ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ ടൈറ്റില്‍ ട്രോഫി അനുമോള്‍ക്ക് സ്വന്തമായെങ്കിലും, ഷോയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട അധ്യായമാണ് അനീഷിന്റെ യാത്ര. ആദ്യമായി ഫിനാലെയില്‍ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്ത 'കോമണര്‍' എന്ന റെക്കോര്‍ഡ് കൂടിയാണ് അനീഷ് സ്വന്തമാക്കിയത്. ലക്ഷകണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അനീഷ് ബിഗ് ബോസില്‍ നിന്നും മടങ്ങുന്നത്.
കോമണര്‍ ആയതുകൊണ്ടാണ് അനീഷിനെ ജയിപ്പിക്കാഞ്ഞതെന്നും അനീഷിനോട് കാണിച്ചത് നീതി കേടാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.അനീഷിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയതിലൂടെ പരിപാടിയുടെ ക്രഡിബിലിറ്റി തന്നെയാണ് ഇല്ലാതായതെന്നും ഭൂരിഭാഗം പ്രേക്ഷകരും നിരീക്ഷിക്കുന്നു.
സര്‍ക്കാര്‍ ജോലിയില്‍ ലീവെടുത്ത് തയ്യാറടെപ്പ്.
വേറിട്ട വഴിയില്‍ അനീഷ് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന്, ആദ്യമായി ഫിനാലെയില്‍ എത്തുകയും ഫസ്റ്റ് റണ്ണറപ്പ് ആകുകയും ചെയ്യുന്ന 'കോമണര്‍' എന്ന റെക്കോര്‍ഡ് അനീഷ് സ്വന്തമാക്കി. തന്റെ സ്വപ്നത്തിനുവേണ്ടി ജോലി ഉപേക്ഷിച്ചെത്തിയ ഈ പോരാളി, പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ഒരധ്യായമാണ് ഈ സീസണില്‍ സമ്മാനിച്ചത്.
സാധാരണക്കാരുടെ പ്രതിനിധിയായി അനീഷ്മൈജി ഫ്യൂച്ചര്‍ കോണ്‍ടെസ്റ്റിലൂടെ മത്സരത്തില്‍ വിജയിയായാണ് അനീഷ് ബിഗ് ബോസ്സിലേക്ക് എത്തിയത്. മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്ന് വിഭിന്നമ്മായി ശാരീരീകമായും മാനസികവുമായി ഒരുങ്ങിയായിരുന്നു അനീഷിന്റെ വരവ്. തൃശൂര്‍ കോടന്നൂര് സ്വദേശിയായ അനീഷിന് ബാങ്കില്‍ ജോലിയുണ്ടായിരുന്നു.പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയ അനീഷ് അഞ്ച് വര്‍ഷം ലീവെടുത്ത് ബിഗ് ബോസിന് തയ്യാറാകുകയായിരുന്നു. പുരുഷന്‍മാരെ മാറ്റിനിര്‍ത്തുന്നത് അഡ്രസ് ചെയ്യപ്പെടേണ്ട വിഷയമാണെന്നും അത് ബിഗ് ബോസില്‍ ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞാണ് അനീഷ് തന്റെ ഗെയ്മുകള്‍ ആരംഭിച്ചത്. എഴുത്തുകാരന്‍ കൂടിയായ അനീഷ്,എന്‍ നേരം തുഴഞ്ഞ് എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
എഴുത്തിലും സംസാരത്തിലുമുള്ള അദ്ദേഹത്തിന്റെ കഴിവുകള്‍ പുറത്തുണ്ടായിരുന്നെങ്കിലും, വീട്ടിലെത്തി ആദ്യനാളുകളില്‍ അദ്ദേഹം ലാളിത്യം കൊണ്ടും വിനയം കൊണ്ടും ശ്രദ്ധ നേടി.അനീഷിന്റെ ശാന്തമായ പെരുമാറ്റം, കാര്യങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള കാഴ്ചപ്പാടുകള്‍, ചിന്തിച്ച് സംസാരിക്കുന്ന രീതി എന്നിവ തുടക്കത്തില്‍ തന്നെ അനീഷിന് ഒരു വിഭാഗം പ്രേക്ഷകരുടെ പിന്തുണ നേടിക്കൊടുത്തു.
