മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടിയാണ് മഹിമ. കന്മദം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടു വച്ച മഹിമ 75ഓളം ചിത്രങ്ങളും സീരിയലുകളും ചെയ്ത് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനും നിറഞ്ഞു നിന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ ചില തിരിച്ചടികള്‍ നടിയുടെ അഭിനയ ജീവിതത്തിന് തന്നെ വിലങ്ങു തടിയായി മാറുകയായിരുന്നു. ഇപ്പോള്‍ ഏറെക്കാലമായി അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്ന മഹിമ തന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയത് വൈറലാവുകയാണ്.
മഹിമയുടെ അച്ഛന്‍ ഒരു വലിയ സിനിമാ മോഹിയായിരുന്നു. അച്ഛന്റെ ആ പരമ്പര്യമാണ് മഹിമയ്ക്കും കിട്ടിയത്. അച്ഛന്റെ സുഹൃത്ത് വഴി ബിസ്‌ക്കറ്റിന്റെ ഒരു പരസ്യത്തില്‍ അഭിനയിച്ചു. അതിന് ശേഷം അഭിനയ മോഹം ശക്തമായി. അങ്ങനെ ഇരിക്കെയാണ് ലോഹിത ദാസ് സാറിനെ വിളിച്ച് അവസരം ചോദിച്ചത്. ആ സമയത്ത് ചില ടെലി ഫിലിമുകള്‍ ചെയ്യുന്നുണ്ടായിരുന്നു. കന്മദം എന്ന സിനിമയുടെ തിരക്കഥ എഴുതവേ മഹിമയുടെ ടെലിഫിലിം കണ്ടിട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് ആ കുട്ടിയ്ക്ക് ഒരു അവസരം കൊടുത്തു നോക്കൂ എന്ന് പറഞ്ഞത്.
അങ്ങനെയാണ് കന്മദത്തിലൂടെ മഹിമ അഭിനയരംഗത്തേക്ക് എത്തിയത്. കന്മദത്തില്‍ ഹിന്ദി അറിയാവുന്ന കന്നഡക്കാരിയായ ഗീത എന്ന കഥാപാത്രമായാണ് മഹിമ എത്തിയത്. ലാല്‍ അവതരിപ്പിച്ച ജോണ്‍ എന്ന കഥാപാത്രം പ്രണയം നടിച്ച് ഗീതയെ കൂട്ടി കൊണ്ട് വന്നെങ്കിലും ഉദ്ദേശം മനസിലാക്കുന്ന വിശ്വനാഥന് വീട്ടില്‍ കയറ്റിയിരുന്നില്ല. ഇതിന് പിന്നാലെ ജോണ്‍ അവളെ ഒരു മാര്‍വാടിക്ക് വില്ക്കുകയും ചെയ്യുന്നു. ഇത്രയും ഭാഗത്ത് മാത്രമാണ് മഹിമ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇതിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇന്ദ്രിയം, ദി ഫയര്‍, കണ്ണാടിക്കടവത്തിലെ ശോഭ, പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ കുഞ്ഞേലി, തുടങ്ങിയ സിനിമകളിലും മഹിമ അഭിനയിച്ചു. വിദേശി നായര്‍ സ്വദേശി നായര്‍ എന്ന ചിത്രത്തില്‍ മഹിമ നായികയായി തിളങ്ങിയിരുന്നു.
കൂടാതെ അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ റംല എന്ന കഥാപാത്രമായും മഹിമ ശ്രദ്ധ നേടിയിരുന്നു. അതേസമയം സിനിമയേക്കാള്‍ ഉപരി സീരിയലുകളിലൂടെയാണ് മഹിമ മലയാളി ആരാധകരെ സ്വന്തമാക്കിയത്. 75ഓളം സിനിമകളും സീരിയലുകളും ചെയ്ത മഹിമ ഇപ്പോള്‍ വര്‍ഷങ്ങളായി അഭിനയ രംഗത്തു നിന്നും മാറിനില്‍ക്കുകയാണ്. അതിനു കാരണമായത് ഈ രംഗത്തു നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളും അപകടങ്ങളുമാണ്.
