കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള ലോക്ഡൗണ്‍ മലയാളികളുടെ ചിട്ടകളെ തന്നെ ബാധിച്ചിരുന്നു. വീട്ടില്‍ അടങ്ങിയിരിക്കാന്‍ പുരുഷന്‍മാരും സീരിയല്‍ കാണാതെ ഇരിക്കാന്‍ സ്ത്രീകളും പഠിച്ചു. എന്നാല്‍ രണ്ടുമാസത്തെ ലോക്ഡൗണിന് ശേഷം വീട്ടമ്മമാരുടെ പ്രിയ പരമ്പരകള്‍ തിരികേ എത്തിയിരിക്കയാണ്. കഴിഞ്ഞ ദിവസം മുതല്‍ പ്രശസ്തമായ ചാനലുകളില്‍ സീരിയലുകള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കയാണ്.
സീകേരളം, ഏഷ്യാനെറ്റ്, മഴവില്‍ തുടങ്ങി പ്രശസ്ത ചാനലുകളൊക്കെ പരമ്പരകളുടെ സംപ്രേക്ഷണം പുരനാരംഭിച്ചിരിക്കയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഏഴ് സീരിയലുകളും ജൂണ്‍ 1 മുതല്‍ പുതിയ ഉള്ളടക്കങ്ങളോടെ പ്രേക്ഷകര്‍ക്കു മുന്‍പില്‍ വീണ്ടും എത്തുകയാണ്. സാധാരണക്കാരുടെ കഥകളുമായെത്തുന്ന സീ കേരളം പതിവിനു വിപരീതമായി ഒരു അമാനുഷിക ഫാന്റസി സീരിയലും ആരംഭിക്കുകയാണ് ഈ ഇടവേള കാലത്തിനു ശേഷം. സീ ചാനലിന്റെ മറ്റു പ്രാദേശിക ചാനലുകളില്‍ വലിയ വിജയങ്ങള്‍ നേടിയ നാഗിനി എന്ന സീരിയലാണ് ജൂണ്‍ 1 തിങ്കളാഴ്ച മുതല്‍ രാത്രി 10 മണിക്ക് സീ കേരളത്തില്‍ ആരംഭിക്കുന്നത്.
ഒരു സ്ത്രീ സര്‍പ്പത്തിന്റെ കഥ പറയുന്ന സീരിയലാണ് നാഗിനി. മലയാളി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ആവേശകരമായ ആക്ഷന്‍ രംഗങ്ങളിലൂടെ ഒരു പ്രതികാര കഥ പറയുന്നതാണ് ഇതിന്റെ ഇതിവൃത്തം. സീ കേരളത്തിന്റെ മറ്റ് സീരിയലുകളായ തെനാലി രാമന്‍ വൈകുന്നേരം 5.30 നും തുടര്‍ന്ന് 6 മണിക്ക് സിന്ദുരം പരമ്പരയും സംപ്രേക്ഷണം ചെയ്യും. ചാനലിന്റ മികച്ച പരമ്പരകളില്‍ ഒന്നായ ചെമ്പരത്തി രാത്രി 7 നും, പ്രണയ കഥ പറയുന്ന നീയും ഞാനും 7.30 നും സംപ്രേഷണം ചെയ്യും. സത്യ എന്ന പെണ്‍കുട്ടി രാത്രി എട്ടിനും, തുടര്‍ന്ന് രാത്രി 8.30 ന് പൂക്കാലം വരവായ്, രാത്രി 9.30 ന് സുമംഗലി ഭവ എന്നിവയും സംപ്രേക്ഷണം ചെയ്യും.
കേരളത്തിലെ വിനോദ ചാനലുകള്‍ക്ക് വളരെ പ്രയാസം നിറഞ്ഞ സമയമാണെന്ന് സീ കേരളം പറഞ്ഞു. കൊറോണ പ്രതിസന്ധി സീരിയലുകളുടെ ഷൂട്ടിനെ തടസ്സപ്പെടുത്തുകയും ചാനലിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്തിരുന്നു. എല്ലാ ചാനലുകള്‍ക്കും ഉള്ളടക്കത്തിന്റെ കുറവുണ്ടാകുകയും ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ഇളവുകള്‍ മുന്‍നിര്‍ത്തി ഷൂട്ടിംഗ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് സീ കേരളം വീണ്ടും ചിത്രീകരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പല സീരിയലുകളും 25ല്‍ താഴെ ആളുകളുമായി പരിമിതമായ സാഹചര്യത്തില്‍ ഷൂട്ട് ചെയ്താണ് പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. സീരിയലുകള്‍ മിക്കതും ഔട്ട്‌ഡോര്‍ ഒഴിവാക്കി ഇന്‍ഡോറിലേക്ക് മാറ്റിയിരിക്കയാണ്. കഥയും ഇതനുസരിച്ച് മാറ്റിയിരിക്കയാണ് പല പ്രശസ്തമായ സീരിയലുകളും..