ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ആചാരം. 'ഗോവിന്ദാ ഗോപാലാ' എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങ്. ശിവക്ഷേത്രങ്ങളില്‍ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കര്‍മ്മം. വൈഷ്ണവ ശൈവ സമന്വയം കൂടിയാണിത്. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശിവഭക്തര്‍ നടത്തുന്ന ശിവാലയ ഓട്ടത്തിന് കന്യാകുമാരിയില്‍ തുടക്കമായി
കുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ നടക്കുന്ന ശിവാലയ ഓട്ടം ് മുഞ്ചിറ തിരുമല ശിവക്ഷേത്രത്തില്‍നിന്ന് ആരംക്കുന്നത്. കുംഭത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. പാലാഴിമഥനകഥയില്‍ കാളകൂടം വിഴുങ്ങിയ ശിവന്റെ രക്ഷയ്ക്കായി ദേവകള്‍ പ്രാര്‍ഥിച്ച ദിവസം ഭക്തരും ശിവഭജനം നടത്തുന്നുവെന്നാണ് വിശ്വാസം. പുരാണങ്ങളില്‍ ശിവരാത്രി സംബന്ധിച്ച് വ്യത്യസ്തങ്ങളായ കഥകളുണ്ട്. വ്രതംനോറ്റ ഭക്തര്‍ ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതാണ് ശിവരാത്രിയുടെ ആചാരരീതി. തിങ്കളാഴ്ച അഹോരാത്രം തുറന്നിരിക്കുന്ന ശിവക്ഷേത്രങ്ങളില്‍ യാമപൂജയും ധാരയും ഉണ്ടായിരിക്കും.
മുഞ്ചിറ തിരുമല മഹാദേവക്ഷേത്രത്തില്‍നിന്ന് ഞായറാഴ്ച വൈകീട്ട് ആരംഭിക്കുന്ന ശിവാലയ ഓട്ടം തുടര്‍ന്ന് തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാങ്കോട്, തൃപ്പന്നികോട്, തിരുനട്ടാലം തുടങ്ങിയ ക്ഷേത്രങ്ങളിലെത്തി അവസാനിക്കുന്നതാണ് ദര്‍ശനക്രമം. മഹാഭാരതകഥയില്‍ ഭീമനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ശിവാലയ ഓട്ടത്തിന് പിന്നിലുള്ളത്. 120 കിലോമീറ്ററോളം ദൂരമുള്ള ക്ഷേത്രങ്ങളില്‍ കാല്‍നടയായി ദര്‍ശനത്തിനെത്തുന്നതാണ് ആചാരരീതി. ശിവാലയ ഓട്ടക്കാര്‍ 'ഗോവിന്ദാ, ഗോപാല' എന്ന നാമവും ഉരുവിടാറുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് പുറമേ നിരവധി പേര്‍ സ്വകാര്യ വാഹനങ്ങളിലും ദര്‍ശനത്തിന് എത്തുന്നുണ്ട്. ശിവാലയക്ഷേത്രങ്ങള്‍ ഞായറാഴ്ച സന്ധ്യമുതല്‍ ചൊവ്വാഴ്ച ഉച്ചവരെ തുറന്നിരിക്കും.
പാറശ്ശാല, ആറയൂര്‍, പൊഴിയൂര്‍, ചെഴുങ്ങാനൂര്‍, ചെങ്കല്‍ ശിവശക്തിക്ഷേത്രം, നെയ്യാറ്റിന്‍കര രാമേശ്വരം, ഒറ്റശ്ശേഖരമംഗലം, ബാലരാമപുരം ഋഷീശ്വര ഭരദ്വാജക്ഷേത്രം, ശ്രീകണ്ഠേശ്വരം, കഠിനംകുളം, കരകുളം ഏണിക്കര ശിവക്ഷേത്രം, അവനവഞ്ചേരി ഇണ്ടിളയപ്പന്‍ കോവില്‍ തുടങ്ങി പ്രധാന ശിവക്ഷേത്രങ്ങളിലെല്ലാം ശിവരാത്രി ആഘോഷം ഉണ്ടായിരിക്കും.
ശിവഭക്തനായ വ്യാഘ്രപാദമുനി മുന്‍ജന്മത്തില്‍ ഗൗതമമുനിയായിരുന്നു. അദ്ദേഹം ശിവനെ ദീര്‍ഘകാലം തപസ് ചെയ്ത് രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ഒന്ന് കൈനഖങ്ങളില്‍ കണ്ണ് വേണം ശിവപൂജയ്ക്ക് പോറലേല്ക്കാത്ത പൂക്കളിറുക്കാന്‍ രണ്ട് കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ വേണം. ഏത് മരത്തിലും കയറി പൂജയ്ക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിക്കാന്‍. അങ്ങിനെയാണ് വ്യാഘ്രപാദമുനിയെന്ന പേര് സിദ്ധിച്ചത്.
കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ അശ്വമേധയാഗം നടത്തി. ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ഭീമസേനന്‍ വ്യാഘ്രപാദമുനിയെ യജ്ഞത്തിന് ക്ഷണിക്കാനായി പോയി. ശ്രീകൃഷ്ണന്‍ ഭീമസേനനെ പന്ത്രണ്ട് രുദ്രാക്ഷങ്ങള്‍ ഏല്‍പ്പിച്ചിരുന്നു.
ഭീമന്‍ താമ്രവര്‍ണ്ണീ നദീതിരത്ത് തപസ്സ് ചെയ്യുകയായിരുന്ന വ്യാഘ്രപാദമുനിയുടെ അടുക്കലെത്തി തപസ്സില്‍ നിന്നുണര്‍ത്തുവാനായി 'ഗോവിന്ദാ ഗോപാല' എന്ന് വിളിച്ചു, ശൈവഭക്തനായ മുനി, വിഷ്ണുനാമം കേട്ടു കോപിച്ചു. ഭീമന്റെ പുറകേ ഓടിച്ചെന്നു. ഭീമന്‍ ഓടുന്നതിനിടയില്‍ കൈവശമുളള രുദ്രാക്ഷത്തിലൊന്ന് ഒരു സ്ഥലത്ത് വച്ചു. രുദ്രാക്ഷം ഒരു ശിവലിംഗമായി മാറി. പിന്നീട് ഈ ശിവലിംഗങ്ങള്‍ പ്രതിഷ്ഠ നടത്തി ഖ്‌ക്ഷേത്രമായി മാറി എന്നാണ് വിശ്വാസം.