ഈ സീസണിലെ ആദ്യത്തെ ക്യാപ്റ്റനും അനീഷ് ആയിരുന്നു. വീടിനകത്തെ മത്സരങ്ങള്‍ കടുപ്പമേറിയതോടെ അനീഷിന്റെ സ്വഭാവത്തിലെ ചില പ്രത്യേകതകള്‍ ചര്‍ച്ചയായി. ചില കാര്യങ്ങളില്‍ ഉറച്ച നിലപാടെടുക്കുകയും അത് ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്ന അനീഷിന്റെ രീതി ചിലര്‍ക്ക് വാശിയായി തോന്നിയെങ്കിലും, മറ്റ് ചിലര്‍ അനീഷിന്റെ ആത്മാര്‍ത്ഥതയായി ഇതിനെ കണ്ടു. വൈകാരികമായ പ്രതികരണങ്ങളും തര്‍ക്കങ്ങളും അനീഷിന്റെ യാത്രയില്‍ ധാരാളമുണ്ടായി.
കൂട്ടുകൂടും പക്ഷെ നിലപാടില്‍ മാറ്റമില്ല..സീസണ്‍ 7 ലെ ഒറ്റയാന്‍
വീടിനുള്ളില്‍ അനീഷ് ഒരു ഗ്രൂപ്പിന്റെ ഭാഗമായി കളിക്കുന്നതിനേക്കാള്‍ കൂടുതലും ഒറ്റപ്പെട്ട് കളിക്കുന്നു എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പലപ്പോഴും തനിച്ചുള്ള യാത്രയും സ്വയം പഴിക്കുന്ന രീതിയും കാരണം, 'ഒറ്റപ്പെടല്‍' സ്ട്രാറ്റജി കളിക്കുന്നു എന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ കളിയാക്കി. എന്നാല്‍, അനീഷിന്റെ ആരാധകര്‍ ഈ നിലപാടിനെ ആത്മാര്‍ത്ഥതയുടെയും തന്റേടത്തിന്റെയും ലക്ഷണമായി കണ്ടു. വീടിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അനീഷ് ശക്തമായി പ്രതികരിച്ചു. ചില സമയങ്ങളില്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നത് അനീഷിന് തിരിച്ചടിയായി. എങ്കിലും, ഭൂരിഭാഗം സമയത്തും തന്റെ വാദങ്ങളില്‍ യുക്തി കണ്ടെത്താന്‍ അനീഷ് ശ്രമിച്ചു.
ഷാനവാസുമായി കൂട്ടുകെട്ട് ഉണ്ടായെങ്കിലും ചില കാര്യങ്ങളിലെ വിയോജിപ്പ് ഷാനവാസിനോടും തുറന്നു പറഞ്ഞതോടെ ഒരുപോലെ വിമര്‍ശനവും പിന്തുണയും അനീഷിനെ തേടിയെത്തി. കുടെ നി ന്നവരെ പോലും അനീഷ് പിന്തുണയ്ക്കുന്നില്ലെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍ നിലപാടില്‍ മാറ്റമില്ലാത്ത അനീഷിന് കൈയ്യടിക്കുകയായിരുന്നു മറ്റൊരുവിഭാഗം. കൂടാതെ സഹമത്സരാര്‍ത്ഥിയായിരുന്ന അനുമോളുമായുള്ള അനീഷിന്റെ സൗഹൃദം ഹൗസിനുള്ളിലെ പ്രധാന ചര്‍ച്ചാവിഷയമായി. ഒരു ഘട്ടത്തില്‍ അനുമോളോട് അദ്ദേഹം വിവാഹാഭ്യര്‍ത്ഥന നടത്തുകയും അത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. അനുമോള്‍ ഈ പ്രൊപ്പോസലിനെ തമാശയായി കണ്ട് തള്ളിക്കളഞ്ഞെങ്കിലും, ഇത് അനീഷിന്റെ വൈകാരികമായ സത്യസന്ധതയായി പലരും വിലയിരുത്തി.
ഞാന്‍ കണ്ടു... കണ്ണടച്ച് കിടക്കുന്നത് ഞാന്‍ കണ്ടു ! സീസണിന്റെ വാചകം ബിഗ് ബോസിന്റെ ഒരോ അധ്യായത്തിലും ഒന്നോ അതില്‍ക്കൂടുതലോ മത്സരാര്‍ത്ഥികളുടെ സംഭാഷണം വൈറലാകാറുണ്ട്. അത്തരത്തില്‍ ഈ സീസണില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത് അനീഷിന്റെ വാക്കുകള്‍ ആയിരുന്നു. അനീഷിന്റെ ഒരു സംഭാഷണ ശകലം വീട്ടിലും പുറത്തും വന്‍ തരംഗമായി മാറി. സഹമത്സരാര്‍ത്ഥിയായിരുന്ന രേണു സുധിയോടുള്ള സംസാരത്തിനിടെ അനീഷ് പറഞ്ഞ ''കണ്ണടച്ചു കിടക്കുന്നത് ഞാന്‍ കണ്ടു!'' എന്ന ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ മീമുകളും റീമിക്സുകളുമായി നിറഞ്ഞു. ഈ ഒറ്റവരി, അനീഷിനെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ പരിചിതനാക്കി.