രണ്ട് സീരിയലുകളുടെ ചിത്രീകരണത്തിനിടെ മഹിമയ്ക്ക് അപകടം സംഭവിച്ചിരുന്നു. അതിലൊന്ന് കണ്ണിന് സംഭവിച്ചതായിരുന്നു. ഇന്നും അതിന്റെ വേദന പേറിയാണ് മഹിമ ജീവിക്കുന്നത്. മഹിമയും അമ്മയായി അഭിനയിക്കുന്ന ഒരു നടിയും ചേര്‍ന്ന് തുണി അലക്കി പിഴിഞ്ഞ് ഇടുന്ന ഒരു രംഗമായിരുന്നു. കേബിളിന്റെ വള്ളി കൊണ്ടാണ് അഴ കെട്ടി വെച്ചിരുന്നത്. ആക്ഷന്‍ പറഞ്ഞതും ആ കേബിള്‍ വന്നു കണ്ണിലടിച്ചു. കണ്ണിന്റെ കൃഷ്ണമണിയോട് ചേര്‍ന്നാണ് കേബിള്‍ വന്നു കൊണ്ടത്. കുറച്ചു നേരത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാന്‍ കഴിഞ്ഞില്ല. ആദ്യം ഒരു നിസ്സാര സംഭവമെന്ന് കരുതി വിട്ടു കളഞ്ഞെങ്കിലും പിന്നീട് കണ്ണ് തുറക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടി. കണ്ണ് ചുവന്നു. വെള്ളം വരാന്‍ തുടങ്ങി.
ഒടുവില്‍ മഹിമ അങ്ങോട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറെ കാണാന്‍ വണ്ടി വിട്ടു തരികയും ചെയ്തു. താനും അമ്മയും കൂടിയാണ് ഡോക്ടറെ കാണാന്‍ പോകുന്നത്. ഒപ്പം വേറെ ആരും വന്നില്ല. തിരികെ വന്നതിനു ശേഷമാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഒരു വിശ്രമവും ലഭിച്ചില്ല. പിന്നീട് കുറച്ച് എപ്പിസോഡുകളില്‍ അതിന്റെ ഇംപാക്ട് കാണാന്‍ കഴിയുമായിരുന്നു. കാരണം കണ്ണ് നന്നായി ചുവന്നാണിരുന്നത്. നിരവധി ആശുപത്രികളില്‍ പോയി. ഒടുവില്‍ കണ്ണിന്റെ സ്പെഷലിസ്റ്റിനെ തന്നെ പോയി കാണേണ്ട സാഹചര്യം ഉണ്ടായി. ഇന്നും ആ കണ്ണിന് പ്രശ്നമുണ്ട്.
പിന്നീട് ഉണ്ടായത് ചില മോശം അനുഭവങ്ങളാണ്. മെഗാ സീരിയലുകളും സിനിമകളും എല്ലാം ചെയ്യുന്നുണ്ടായിരുന്നുവെങ്കിലും വലിയ സിനിമകള്‍ ഒന്നും വന്നില്ല. ഓഫറുകള്‍ ഒരുപാട് വരുന്നുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തെ കുറിച്ചും പേമന്റിനെ കുറിച്ചും സംസാരിച്ച് കഴിഞ്ഞാല്‍ പിന്നെ പറയുന്നത് അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ചാണ്. അതിനു താത്പര്യം ഇല്ല എന്ന് പറഞ്ഞാല്‍ പിന്നെ ശത്രുതയാണ്. മറ്റേതെങ്കിലും സിനിമയില്‍ അവസരം കിട്ടിയാലും അത് നഷ്ടപ്പെടുത്തികളയും. ഇതിനൊപ്പം കൂടെ അഭിനയിക്കുന്ന നടിമാരും പാരവെക്കും. എല്ലാ പ്രശ്നങ്ങളോടും അപ്പപ്പോള്‍ പ്രതികരിക്കുന്നതിനാല്‍ അഹങ്കാരി പട്ടവും മഹിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു കാര്യം നേടിയെടുക്കാന്‍ വേണ്ടി വ്യക്തിത്വം പണയപ്പെടുത്തരുത് എന്നാണ് അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുള്ളത്. അത് ഞാന്‍ പാലിക്കും, അത് കാരണം അവസരങ്ങള്‍ നഷ്ടപ്പെടും.