സ്വപ്നങ്ങളേറെ ബാക്കിയാക്കിയാണ് സാന്ത്വനം സംവിധായകന്‍ ആദിത്യന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ഉദിച്ചുയര്‍ന്ന ശേഷം പെട്ടെന്ന് അസ്തമിച്ച പോലെ. ഏറെ ആശിച്ച വീടിന്റെ ഗൃഹപ്രവേശത്തിനു തൊട്ടു മുന്‍പായിരുന്നു ആ വിടവാങ്ങല്‍. നാളെ കാണാമെടാ...' എന്നു പറഞ്ഞാണ് പ്രശസ്ത സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ ബുധനാഴ്ച സാന്ത്വനം' സീരിയല്‍ ഷൂട്ടിങ് സെറ്റില്‍ നിന്നു മടങ്ങിയത്. ഇന്നലെ പുലര്‍ന്നപ്പോള്‍ അണിയറ പ്രവര്‍ത്തകരും താരങ്ങളും കേട്ടതു പ്രിയപ്പെട്ട കൂട്ടുകാരന്റെ മരണ വാര്‍ത്ത.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ടെലിവിഷന്‍ സീരിയലായ സാന്ത്വനത്തിന്റെ ബുധനാഴ്ചത്തെ ഷൂട്ടിങ് മണക്കാടുള്ള സാന്ത്വനം വീട്ടില്‍ തന്നെയായിരുന്നു. എന്നത്തേയും പോലെ രാവിലെ മുതല്‍ രാത്രി വരെ നീണ്ട ഷൂട്ടിംഗ്. അതിനിടെ മുഖ്യകഥാപാത്രമായ നടി ചിപ്പിയ്ക്ക് സീന്‍ പറഞ്ഞു കൊടുക്കുന്നതും തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിക്കുന്നതുമായ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ അവസാന ചിത്രം. അദ്ദേഹത്തിന്റെ ജീവനും ജീവിതവും എല്ലാം സീരിയലും സിനിമകളും ഒക്കെ തന്നെയായിരുന്നു. കൃത്യമായ ഷോട്ടുകളും അവര്‍ത്തന വിരസതയില്ലാത്ത ഡയലോഗുകളും എല്ലാം കൊണ്ട് സാധാരണക്കാരുടെ ജീവിതവുമായി സമാനതകളേറെ പുലര്‍ത്തുന്ന സംവിധാനമായിരുന്നു അ്ദ്ദേഹത്തിന്റെ പ്രത്യേകത.
പതിവു പോലെ തന്നെ കളിയും ചിരിയും തമാശകളുമൊക്കെയായി ചിത്രീകരണമെല്ലാം കളിഞ്ഞ് രാത്രി ഒന്‍പതരയോടെയാണ് ആദിത്യന്‍ പേയാടുള്ള വാടകവീട്ടിലേക്കു പോയത്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ 2.20ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഡയറക്ടര്‍ ശരത്തിനെ തേടിയാണ് ആദ്യം ആദിത്യന്റെ ഫോണ്‍ എത്തിയത്. കടുത്ത നെഞ്ചു വേദനയുണ്ടെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറഞ്ഞു. ശരത് ഓടിപ്പാഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായിരുന്നു ആദിത്യന്‍. തുടര്‍ന്ന് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ് ആശുപത്രിയെ ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ നല്‍കണമെന്ന് ചിപ്പിയും രഞ്ജിത്തും അറിയിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ഇരുവരും അതിവേഗം ആശുപത്രിയിലേക്കെത്തി. പിന്നാലെ മറ്റു താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം എത്തി. അപ്പോഴേക്കും അദ്ദേഹത്തിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മണിക്കൂറുകള്‍ക്കകമാണ് എല്ലാം സംഭവിച്ചത്. തലേ ദിവസം രാവിലെ മുതല്‍ രാത്രി വരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സജീവമായി നിന്ന മനുഷ്യനാണ് നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ചേതനയറ്റ മൃതദേഹമായി പ്രിയപ്പെട്ടവര്‍ക്ക് മുന്നിലേക്ക് എത്തിയത്.
താങ്ങാന്‍ കഴിയാത്ത ഹൃദയ വേദനയോടെ വികാര നിര്‍ഭരമായ യാത്രയയപ്പായിരുന്നു ആദിത്യന് താരങ്ങള്‍ നല്‍കിയത്. എല്ലാവര്‍ക്കും അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഉണ്ടായിരുന്നത് നല്ലത് മാത്രം. ഒരച്ഛന്റെ.. ചേട്ടന്റെ.. ഗുരുവിന്റെ.. ശാസനകളും ഉപദേശങ്ങളും നല്‍കാന്‍ അര്‍ഹതയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം എന്നാണ് വാനമ്പാടിയിലെ കുട്ടിത്താരങ്ങള്‍ മുതല്‍ ചിപ്പിയ്ക്കും രഞ്ജിത്തിനും അദ്ദേഹത്തെ കുറിച്ച് പറയാനുണ്ടായിരുന്നത്. മാത്രമല്ല, ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം കൂറും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തിയിരുന്ന മനുഷ്യനും ആയിരുന്നു അദ്ദേഹം.
അതുകൊണ്ടു തന്നെയാണ് മലയാള സീരിയല്‍ രംഗത്തെ സൂപ്പര്‍ ഹിറ്റ് സംവിധായകനായി അദ്ദേഹം മാറിയതും. അവന്തിക ക്രിയേഷന്‍സിന്റെ ബാനറില്‍ ചിപ്പി രഞ്ജിത് നിര്‍മിച്ച സീരിയലുകളെല്ലാം വന്‍വിജയങ്ങളായിരുന്നു. സാന്ത്വനം, ആകാശദൂത്, വാനമ്പാടി എന്നിവ ജനപ്രിയമാക്കുന്നതില്‍ ആദിത്യന്‍ വഹിച്ച പങ്ക് വലുതാണെന്നും, കുടുംബ ബന്ധങ്ങളുടെ കഥ പ്രേക്ഷകര്‍ക്കു മുന്‍പാകെ അവതരിപ്പിച്ച് വിജയിപ്പിക്കുന്നതില്‍ ആദിത്യന് പ്രത്യേക മികവുണ്ടായിരുന്നുവെന്നുമാണ് നിര്‍മാതാവ് രഞ്ജിത് പറഞ്ഞത്.