ഇപ്പോള്‍ അനുയോജ്യമായ പല അവസരങ്ങളിലും മലയാളി എടുത്ത് പ്രയോഗിക്കുന്ന വാചകമായി മാറി ഇത്. സാധാരണക്കാരന്റെ പ്രതിനിധി ഒരു സെലിബ്രിറ്റി പരിവേഷവുമില്ലാതെയാണ് അനീഷ് ബിഗ് ബോസ് വീട്ടിലെത്തിയത്.ഫൈനല്‍ റൗണ്ടില്‍ എത്തിയതോടെ അനീഷിന്റെ ജനപിന്തുണ വര്‍ധിച്ചിരുന്നു. 'സാധാരണക്കാരന്‍' എന്ന പ്രതിച്ഛായയും, തന്റെ സ്വപ്നത്തിനായി ജോലി ഉപേക്ഷിച്ച കഥയും, വീടിനുള്ളിലെ നിഷ്‌കളങ്കമായ ഇടപെടലുകളും അനീഷിന് വലിയ വോട്ടിങ് ബലം നല്‍കി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സാധാരണക്കാരന്‍ ടൈറ്റില്‍ വിന്നറാകുമോ എന്ന ആകാംഷ പ്രേക്ഷകര്‍ക്കിടയില്‍ ഉയര്‍ത്തിയത് അനീഷാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട, വൈകാരികമായ ആത്മാര്‍ത്ഥതയുടെയും ഉറച്ച നിലപാടുകളുടെയും ഒരു ഉദാഹരണമാണ് അനീഷിന്റെ യാത്ര. വിജയിയായാലും ഇല്ലെങ്കിലും, അദ്ദേഹം ഈ ഷോയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയും പ്രേക്ഷകരുടെ മനസ്സില്‍ ഒരു സാധാരണക്കാരന്റെ പ്രതിനിധിയായി മാറിയെന്നതിലും സംശയമില്ല. അനീഷ് മനസ് തുറന്നപ്പോള്‍ മത്സരം പാതി പിന്നിട്ടപ്പോഴെ ഫൈനല്‍ ഫൈവില്‍ ആരൊക്കെ എത്തും എന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ ഒന്നാമതായി പറഞ്ഞ പേരാണ് കോമണര്‍ ആയി വന്നു പ്രേക്ഷകരുടെ മനസിലേക്ക് കയറിക്കൂടിയ തൃശൂര്‍ സ്വദേശി അനീഷ്. തീര്‍ത്തും തുറന്ന പുസ്തകം പോലെയാണ് അനീഷിന്റെ ജീവിതം . വ്യക്തമായ അഭിപ്രായങ്ങള്‍, കാര്യങ്ങളില്‍ കാണിക്കുന്ന സത്യസന്ധത വ്യക്തിത്വം ഇതൊക്കെ തന്നെയാണ് അനീഷിനെ പ്രേക്ഷകര്‍ ചുരുങ്ങുങ്ങിയ സമയം കൊണ്ട് സ്വീകരിക്കാന്‍ കാരണം
ഒരു സെലിബ്രിറ്റിക്ക് കിട്ടേണ്ട സ്വീകരണം തന്നെയാണ് അനീഷിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. അനീഷ് കണിശക്കാരന്‍ ആണ് പിടിവാശിക്കാരന്‍ ആണ് എന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുമ്പോളും അനീഷ് എന്ന മത്സരാര്‍ത്ഥിയെ പേടിക്കുന്ന സഹമത്സരാര്ഥികളെയും കാണാം. അനീഷിനെ മാനസികമായി തകര്‍ക്കാന്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ ജീവിതം പോലും എടുത്തു ചര്‍ച്ച ആക്കിയപ്പോഴും അദ്ദേഹം സംയമനത്തോടെ കാര്യങ്ങള്‍ നോക്കി കണ്ടു. ഏറ്റവും ഒടുവില്‍ ആദില മനഃപൂര്‍വ്വം അദ്ദേഹത്തെ അവഹേളിച്ചപ്പോഴും അനീഷ് ക്ഷമയോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതും മലയാളികള്‍ കണ്ടതാണ്. അദ്ദേഹത്തിന്റെ ഈ വ്യക്തിത്വം തന്നെയാണ് ആരാധകരുടെ ആകാംഷ കൂട്ടുന്നതും. മോഹന്‍ലാല്‍ പങ്കെടുക്കുന്ന എപ്പിസോഡുകളില്‍ അനീഷിനോട് അദ്ദേഹം പെരുമാറുന്ന രീതിയെക്കുറിച്ചും ആളുകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അനീഷിന്റെ ഈ വ്യക്തിത്വം തന്നെയാകാം അനീഷിനോട് ലാലേട്ടന് ഒരു വാത്സല്യം നിറഞ്ഞ സ്നേഹം കാണിക്കാന്‍ കാരണമെന്നും ബിഗ് ബോസ് പ്രേമികള്‍ പറയുന്നു.
