ബ്രയിന്‍ ട്യൂമര്‍ ബാധിച്ച് ഗുരുതാവസ്ഥയിലായിരുന്ന നടി ശരണ്യ ശശിയുടെ വാര്‍ത്ത മലയാളികളെ ഞെട്ടിച്ചിരുന്നു. സാമ്പത്തികമായി തകര്‍ന്ന ശരണ്യയുടെ ചുറ്റുപാടും രോഗവിവരങ്ങളും നടി സീമ ജി നായരാണ് ലോകത്തെ അറിയിച്ചത്. ഇതേതുടര്‍ന്ന് നിരവധി പേര്‍ ശരണ്യക്ക് സഹായം ചെയ്തിരുന്നു. ഏഴാമത്തെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ് ശരണ്യ ഇപ്പോള്‍. സാമ്പത്തികമായി നട്ടംതിരിയുന്ന വേളയിലും പ്രളയബാധിതരെ സഹായിക്കാന്‍ വേണ്ടി ശരണ്യമുന്നിട്ടിറങ്ങിയിരിക്കുകയാണ്.
വര്‍ഷങ്ങളായി ബ്രയിന്‍ ട്യൂമറിനോട് മല്ലിട്ടുകൊണ്ടിരിക്കുകയാണ് ശരണ്യ. ചികിത്സാചിലവുകള്‍ക്കായി നല്ലൊരു തുക ചെലവായതോടെ സാമ്പത്തിക പരാധീനതകളിലായി ഈ കുടുംബം. സുഖമില്ലാതായതോടെ അഭിനയിക്കാനും കഴിയുന്നില്ല. വാടകവീട്ടിലാണ് ഇപ്പോള്‍ ശരണ്യ കഴിയുന്നത്. ഭര്‍ത്താവോ മറ്റു ബന്ധുക്കളോ ഒപ്പമില്ല.
അമ്മ മാത്രമാണ് ശരണ്യക്കൊപ്പമുള്ളത്. ചികിത്സാചിലവുകള്‍ പോലും വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു നടി സീമ സഹായം തേടി രംഗത്തെത്തിയത്. ഇതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഹായമെത്തി. ഇതോടെ താല്‍കാലിക ആശ്വാസം ഈ കുടുംബത്തിന് ലഭിച്ചെങ്കിലും തുടര്‍ ചികിത്സയ്ക്കും മറ്റും ഇനിയും പണം ആവശ്യമാണ്. ഇതിനിടയില്‍ സാമൂഹ്യപ്രവര്‍ത്തകര്‍ ഫിറോസ് കുന്നംപറമ്പിലും താരത്തിന് വേണ്ടി രക്ഷയ്‌ക്കെത്തി പണം സംഭാവന നല്‍കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഫിസിയോതെറാപിയും മറ്റുമായി ശരണ്യ വാടകവീട്ടില്‍ വിശ്രമത്തിലാണ്.
ഇപ്പോള്‍ തന്റെ ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്ന് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് നടി ശരണ്യ ശശി മാതൃകയാകുന്നത്. ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരികെ മടങ്ങിവരുന്നതിനിടെയാണ് തനിക്ക് ചികിത്സയ്ക്കായി ലഭിച്ച തുകയില്‍ നിന്ന് പതിനായിരം രൂപ ദുരിത ബാധിതര്‍ക്കായി ശരണ്യ മാറ്റിവെച്ചത്. ഇക്കാര്യം ശരണ്യ തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പങ്ക് നല്‍കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. നിങ്ങളുടെ ഒരു ചെറിയ പങ്ക് എങ്കിലും നല്‍കാനാകുമോ? മറ്റുള്ളവരെ ചലഞ്ച് ചെയ്യാമോ എന്ന് ചോദിച്ചാണ് ശരണ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തില്‍ നിന്നും ശരണ്യക്ക് ലഭിച്ച തുകയില്‍ നിന്നാണ് ശരണ്യയും തിരികേ നല്‍കിയത്. ഇത്രയും സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മറ്റുള്ളവരെ സഹായിക്കാന്‍ മനസുകാണിച്ച ശരണ്യയ്ക്ക് അഭിനന്ദനങ്ങള്‍ എത്തുകയാണ്.