ഐഡിയ സ്റ്റാര്‍സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ ജേതാവായി എത്തി മലയാള സിനിമയിലെ പ്രമുഖ പിന്നണി ഗായകനും സംഗീതസംവിധായകനുമായി മാറിയ ആളാണ് നജീം അര്‍ഷാദ്. കലോത്സവവേദികളിലെ മിന്നും താരമായിരുന്നു നജീമിന് റിയാലിറ്റി ഷോയില്‍ ജേതാവായതോടെ പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ സിനിമയിലും സജീവമായ നജീം മാസങ്ങള്‍ക്ക് മുമ്പാണ് അച്ഛനായത്. ഇപ്പോള്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം
റിയാലിറ്റി ഷോയില്‍ ജേതാവായ നജീം മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിന് പിന്നണി പാടിയാണ് സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളത്തിലെ മുന്‍നിര നായകന്മാരുടെ ചിത്രങ്ങളിലും പാടാന്‍ അവസരം ലഭിച്ചു. കുരുക്ഷേത്ര, ചെമ്പട, ഡോക്ടര് ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്, ഒരു ഇന്ത്യന് പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നൂറിലധികം ചിത്രങ്ങളില് നജീം പിന്നണി പാടിയിട്ടുണ്ട്.
2015ലായിരുന്നു നജീം അര്‍ഷാദ് ബംഗളൂരുവില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയും പുനലൂര്‍ സ്വദേശിയുമായിരുന്ന തസ്‌നി താഹയെ വിവാഹം ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് തങ്ങള്‍ മാതാപിതാക്കളായ സന്തോഷ വാര്‍ത്ത നജീം ആരാധകരെ അറിയിച്ചത്. ഭാര്യ തസ്‌നി താഹയ്ക്കും നാലുമാസം പ്രായമായ മകനുമൊപ്പം സന്തോഷ ജീവിതം നയിക്കുന്ന നജീം ഇപ്പോള്‍ തന്റെ മകന്റെ ചിത്രവും മകനിട്ട പേരും പങ്കുവച്ചിരിക്കയാണ്. ഇവനാണെന്റെ ഹീറോ.. എന്റെ മകന് ഇല്‍ഹാന്‍ അര്‍ഷക് എന്ന് നജീം കുറിച്ചു. കണ്‍മണിയെ ഇല്ലുവെന്നാണ് വിളിക്കുന്നത് എന്നും നജീം പറയുന്നു. കുഞ്ഞിനൊപ്പമുളള മനോഹരവീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
ചെമ്പടയിലെ എന്റെ പ്രണയത്തിന് താജ്മഹലില്, കാസനോവയിലെ ഓമനിച്ചുമ്മ വയ്ക്കുന്ന, ഡയമണ്ട് നെക്ക്‌ലെസിലെ തൊട്ട് തൊട്ട് തൊട്ട് നോക്കാമോ, ട്രിവാന്ഡ്രം ലോഡ്ജിലെ കണ്ണിനുള്ളില് നിന് കണ്മണി, ഒരു ഇന്ത്യന് പ്രണയ കഥയിലെ ഓമനപ്പൂവേ, ദൃശ്യത്തിലെ മാരിവില്, വിക്രമാദിത്യനിലെ മഴനിലാ തുടങ്ങി ഹിറ്റായ നിരവധി പ്രണയഗാനങ്ങള് നജീം പാടിയതാണ്.