ഞാന്‍ ഇവിടെ വന്നിട്ട് ഇതേ വരെ നുണ പറഞ്ഞിട്ടില്ല എന്നതാണ് എന്റെ വിശ്വാസം ..എനിക്കങ്ങനെ നുണ പറയാന്‍ കഴിയില്ല . പിന്നെ രാത്രി ലൈറ്റണച്ചാല്‍ ഞാന്‍ നേരത്തെ കിടന്നുറങ്ങും .. കാരണം .. ലൈറ്റണച്ച് കഴിഞ്ഞാലാണ് ഇവിടെ പല തരം ഗോസിപ്പുകളും ഉണ്ടാകുന്നത് .. എനിക്കതിലോന്നും ഉള്‍പ്പെടാന്‍ താല്‍പര്യമില്ല .പിന്നെ ഞാന്‍ ശരിക്കും ഒരു കഠിന ഹൃദയനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . പക്ഷേ ഇവിടെ വന്നപ്പോള്‍ ഇവരെ കണ്ടപ്പോള്‍ അതെല്ലാം മാറിയ പോലെ ഒരു തോന്നല്‍ ..എന്ന് അനീഷ് പറയുമ്പോള്‍ നിങ്ങള്‍ നല്ലൊരു വ്യക്തിയാണ് അനീഷ് .. ചുമ്മ ഫേക്കായി നന്‍മമരം കളിക്കാത്ത ഒരു സൗഹൃദത്തിലായാലും സംഭാഷണത്തിലായാല്‍ പോലും ജനുവിനായി നില്‍ക്കുന്ന നല്ല സഭ്യത പാലിക്കുന്ന വ്യക്തി . നിങ്ങളെ എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്രമേല്‍ സ്നേഹിക്കുന്നത് എന്നതിന്റെ ഉത്തരമാണ് അനീഷ് നിങ്ങളുടെ വ്യക്തിത്വം എന്ന് പറയുന്ന ഒരു കുറിപ്പാണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
നൂറ് ദിവസത്തെ കഠിനമായ മത്സരവും വൈകാരികമായ നിമിഷങ്ങളും പൂര്‍ത്തിയാക്കി പുറത്തുവരുമ്പോള്‍, അനീഷിനെ കാത്തിരുന്നത് ആരാധകരുടെ നിറഞ്ഞ സ്‌നേഹം മാത്രമല്ല, വിലപ്പെട്ടതും ആകര്‍ഷകവുമായ നിരവധി സമ്മാനങ്ങള്‍ കൂടിയാണ്.
പുറമെ, സര്‍പ്രൈസ് സമ്മാനമായി, ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്‌സി ഫോള്‍ഡ് 7 (Galaxy Z fold 7 ) മൊബൈല്‍ ഫോണും അനീഷിന് ലഭിച്ചു.
മറ്റെല്ലാ മത്സരാര്‍ത്ഥികളെയും പോലെ, ബിഗ് ബോസ് വീട്ടില്‍ ചെലവഴിച്ച നൂറ് ദിവസത്തെ പ്രതിഫലവും അനീഷിന് ലഭിക്കും. ഓരോ ആഴ്ചയും നിശ്ചയിച്ചിട്ടുള്ള ഈ പ്രതിഫലം, 100 ദിവസത്തേക്ക് കണക്കാക്കുമ്പോള്‍ ലക്ഷങ്ങള്‍ വരും.