ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് രാജീവ് പരമേശ്വരന്‍. മലയാള സീരിയലുകളില്‍ നിന്നും രണ്ടു വര്‍ഷമായി ഇടവേള എടുത്തിരിക്കയാണ് താരം. തമിഴില്‍ സൂപ്പര്‍ ഹിറ്റ് സീരയിലായ മൗന രാഗത്തില്‍ നായകനായി അഭിനയിക്കുന്നതിന്റെ തിരക്കിലാണ് രാജീവ്. മൗന രാഗം എന്ന സീരിയല്‍ മലയാളത്തിലെ ഹിറ്റ് സീരിയലായ വാനമ്പാടിയുടെ തമിഴ് പതിപ്പാണ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് ശ്രമിക്കുന്നതിനാലാണ് താന്‍ സീരിയലില്‍ നിന്നും ഇടവേളയെടുത്തതെന്നും തമിഴിലും മറ്റു സീരിയലുകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും സിനിമയാണ് തന്റെ ലക്ഷ്യമെന്നും താരം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
സാധാരണ സീരിയല്‍ താരങ്ങള്‍ പുറത്തു പോകുമ്പോള്‍ ആരാധകര്‍ സംസാരിക്കയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. തങ്ങളെ കഥാപാത്രങ്ങളായി കണ്ടാണ് പലരും അനുഭവങ്ങള്‍ പങ്കുവയ്ക്കാറുളളതെന്ന് താരങ്ങള്‍ പറയാറുണ്ട്. അത്തരത്തില്‍ ജീവിതത്തിലുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് രാജീവ് പരമേശ്വറും വ്യക്തമാക്കിയിരിക്കയാണ്.
കാവ്യാഞ്ജലി എന്ന സീരിയലില്‍ ചെറിയ മാനസിക പ്രശ്‌നമുള്ള സൂരജ് എന്ന കഥാപാത്രമായാണ് രാജീവ് അഭിനയിച്ചത്. അതുമായി ബന്ധപ്പെട്ട് മറക്കാനാകാത്തൊരു അനുഭവമാണ് താരം പങ്കുവച്ചത്. ഒരിക്കല്‍ താന്‍ പാലക്കാട് കോട്ടയ്ക്കകത്തുള്ള ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ പോയി. തൊഴുതു തിരിച്ചിറങ്ങുമ്പോള്‍, ഒരു സ്ത്രീ തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ അടുത്തു വന്ന്, ''എന്റെ മകന്‍ കാറിലുണ്ട്, ഒന്നു വന്നു കാണുമോ'' എന്നു ചോദിച്ചു. താന്‍ പോയി കണ്ടുവെന്നും രാജീവ് പറയുന്നു. ആ സീരിയലില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അതേ അവസ്ഥയില്‍ ഒരു ചെറുപ്പക്കാരന്‍. അതിനെക്കാളും അതിശയമായത് സീരിയലിലെ തന്റെ പേരു തന്നെയാണ് അവനുമെന്നതാണ്. ആ സീരിയലില്‍ തന്റെ രോഗം മാറുന്നതായാണ് കാണിച്ചത്. അത് കണ്ട ആ അമ്മ തന്റെ മകന്റെ രോഗവും മാറുമായിരിക്കുമല്ലേ എന്ന് തന്നോടു ചോദിച്ചതായി രാജീവ് പറയുന്നു. തന്റെ മനസ്സിനെ വല്ലാതെ നീറ്റിയ ഒരു സംഭവമാണ് അതെന്നും രാജീവ് വ്യക്തമാക്കി.
19 വര്‍ഷത്തോളമായി മലയാള സിനിമ സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായ ഈ ചെറുപ്പക്കാരന്‍ മുപ്പതോളം ടെലിവിഷന്‍ പരമ്പരകള്‍, പത്തോളം സിനിമകള്‍, ടെലിഫിലിമുകളും ആല്‍ബങ്ങളും പരസ്യ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ 'പാപ്പി അപ്പച്ചാ'യിലെ വില്ലാനായി രാജീവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശൂര്‍ കൈപ്പമംഗലത്താണ് രാജീവ് ജനിച്ചു വളര്‍ന്നതും ഇപ്പോഴും ജീവിക്കുന്നതും. ക്യാമറയുടെ മുന്നില്‍ നിന്നു മാറിയാല്‍, സമയം കിട്ടുമ്പോഴൊക്കെ നാട്ടിലേക്കോടിയെത്തുന്ന തനി തൃശൂര്‍കാരന്‍. നാടും കുടുംബവും കൂട്ടുകാരുമൊക്കെയാണ് ഇപ്പോഴും രാജീവിന്റെ ലോകവും സന്തോഷവും. ഈസ്റ്റ് കോസ്റ്റിന്റെ 'നിനക്കായ്' എന്ന ആല്‍ബത്തില്‍ 'ഒന്നിനുമല്ലാതെ...' എന്ന പാട്ടില്‍ അഭിനയിച്ചതോടെയാണ് രാജീവ് പരമേശ്വറിനെ ആളുകള്‍ കൂടുതലായി തിരിച്ചറിഞ്ഞു തുടങ്ങിയത്. ആദ്യ സീരിയല്‍പ്രേയസി' യാണ്, അതില്‍ ഒരു ചെറിയ കഥാപാത്രമായിരുന്നു. ആദ്യമായി ഒരു പ്രധാന വേഷം ചെയ്യുന്നത് 'മരുഭൂമിയില്‍ പൂക്കാലം' എന്ന സീരിയലിലാണ്. പിന്നീട് കെ.കെ രാജീവ് സാറിന്റെ 'വേനല്‍മഴ'യിലും ഷിബു ചേട്ടന്റെ 'ഊമക്കുയിലി'ലും പ്രധാന വേഷം ചെയ്തു.. ഓമനത്തിങ്കള്‍ പക്ഷി', 'കാവ്യാഞ്ജലി', 'മാനസപുത്രി' തുടങ്ങിയവ രാജീവിന്റെ കരിയറില്‍ വലിയ നേട്ടമുണ്ടാക്കിയ സീരിയലുകളാണ്. മലയാളത്തില്‍ ഒടുവില്‍ ചെയ്തത് 'ചേച്ചിയമ്മ'യാണ്.ഭാര്യ ദീപയും കുടുംബവുമാണ് എന്റെ കരുത്ത്. മൂത്ത മകള്‍ ശിവന്യ ആറാം ക്ലാസിലും മകന്‍ അഥര്‍വ് ഒന്നാം ക്ലാസിലും പഠിക്കുന്നു.