തമിഴ്നാടിന്റെ പുരട്ചി തലൈവി ജയലളിതയുടെ മരണത്തിന് പിന്നാലെ തന്നെ ഇവരുടെ ജീവിതം വെള്ളിത്തിരയിലെത്തുമെന്ന വാർത്ത പുറത്ത് വരാൻ തുടങ്ങിയതാണ്. ആദ്യം സംവിധായകൻ എ എൽ വിജയ് ചിത്രം പ്രഖ്യാപിച്ച് രംഗത്തെത്തിയെങ്കിലും ഇപ്പോഴിതാ പ്രമുഖ സംവിധായകൻ ഭാരതിരാജയും, നവാഗത സംവിധായിക പ്രിയദർശിനിയും ഇക്കാര്യം അറിയിച്ചതോടെ തമിഴിൽ മൂന്ന് പേരാണ് ജയലളിതയുടെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നതെന്ന സൂചനയാണ് പുറത്ത് വരുന്നത്.
ഭാരതിരാജയും ഒരുക്കുന്ന ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തിയേക്കാമെന്നും സൂചനയുണ്ട്.അമ്മ-പുരട്ചി തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആദിത്യ ഭരദ്വാജായിരിക്കും. ഇരുവരും തമ്മിൽ കരാറായി. ചിത്രത്തിന് സംഗീതം ഒരുക്കാൻ ഭാരതിരാജയും ആദിത്യയും ഇളയരാജയുമായി കൂടിക്കാഴ്ച നടത്തി.സിനിമയെക്കുറിച്ച് വല്ലാത്ത വൈകാരികതയോടെയാണ് ഭാരതിരാജാ സാർ സംസാരിക്കുന്നത്. നേരത്തെ താത്കാലികമായി പുരട്ചി തലൈവിഎന്ന പേര് നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് അതിന് മുമ്പായി അമ്മ എന്നു കൂടി ചേർക്കാൻ അദ്ദേഹമാണ് നിർദ്ദേശിച്ചത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഏകദേശം പൂർത്തിയായി. ഡിസംബറോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ ജയലളിതയുടെ വേഷത്തിലേക്ക് പരിഗണിക്കുന്നത് അനുഷ്‌ക ഷെട്ടിയേയും ഐശ്വര്യ റായിയേയുമാണെന്നും ചർച്ചകൾ നടക്കുകയാണെന്നും ആദിത്യ പറയുന്നു.ചിത്രത്തിൽ എംജിആർ, ശശികല എന്നീ കഥപാത്രങ്ങളും ഉണ്ടാകും. എംജിആറിന്റെ വേഷത്തിലേക്ക് മോഹൻലാലിനേയും കമൽഹാസനേയുമാണ് പരിഗണിക്കുന്നതെന്നും എന്നാൽ ഇതുവരെ ഒന്നും തീരുമാനിച്ചില്ലെന്നും ആദിത്യ പറയുന്നു.
നേരത്തേ സംവിധായകൻ വിജയ്യും ജയലളിതയുടെ ജീവിതം ആസ്പദമാക്കി ചിത്രമൊരുക്കുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. പുരട്ചി തലൈവിയുടെ കഥാപാത്രമാകാൻ നയൻതാരയേയും വിദ്യാ ബാലനേയുമാണ് പരിഗണിക്കുന്നതെന്നായിരുന്നു പുറത്തു വന്നിരുന്ന വാർത്തകൾ.മദ്രാസിപട്ടണം, ദൈവത്തിരുമകൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ എ.എൽ വിജയാണ് സിനിമ സംബന്ധിച്ച് ആദ്യ ഔദ്യോഗിക അനൗൺസ്‌മെന്റ് നടത്തിയിരിക്കുന്നത്.
ഇതിനു തൊട്ടു പിന്നയാണ് നവാഗത സംവിധായികയായ പ്രിയദർശിനിഎത്തിയത്, സംവിധായകൻ മിഷ്‌കിന്റെ അസോസിയേറ്റാണ് പ്രിയദർശിനി. ജയലളിതയായി ഖുശ്‌ബു എത്തുമെന്നാണ് അറിയുന്നത്. ജയലളിതയുമായുള്ള ഖുശ്‌ബുവിന്റെ രൂപ സാദൃശ്യമാണ് അവരെ തിരഞ്ഞെടുക്കാൻ കാരണമെന്നും അറിയുന്നു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ഔദ്യോഗിക പ്രഖ്യാപനം നടക്കും.