറായി ജിന്റോ വരുമ്പോള്‍ പ്രസക്തമാകുന്നതും സഹമത്സരാര്‍ത്ഥിയായ അന്‍സിബ പറഞ്ഞ വാക്കുകളാണ്..'വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങള്‍ ജിന്റോയില്‍ നിന്ന് പലപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും അയാളെ വെറുക്കാന്‍ നമുക്ക് സാധിക്കില്ലെ'ന്നായിരുന്നു അന്‍സിബ പറഞ്ഞത്.ഭൂരിഭാഗം പ്രേക്ഷരെ സംബന്ധിച്ചും അത് സത്യമായിരുന്നു.