Latest News

ചെറുപ്പം മുതലേ വലിയ ഹോം സിക്‌നസ് ഒന്നും തോന്നിയിട്ടില്ല; നാട്ടിന്‍പുറത്താണ് ജനിച്ചതെങ്കിലും ചിട്ടവട്ടങ്ങളില്‍ ഒതുങ്ങി നില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു; വീട്ട് സങ്കല്‍പങ്ങളെകുറിച്ച് വാചാലയായി ഹിമ

Malayalilife
 ചെറുപ്പം മുതലേ വലിയ ഹോം സിക്‌നസ് ഒന്നും തോന്നിയിട്ടില്ല; നാട്ടിന്‍പുറത്താണ് ജനിച്ചതെങ്കിലും ചിട്ടവട്ടങ്ങളില്‍ ഒതുങ്ങി നില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു; വീട്ട് സങ്കല്‍പങ്ങളെകുറിച്ച് വാചാലയായി ഹിമ

തൃശൂര്‍ ജില്ലയിലെ കൊടകരയാണ് എന്റെ വീട്. അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരാണ് എന്റെ കുടുംബം. ഒരിടത്തരം വീടായിരുന്നു എന്റേത്. അച്ഛന്‍ ജോലിസംബന്ധമായി പുറത്തായിരുന്നു. വീട്ടില്‍ ഞാനും അമ്മയും അനിയനും മാത്രം. അഞ്ചു വയസ്സു മുതല്‍ എനിക്ക് സ്വന്തമായി ഒരു മുറിയുണ്ടായിരുന്നു. ആ മുറിയായിരുന്നു എന്റെ ലോകം.  വലിയ ഒരു കണ്ണാടിയുണ്ടായിരുന്നു ആ മുറിയില്‍. അതായിരുന്നു കുട്ടിക്കാലത്തെ എന്റെ അടുത്ത സുഹൃത്ത്. പിന്നെ ധാരാളം പുസ്തകങ്ങളും ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങളും.
ഞങ്ങളുടെ വീടിന്റെ സമീപം ഒരു കുന്നും വയലുമുണ്ട്.

അവിടെ പോയി ഒറ്റയ്ക്കിരിക്കുക, തോട്ടിലൂടെ വെള്ളം ഒഴുകുന്നത് ആസ്വദിക്കുക, ധാരാളം പുസ്തകങ്ങള്‍ വായിക്കുക...ഇതൊക്കെയായിരുന്നു ചെറുപ്പത്തിലെ പ്രധാന വിനോദങ്ങള്‍...

നാട്ടിന്‍പുറത്താണ് ജനിച്ചതെങ്കിലും അതിന്റെ ചിട്ടവട്ടങ്ങളില്‍ ഒതുങ്ങി നില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. ചെറുപ്പം മുതല്‍ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. അതിന്റെ പേരില്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്.  
ഡിഗ്രിക്ക് ശേഷം നാടകത്തോട് താല്‍പര്യം തോന്നി. പഠിക്കണമെന്ന് തോന്നി. വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നു. പിന്നെ വീട്ടില്‍നിന്നും മാറിനിന്നാണ് പിജി ചെയ്തത്. ചെറുപ്പം മുതലേ അങ്ങനെ വലിയ ഹോം സിക്‌നസ് ഒന്നും തോന്നിയിട്ടില്ല എന്നത് സഹായകരമായി. 

എനിക്ക് വീട് എന്നുപറയുന്നത് കുറച്ച് മുറികളുടെ കൂട്ടം എന്നതിലുപരി വ്യത്യസ്ത വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഇടങ്ങളുടെ സങ്കലനമാണ്. ഭാവിയില്‍ ഒരു വീട് വയ്ക്കുകയാണെങ്കില്‍ അങ്ങനെ കുറച്ച് ഇടങ്ങള്‍ എന്റെ വീട്ടില്‍ ഒരുക്കണം എന്നാണ് ആഗ്രഹം. ചിരിക്കാന്‍ ഒരിടം, കരയാന്‍ ഒരിടം, ചിന്തിക്കാന്‍ ഒരിടം...അങ്ങനെയങ്ങനെ...പിന്നെ എന്റെ വീക്‌നസ് കണ്ണാടികളാണ്. നമ്മള്‍ കരയുമ്പോള്‍ ചിരിക്കാത്ത ഒരേ ഒരുകാര്യം കണ്ണാടിയാണ്. വീട്ടിലെ ഓരോ ഇടങ്ങളിലും ഓരോ കണ്ണാടികള്‍ വയ്ക്കണം. പിന്നെ അടഞ്ഞ ഇടങ്ങളെക്കാള്‍ കാറ്റും വെളിച്ചവും കയറുന്ന തുറന്ന ഇടങ്ങള്‍ ഉണ്ടാകണം. 

അങ്ങനെ വലിയ ആഡംബരങ്ങള്‍ നിറഞ്ഞ വീടുകളോട് താല്‍പര്യമില്ല. നമുക്ക് നമ്മളായി ഇരിക്കാന്‍ കഴിയുന്ന ഇടമാകണം വീട്. ഞാനിപ്പോള്‍ ഒരു ആര്‍ട് സ്പേസ് തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ്. വീട് ഒരു നിമിത്തമാണ്. അതു സമയമാകുമ്പോള്‍ നമ്മളെ തേടിയെത്തട്ടെ...
 

Read more topics: # hima das about her life
hima das about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES