മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. പരമ്പര അവസാനിച്ചെങ്കിലും അതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസുകളിലുണ്ട്. സുമിത്രയ്ക്കും രോഹിത്തിനും ഒപ്പം ഇവരുടെ കല്യാണത്തിന് ചുക്കാന്‍ പിടിച്ച കൂട്ടുകാരി നിലീനയേയും ആരാധകര്‍ എന്നും ഓര്‍ത്തിരിക്കും. വല്ലപ്പോഴും പരമ്പരയില്‍ വന്നു പോകുന്ന കഥാപാത്രമാണെങ്കിലും നിലീന പ്രേക്ഷകപ്രിയം നേടിയിരുന്നു. ഇപ്പോഴിതാ, നിലീനയുടെ യഥാര്‍ത്ഥ ജീവിതമാണ് ആരാധകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള നടിയുടെ യഥാര്‍ത്ഥ പേര് ബിന്ദു പങ്കജ് എന്നാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും എല്ലാം സീരിയലുകളുമായി തിരക്കിലാണ് ബിന്ദു ഇപ്പോള്‍.
കണ്ണൂര്‍ സ്വദേശിയാണ് ബിന്ദു പങ്കജ്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശിയും ഡിവൈഎസ്പിയും വൊളിബോള്‍ പരിശീലകനും ഒക്കെയായ അശോകന്‍ ചെമ്പാടന്‍ ആണ് ബിന്ദുവിന്റെ ഭര്‍ത്താവ്. അഞ്ചു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് പൊലീസ് ഉദ്യോഗത്തില്‍ നിന്നും വിരമിച്ചത്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഗായത്രി അശോകനും ഗൗതം അശോകും. മകന്‍ ആസ്‌ട്രേലിയയിലെ പഠനം കഴിഞ്ഞ് ജോലി നോക്കുകയാണ്. മകള്‍ ഗായത്രി ഇപ്പോള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് എത്തിയത് സിനിമയിലേക്കാണ്.
മലയാളികള്‍ക്ക് എല്ലാം പരിചിതയാണ് ഗായത്രി. ബാലു വര്‍ഗീസ് നായകനായ ലഡുവില്‍ നായിക ആയി എത്തിയ ഗായത്രി ബിന്ദുവിന്റെ മകളാണെന്ന് അധികമാര്‍ക്കും അറിയുമായിരുന്നില്ല. ഗായത്രി അറിയാതെ ബിന്ദുവാണ് ഒഡിഷനുവേണ്ടി മകളുടെ ഫോട്ടോയും വിവരങ്ങളും അയച്ചു നല്‍കിയിരുന്നത്.
'ലഡു' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഗായത്രി സ്റ്റാര്‍, മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. മഞ്ജു വാരിയര്‍ പ്രധാന വേഷത്തിലെത്തിയ 'ഫൂട്ടേജി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ ഗായത്രിയുടെ ലുക്കും വൈറലായിരുന്നു. ഇപ്പോള്‍ അമ്മയുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവച്ചുള്ള ചിത്രം വൈറലായപ്പോഴാണ് ബിന്ദുവിന്റെ മകളാണ് ഗായത്രിയെന്ന വിശേഷവും ആരാധകരിലേക്ക് എത്തിയത്. ഒട്ടനവധി പരമ്പരകളുടെ ഭാഗം ആയിരുന്നു ബിന്ദു എങ്കിലും നിലീന ആയി എത്തിയതോടെയാണ് നിറഞ്ഞ കൈയ്യടി താരത്തിന് ലഭിക്കുന്നത്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും ബിന്ദു ഭാഗം ആയിട്ടുണ്ട്. കുടുംബവിളക്കിലെ ബിന്ദുവിന്റെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സുമിത്രയുടെ വലം കൈ ആയി പരമ്പരയില്‍ തിളങ്ങിയ നിലീന ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഗീതാഞ്ജലിയിലും അഭിനിയിക്കുന്നുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മികച്ച സ്വീകരണം ലഭിച്ച നിലീന കണ്ണൂര്‍ സ്വദേശിയാണെങ്കിലും ആലുവയില്‍ ആണ് ഇപ്പോള്‍ താമസം. അമ്മ ബിന്ദു പങ്കജിന്റെ പിറന്നാള്‍ മകള്‍ ആഘോഷമാക്കുകയും പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തപ്പോള്‍ നടി ദിവ്യപ്രഭ, മീര വാസുദേവന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ബിന്ദുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.